ഒമർ ലുലു സംവിധാനം ചെയ്‌ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് നടി റോഷ്‌ന ആൻ റോയി. 2020 നവംബറിലായിരുന്നു റോഷ്‌നയുടെ വിവാഹം. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിനെയാണ് റോഷ്‌ന വിവാഹം ചെയ്തത്. ഇപ്പോഴിതാ അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചിതരായി എന്ന വാർത്ത പങ്കുവെക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ റോഷ്‌ന തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഒരുമിച്ച് ചിലവഴിച്ച 5 മനോഹര വർഷങ്ങൾക്ക് ശേഷം, ഇരുവരും സ്നേഹത്തോടും ബഹുമാനത്തോടും കൂടി വഴി പിരിയാൻ തീരുമാനിച്ചുവെന്ന് റോഷ്‌ന കുറിച്ചു. സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കാൻ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നതെന്നും ഇതു വെളിപ്പെടുത്താൻ ശരിയായ സമയം ഇതെന്നു തോന്നിയെന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ചിലർക്ക് സന്തോഷമായേക്കാമെന്നും അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നുവെന്നും താരം പറയുന്നുണ്ട്.
റോഷ്‌നയുടെ വാക്കുകൾ
‘സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കാൻ വേണ്ടിയല്ല ഞാനിക്കാര്യം പറയുന്നത്. പക്ഷേ, ഇതു വെളിപ്പെടുത്താൻ ശരിയായ സമയം ഇതെന്നു തോന്നി. ഞങ്ങൾ രണ്ടു പേരും ജീവനോടെ ഉണ്ട്, രണ്ട് വ്യത്യസ്തമായ വഴികളിലൂടെ സമാധാനത്തോടെ ഞങ്ങൾക്ക് ജീവിതം തുടരേണ്ടതുണ്ട്. ശരിയാണ്, എന്തു പറഞ്ഞാലും രക്തബന്ധമാണല്ലോ എല്ലാത്തിലും വലുത്! അതുകൊണ്ടാണ് ഞാൻ വഴി മാറിയത്. നിങ്ങൾ ആഗ്രഹിക്കുന്ന ഇടം നൽകുകയും ചെയ്തു. ഞാൻ സ്വതന്ത്രയാണ്. അദ്ദേഹം സ്വതന്ത്രനാണ്. എല്ലാവർക്കും ഞാൻ സമാധാനം ആശംസിക്കുന്നു. ഇക്കാര്യം പുറത്തു വന്നു പറയുക എന്നത് എളുപ്പമായിരുന്നില്ല. ചിലർക്ക് സന്തോഷമായേക്കാം. അവരുടെ ആ സന്തോഷം തുടരട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.’