ഗായകൻ ജി വേണുഗോപാലിനെതിരെ മധുവിന്റെ മകൾ. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ച ആളെ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നിയെന്ന് മകൾ ഉമ ജയലക്ഷ്മി പറഞ്ഞു. മുതിര്‍ന്ന നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലെ ചില പരാമര്‍ശങ്ങളിലാണ് വിമർശനം. ജി വേണുഗോപാലിന്‍റെ പോസ്റ്റിനെതിരെ ശ്രീകുമാരന്‍ തമ്പി എഴുതിയ മറുപടി പോസ്റ്റിന്‍റെ കമന്‍റ് ബോക്സിലാണ് ഉമ ജയലക്ഷ്മി പ്രതികരണവുമായി എത്തിയിരിക്കുന്നത്.
മധുവിന്റെ പിറന്നാൾ ദിനത്തിലാണ് ജി വേണുഗോപാൽ പോസ്റ്റുമായി എത്തുന്നത്. എന്നാൽ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് അടുപ്പമുള്ളവരില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. പലരും പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിഎന്നാലെയാണ് മധുവിന്റെ മകളും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഉമ ജയലക്ഷ്മി പറയുന്നത് ഇങ്ങനെ
‘യാഥാർത്ഥ്യമറിയാതെ എന്റെ അച്ഛനെക്കുറിച്ച് ഗായകൻ വേണുഗോപാൽ എഴുതിയ കുറിപ്പ് ഞങ്ങൾ കുടുംബക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആ പോസ്റ്റിൻ്റെ അവസാന ഭാഗം വായിച്ചപ്പോൾ മകളായ ഞാൻ ഞെട്ടിപ്പോയി. ഇത്രയും അന്തസ്സോടെ 92 വർഷം ജീവിച്ചയാളിനെ ഇങ്ങനെ വേണുഗോപാൽ തരം താഴ്ത്തി കണ്ടപ്പോൾ വലിയ ദുഃഖം തോന്നി. ഞാൻ അതിനു മറുപടിയായി ഒരു പോസ്റ്റ് ഇടണം എന്ന് ആലോചിച്ചു. അപ്പോഴാണ് തമ്പിയങ്കിളിന്റെ പേജിൽ ഈ പോസ്റ്റ് കണ്ടത് . എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഭംഗിയായി അച്ഛനെ ഏറ്റവും അടുത്തറിയാവുന്ന തമ്പി അങ്കിൾ എഴുതിയിരിക്കുന്നു. അത് കണ്ടു ഞങ്ങൾക്കെല്ലാം ആശ്വാസമായി. അദ്ദേഹത്തിൻ്റെ മകൾ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പായും പറയാൻ കഴിയും. വേണുഗോപാലിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സത്യത്തിനു നിരക്കുന്നതല്ല. തമ്പിയങ്കിൾ ഉചിതമായ രീതിയിൽ അതിനെതിരെ പ്രതികരിച്ചതിൽ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു. അങ്കിളിൻ്റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്തുകൊള്ളട്ടെ.’
അതേസമയം ജി വേണുഗോപാൽ നല്ല വ്യക്തിയാണെന്നും എന്നാൽ വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ടെന്നും ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒന്ന് രണ്ടു അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ടെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേർത്തു. താൻ ഇത് പറയാൻ കാരണം ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ പുകഴ്ത്തുകയാണെന്ന മട്ടിൽ അങ്ങേയറ്റം ഇകഴ്ത്തിക്കൊണ്ട് ജി വേണുഗോപാൽ രംഗത്തെത്തിയതിന് പിന്നാലെയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു.