അന്തരിച്ച നടൻ ഷാനവാസിനെ കുറിച്ചുളള ഓർമ്മ പങ്കുവച്ച് നടനും എംഎൽഎയുമായ മുകേഷ്. ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ താൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്ന് മുകേഷ് പറയുന്നു. അസുഖ ബാധിതനായി കിടക്കുമ്പോൾ ഷാനവാസിനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുളള മുകേഷിന്റെ പോസ്റ്റ് വന്നത്.
“ആദരാഞ്ജലികൾ… ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്.. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം.. അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു”, മുകേഷ് ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഷാനവാസിന്റെ അന്ത്യം. കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. 50ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.