ഇറ്റലിയിൽ താൻ നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി സോഹ അലി ഖാൻ. പട്ടാപ്പകൽ ഒരാൾ തനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും ഈ സംഭവം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും നടി പറഞ്ഞു. ഈ പ്രവർത്തിയുടെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഹോട്ടർഫ്ലൈ യൂട്യൂബ് ചാനലിലെ ‘ദി മെയിൽ ഫെമിനിസ്റ്റ്’ എന്ന പോഡ്‌കാസ്റ്റ് ഷോയിൽ തനിക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ച് സംസാരിക്കവെയാണ് നടിയുടെ വെളിപ്പെടുത്തൽ. പൊതുസ്ഥലത്ത് വെച്ച് എപ്പോഴെങ്കിലും നഗ്നതാ പ്രദർശനം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ സംഭവം സോഹ വെളിപ്പെടുത്തിയത്.
സ്ത്രീകൾ നേരിടുന്ന സുരക്ഷിതമല്ലാത്ത പല സാഹചര്യങ്ങളിൽ നിന്നും തന്നെ പ്രത്യേക പരിഗണനകളുള്ള പശ്ചാത്തലം സംരക്ഷിച്ചിട്ടുണ്ടെന്ന് സോഹ സമ്മതിച്ചു. ‘എൻ്റെ ജീവിതം പ്രിവിലേജുകൾ നിറഞ്ഞതാണെന്ന് എനിക്കറിയാം. അത്തരം ദുരനുഭവങ്ങൾ എനിക്ക് ഉണ്ടാകാത്തതിൽ സന്തോഷമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ഒരുപാട് പേർക്ക് എല്ലാ ദിവസവും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും എനിക്കറിയാം’ എന്നും സോഹ പറഞ്ഞു.