ലൈംഗിക ആരോപണം നിസാരമല്ല.. മന്ത്രിക്ക് ഇതിഹാസമായിരിക്കാം, പക്ഷെ ഇനി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് അര്‍ഹനല്ല: ഡോ ബിജു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവിലുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു. രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ആരോപണമുന്നയിച്ച സംഭവത്തില്‍ പ്രതികരിച്ചാണ് ഡോ. ബിജു സംസാരിച്ചിരിക്കുന്നത്. സാംസ്‌കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം, പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരു നിമിഷം പോലും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് അര്‍ഹനല്ല എന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡോ ബിജു വ്യക്തമാക്കുന്നത്.

ഡോ ബിജുവിന്റെ കുറിപ്പ്:

ചലച്ചിത്ര അക്കാദമി ചെയര്‍മാന് എതിരെ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവിലുണ്ട്. ചലച്ചിത്ര അവാര്‍ഡില്‍ ചിലര്‍ക്ക് അവാര്‍ഡ് കൊടുക്കാനും ചില സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയര്‍മാന്‍ നേരിട്ട് ജൂറി അംഗങ്ങളെ സ്വാധീനിച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നല്ലോ. സംവിധായകന്‍ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു. അതേപോലെ ഐഎഫ്എഫ്‌കെയിലെ സിനിമ സെലക്ഷനുമായി ബന്ധപ്പെട്ടും സിനിമ കാണാതെ ആണ് സെലക്ഷന്‍ നടത്തുന്നത് എന്ന് ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി ഒട്ടേറെ സംവിധായകര്‍ പരാതികള്‍ നല്‍കിയിരുന്നു.

ചലചിത്ര മേളയുടെ സമാപന ചടങ്ങില്‍ പ്രേക്ഷകരെ നായകളോട് ഉപമിച്ചതും ഏറെ വിവാദം ആയിരുന്നു. കഴിഞ്ഞ ഫിലിം ഫെസ്റ്റിവല്‍ വേളയില്‍ ഞാന്‍ ഉള്‍പ്പെടെ ഉള്ള ചില സിനിമ പ്രവര്‍ത്തകരെ പൊതു മാധ്യമത്തില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതും ഇതേ ചെയര്‍മാന്‍ ആണ്. ചലചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ചെയര്‍മാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയതാണ്. ഈ വിഷയങ്ങളില്‍ ഒക്കെ അന്വേഷിക്കും, വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെ സാംസ്‌കാരിക മന്ത്രി പ്രസ്താവന ഇറക്കിയതല്ലാതെ ഒരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല.

ഇപ്പോള്‍ ഇതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു നടിയുടെ വെളിപ്പെടുത്തലും അക്കാദമി ചെയര്‍മാന് എതിരെ ഉണ്ടായിരിക്കുന്നു. അല്‍പമെങ്കിലും ധാര്‍മികത ബാക്കി ഉണ്ടെങ്കില്‍ അക്കാദമി ചെയര്‍മാനെ ഉടന്‍ പുറത്താക്കേണ്ടതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെപ്പറ്റി പരസ്യമായ ഒരു ലൈംഗിക ആരോപണം ഉയര്‍ന്നു വന്നത് നിസാരമായി കണക്കാക്കാന്‍ സാധിക്കില്ല. സാംസ്‌കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം.

പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരു നിമിഷം പോലും അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ ശ്രീ രഞ്ജിത്ത് അര്‍ഹനല്ല. ഇനി ഇത് പറയാനുള്ള എന്റെ റെലവന്‍സ് എന്താണ് എന്ന് രഞ്ജിത്തിന് സംശയമുണ്ടെങ്കില്‍ ആ സംശയം ദൂരീകരിക്കാന്‍ ഞാന്‍ ഒരു നീണ്ട കുറിപ്പ് മുമ്പ് എഴുതിയിരുന്നു. അതൊന്നും ഞാന്‍ ആവര്‍ത്തിക്കുന്നില്ല. ഇപ്പോള്‍ ഒരു റെലവന്‍സ് മാത്രം പറയാം. എന്റെ കൂടി നികുതി പണം ഉപയോഗിച്ചുള്ള തുക ആണ് നിങ്ങള്‍ ശമ്പളം ആയി വാങ്ങുന്നത്, നിങ്ങളുടെ കാറിന് നല്‍കുന്നത്, നിങ്ങളുടെ വീട്ടുവാടക നല്‍കുന്നത്. സ്റ്റേറ്റിലെ നികുതി കൊടുക്കുന്ന ഒരു പൗരന്‍ എന്ന റെലവന്‍സ് ഉപയോഗിച്ച് പറയുകയാണ്.

ഈ ആരോപണത്തിന്റെ വെളിച്ചത്തില്‍ അല്പമെങ്കിലും ധാര്‍മികത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അക്കാദമി ചെയര്‍മാനെ അടിയന്തിരമായി പുറത്താക്കണം. ചെയര്‍മാന് എതിരായ വിവിധ ആരോപണങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ പുലര്‍ത്തിയ നിശബ്ദത, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള ഒളിച്ചുകളി എന്നിവ പരിഗണിക്കുമ്പോള്‍ അക്കാദമി ചെയര്‍മാന്‍ സ്വയം രാജി വെക്കാനോ പുറത്താക്കാനോ ഉള്ള സാധ്യത ഉണ്ടാകില്ല എന്നും അറിയാം. എങ്കിലും ഈ നാണംകെട്ട ഫ്യൂഡല്‍ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം ആണ് എന്ന് പറയാതെ വയ്യ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക