സംവിധായകന് ഡോണ്‍ പാലത്തറയുടെ “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” എന്ന സിനിമ ജൂലൈ 21ന് ആണ് വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തത്. റിമ കല്ലിങ്കലും ജിതിന് പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. റിമ ഈ കഥാപാത്രമാകാന്‍ സമ്മതിക്കുമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ് ഡോണ്‍ ഇപ്പോള്‍ പറയുന്നത്.
ഡോണ്‍ പാലത്തറയുടെ മുമ്പ് ഇറങ്ങിയ ചിത്രങ്ങളിലൊന്നും താരങ്ങളില്ല, എങ്ങനെയാണ് റിമയിലേക്ക് എത്തിയത് എന്ന ചോദ്യത്തിനാണ് സംവിധായകന് ഉത്തരം നല്‍കിയത്. തിരക്കഥ എഴുതുന്ന സമയത്ത് റിമ എന്ന ചിന്ത പോലും വന്നിരുന്നില്ല. ജിതിനെ നേരത്തെ ബുക്ക് ചെയ്തിരുന്നു. ഇത്രയും നേരം കഥാപാത്രമായി നില്ക്കാന് കഴിയുന്ന ഒരാള്‍ വേണം. അങ്ങനെ പല ആള്‍ക്കാരെയും നോക്കി വരുന്ന സമയത്ത് റിമ എന്ന ചിന്ത വന്നു.
റിമ ഈ കഥാപാത്രമാകാന്‍ സമ്മതിക്കുമോ എന്ന സംശയമൊക്കെയുണ്ടായിരുന്നു. നമുക്ക് സമീപിക്കാന്‍ കഴിയുന്ന ആളാണോ റിമ എന്നൊക്കെ ആലോചിച്ചു. എന്തായാലും റിമയ്ക്ക് തിരക്കഥ അയച്ചു കൊടുത്തു. തിരക്കഥ ഇഷ്ടമായി നമുക്കിത് ചെയ്യണമെന്ന് പറഞ്ഞ് പിറ്റേ ദിവസം തന്നെ റിമ തിരിച്ചു വിളിച്ചു. പിന്നെ രണ്ടാഴ്ചക്കുള്ളില്‍ തന്നെ പ്രീപ്രൊഡക്ഷന് തുടങ്ങി.
ഒരു താരം വന്നു കഴിഞ്ഞാല്‍ സിനിമയിലിടപെടും എന്ന ഭയങ്ങളുണ്ട്. സിനിമയുടെ സ്വഭാവം താരം വന്നു കഴിഞ്ഞാല്‍ മാറിപ്പോകരുത് എന്നുണ്ട്. റിമ പക്ഷേ വളരെ പ്രൊഫഷണലാണെന്ന് കേട്ടിട്ടുണ്ടായിരുന്നു. റിമ ഇതിനു മുമ്പ് ചെയ്ത സിനിമകളൊക്കെ നോക്കിയിരുന്നു. ചില തിരക്കഥകളോട് റിമ നോ പറഞ്ഞതൊക്കെ അറിഞ്ഞിരുന്നു. ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി.
അങ്ങനെയാണ് റിമയോട് സംസാരിച്ചത്. നമ്മുടെ വേറിട്ട ശൈലിയെ കുറിച്ചൊക്കെ റിമയോട് സംസാരിച്ചു. ഇത്തരത്തിലായിരിക്കും സിനിമ, ഒറ്റ ടേക്കില്‍ പോകണം എന്നാണ് ആഗ്രഹിക്കുന്നത് എന്നൊക്കെ പറഞ്ഞപ്പോള്‍ റിമ വളരെ ആവേശത്തോടെ സിനിമയുടെ ഭാഗമാവുകയായിരുന്നു എന്ന് ഡോണ്‍ പാലത്തറ മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.