ഉര്‍വശി തനിക്ക് ഇപ്പോഴും തമാശക്കാരിയായ ‘പൊടി’ തന്നെയാണെന്ന് ശോഭന. കൊച്ചി വിമാനത്താവളത്തില്‍ വച്ച് അപ്രതീക്ഷിതമായി ഇരുവരും കണ്ടുമുട്ടിയ ചിത്രമാണ് ശോഭന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഉര്‍വശിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണിത്. മലയാളികളുടെ എവര്‍ഗ്രീന്‍ നായികമാരെ ഏറെക്കാലത്തിന് ശേഷം ഒന്നിച്ച് കാണാനായതിന്റെ കൗതുകത്തിലാണ് ആരാധകര്‍.
”കൊച്ചിയിലേക്ക് ഇത്രയധികം വിമാനയാത്രകള്‍ നടത്തിയിട്ടുള്ളതെങ്കിലും ഇതുവരെ ഉര്‍വശി ജിയെ കാണാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവള്‍ ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ ‘പൊടി’ തന്നെയാണ്. ഫോണ്‍ നമ്പര്‍ സേവ് ചെയ്യാന്‍ ഞങ്ങള്‍ പരസ്പരം മൊബൈലുകള്‍ തിരയുകയായിരുന്നു.”
”ഇതൊരു വൈകാരിക നിമിഷമായിരുന്നു. അവള്‍ ആരെയും അതിശയിപ്പിക്കുന്ന നടിയാണ്” എന്നാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, നൃത്തവും പരിപാടികളുമായി തിരക്കിലായ ശോഭന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്.
ഈ ചിത്രത്തില്‍ കാമിയോ റോളില്‍ ഉര്‍വശിയും എത്തിയിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. നാല്‍ക്കവല, മുക്തി, ക്ഷമിച്ചു എന്നൊരു വാക്ക് തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് എത്തിയിട്ടുണ്ട്.