ബെല്‍സ് പാള്‍സി രോഗത്തെ തുടര്‍ന്ന് നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍ ആയിരുന്നു. മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോഗത്തെ തുടര്‍ന്ന് താരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. രോഗം ഭേദമായതോടെ ഷോകളില്‍ അടക്കം താരം തിരിച്ചു വന്നു കഴിഞ്ഞു.
രോഗത്തെ കുറിച്ച് മിഥുന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു രണ്ട് മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കോമഡി ഉത്സവത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്‌നങ്ങള്‍ തോന്നുന്നുണ്ടായിരുന്നു.
കണ്ണ് അടയാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാന്‍ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാലഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല. യാത്രകള്‍ മുഴുവന്‍ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആദ്യം അസ്വസ്ഥതകള്‍ മൈന്‍ഡ് ചെയ്തില്ല. ഉറക്കക്കുറവിന്റെ പ്രശ്‌നമായിരിക്കും വൈകുന്നേരമാകുമ്പോള്‍ ശരിയാകുമെന്ന് കരുതി. പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും അസ്വസ്ഥതകള്‍ കൂടി. ആശുപത്രിയില്‍ കാണിക്കാന്‍ പലരും പറഞ്ഞിട്ടും മൈന്‍ഡ് ചെയ്തില്ല.
പിറ്റേന്ന് രാവിലെ വിതുരയിലുള്ള ഒരു ആശുപത്രിയില്‍ കാണിച്ചു. അവിടുത്തെ ഡോക്ടര്‍ പേടിച്ചിട്ട് മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ പറഞ്ഞു. മുഖം കോടിയിരുന്നു. ഉടന്‍ ആശുപത്രിയില്‍ കാണിച്ചു. എംആര്‍ഐ എടുത്തു. മൊത്തം സര്‍വീസ് ചെയ്ത് ഇറങ്ങി.
ഈ അസുഖം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മരുന്ന് നമ്മള്‍ കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേര്‍ക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാന്‍ പറ്റാതെയാകും. ഒരു കാരണം സ്‌പെസിഫിക്കായി ഈ അസുഖത്തിന് പറയാന്‍ പറ്റില്ല എന്നാണ് മിഥുന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.