രഞ്ജിത്ത് ഉത്തരം നല്‍കുന്നതിന് മുമ്പ് വേണമായിരുന്നു ഈ വിധി പറച്ചില്‍? അവാര്‍ഡ് വിവാദത്തില്‍ സജി ചെറിയാനെ വിമര്‍ശിച്ച് വിനയന്‍

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസം, അന്വേഷണത്തിന്റെ ആവശ്യമില്ല, പരാതിയുണ്ടെങ്കില്‍ നിയമപരമായി പോകട്ടെ എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഇതിനെതിരെയാണ് വിനയന്‍ രംഗത്തെത്തിയത്.

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നാണ് താന്‍ ആരോപിച്ചത്. രഞ്ജിത്ത് ഉത്തരം പറഞ്ഞിട്ട് ബാക്കി പറയാമെന്നാണ് അങ്ങു തന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പ രാജ് വ്യക്തമാക്കിയിരിക്കുന്നത്. അതിന് മുമ്പ് താങ്കള്‍ വിധി പറയുന്നത് വേണമായിരുന്നോ എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

വിനയന്റെ കുറിപ്പ്:

കേരള സംസ്ഥാന സിനിമാ അവാര്‍ഡ് ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞതും അതിന്‍ പ്രകാരം ഞാന്‍ ആരോപിച്ചതുമായ കാര്യങ്ങള്‍ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാന്‍ അക്കാദമി ചെയര്‍മാന്‍ ശ്രി രഞ്ജിത്തിന് ക്ലീന്‍ ചിറ്റ് കൊടുത്തതായി ന്യൂസില്‍ കണ്ടു. ചെയര്‍മാന്‍ ഒരിടപെടലും നടത്തിയിട്ടില്ലത്രേ. അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോട് അല്ലേ?. രഞ്ജിത്ത് ഉത്തരം പറയുമ്പോള്‍ ബാക്കി പറയാമെന്നാണ് അങ്ങു തന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്പരാജ് പറഞ്ഞിരിക്കുന്നത്.

അതിനു മുന്‍പ് ഈ വിധി പറച്ചില്‍ വേണമായിരുന്നോ? അവാര്‍ഡു നിര്‍ണ്ണയത്തിന്റെ പ്രൊജക്ഷന്‍ നടക്കുമ്പോഴും ഡിസ്‌കഷന്‍ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കള്‍ ഇത്ര നിസ്സംശയം പറഞ്ഞത് ചെയര്‍മാന്‍ ഇടപെട്ടിട്ടില്ലെന്ന്. ചുരുങ്ങിയ പക്ഷം അങ്ങയുടെ പിഎസ്സിനോടെങ്കിലും ചോദിക്കണമായിരുന്നു സാര്‍.. താങ്കളുടെ പിസ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളില്‍ തന്നെ ചെയര്‍മാന്‍ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സാര്‍. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്. ശ്രി മനു അതു നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും അറിഞ്ഞു. എന്നിട്ടും താങ്കള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ കഷ്ടമാ.

അവാര്‍ഡ് അര്‍ഹതയുള്ളവര്‍ക്കാണോ അല്ലാത്തവര്‍ക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്‌നം. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധി ആയ അക്കാദമി ചെയര്‍മാന്‍ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം. ജൂറി മെമ്പര്‍മാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പര്‍മാരോ അല്ലേ അതിനുത്തരം പറയേണ്ടത്. നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിന്‍സി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി. അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീന്‍ ചിറ്റു കൊടുക്കാന്‍..

അതോ വിശ്വ വിഖ്യാത സംവിധായകര്‍ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നും നോക്കേണ്ടതില്ലേ. ഏതായാലും അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറയട്ടേ നേമം പുഷ്പരാജിന്റെ ആരോപണത്തിനുള്ള മറുപടി. ഇങ്ങനെ ഒന്നും ചെയ്തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാല്‍ അതിനുള്ള മറുപടിയുമായി ശ്രീ പുഷ്പരാജ് എത്തിക്കോളും പുറകേ മാത്രമേ ഞാന്‍ വരേണ്ടതുള്ളു. അതിനു മുന്‍പ് ആരും മുന്‍കൂര്‍ ജാമ്യം കൊടുക്കാന്‍ കഷ്ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക