കങ്കുവയ്ക്ക് ശേഷം സൂര്യയുടേതായി എത്തിയ കാർത്തിക് സുബ്ബരാജ് ചിത്രമായിരുന്നു ‘റെട്രോ’. സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സംസാരിക്കവേ നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ മികച്ചൊരു നടനല്ലെന്നും സഹോദരൻ കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ലെന്നും സൂര്യ പറഞ്ഞു.
സംവിധായകൻ കാർത്തിക് സുബ്ബരാജ്, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ എന്നിവരുമൊത്തുള്ള ‘റെക്ടാംഗിൾ ടേബിൽ ഡിസ്‌കഷനി’ലാണ് സൂര്യ മനസു തുറന്നത്. ‘ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാവാം. പക്ഷേ ബാല സാറിൽനിന്ന് പഠിച്ച പാഠങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു.
ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല. ഞാൻ ആത്മാർഥമായാണ് പ്രയത്‌നിക്കുന്നത്. മെയ്യഴകൻ പോലെ ഒരു ചിത്രമെടുത്താൽ എനിക്ക് കാർത്തിയാവാൻ പറ്റില്ല. എനിക്ക് മെയ്യഴകൻ ചെയ്യാൻ പറ്റില്ല’ എന്നാണ് താരം അഭിപ്രായപ്പെട്ടത്.
കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. രണ്ട് പേരുടെ കഥ പറയുന്ന ചിത്രം ഉപാധികളില്ലാത്ത പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായില്ല.
അതേസമയം, സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിച്ച സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന റെട്രോയിൽ സൂര്യയുടെ ഒരു ഗംഭീര തിരിച്ചു വരവ് ആണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും കേരളത്തിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായിക ആയത്. ജോജു ജോർജ്, ജയറാം എന്നിവർക്ക് പുറമെ സുജിത് ശങ്കർ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.