താൻ അഭിനയിച്ച ‘ആജ് കി രാത്ത് കാണുമ്പോൾ മാത്രമേ തങ്ങളുടെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് അമ്മമാർ പറയാറുണ്ടെന്ന് നടി തമന്ന. തന്റെ സിനിമകളുടെയും ഗാനങ്ങളുടെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് ‘ദി ലല്ലൻടോപ്പിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
എന്നാൽ ഈ പരാമർശം അമ്മമാരെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്ന് ഷോയുടെ അവതാരകൻ അഭിപ്രായപ്പെട്ടു. ഒരു കുട്ടിക്ക് ഭക്ഷണം കഴിക്കുമ്പോൾ തന്റെ പാട്ട് കാണണം എന്നുണ്ടെങ്കിൽ അങ്ങനെയാവട്ടെ എന്നാണ് അവർ ഇതിന് മറുപടിയായി പറഞ്ഞത്.
ഒന്നോ രണ്ടോ വയസ്സിൽ അവർക്ക് എന്ത് വരികളാണ് മനസ്സിലാകാൻ പോകുന്നതെന്നും തമന്ന ചോദിച്ചു. അതിൽ സംഗീതമുണ്ട്. നമ്മൾ സിനിമകൾ മറക്കും പക്ഷേ പാട്ടുകൾ ഓർക്കും. അതാണ് വാസ്തവം. തങ്ങളുടെ കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് അമ്മമാരുടെ ആശങ്കയെന്നും തമന്ന കൂട്ടിച്ചേർത്തു.
2024 – ൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രമായ ‘സ്ത്രീ 2’ലെ ഗാനമാണ് ‘ആജ് കി രാത്ത്’. സോഷ്യൽ മീഡിയയിൽ അടക്കം ഈ ഗാനവും നൃത്തചുവടുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി, അപർശക്തി ഖുരാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.