കൃപാസനം ചോദിക്കുവിന്‍ കിട്ടുമെന്ന വിശ്വാസമാണെന്ന് നടി ധന്യ മേരി വര്‍ഗീസ്. നടി കൃപാസനത്തില്‍ പോയി സാക്ഷ്യം പറയുന്ന ധന്യയുടെ വീഡിയോ ഒരിടയ്ക്ക് ചര്‍ച്ചയായിരുന്നു. ഇതോടെ നടിക്കെതിരെ ട്രോളുകളും പരിഹാസങ്ങളും എത്തിയിരുന്നു. ആരെന്ത് പറഞ്ഞാലും താന്‍ തന്റെ വിശ്വാസത്തില്‍ നിന്നും മാറില്ല എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധന്യ പറയുന്നത്.
നമ്മള്‍ ചെല്ലുമ്പോള്‍ തന്നെ അത്ഭുതം സംഭവിക്കുന്ന ഇടമല്ല കൃപാസനം. അവിടെ ചെന്ന് കയറിയാലുടന്‍ ഈ അത്ഭുതം നടക്കുമെന്നതും ഇല്ല. അവിടെ ചെന്നാല്‍ ഉടമ്പടി പോലൊന്ന് കിട്ടും. ഉടമ്പടി എടുത്താല്‍ നമ്മള്‍ ലൈഫില്‍ ചില മാറ്റങ്ങള്‍ വരുത്തണം. ദിവസവും നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം മനസില്‍ വച്ച് നമ്മള്‍ പ്രാര്‍ത്ഥിക്കണം. ആഗ്രഹിച്ച് ദിവസവും പ്രാര്‍ത്ഥിക്കുമ്പോള്‍ അത് പോസിറ്റിവിറ്റിയാണ്. രോഗികളായിട്ടുള്ള ആളുകളെ ഹെല്‍പ്പ് ചെയ്യാന്‍ പറയും.
ആതുരസേവനങ്ങള്‍ ചെയ്യാന്‍ നമ്മള്‍ തയ്യാറാകണം. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനായി ഉടമ്പടി എടുക്കുന്ന സമയത്ത് നമ്മള്‍ മാറണം. അതൊക്കെ ചെയ്യുമ്പോള്‍ നമുക്ക് അനുഗ്രഹമായി നമ്മുടെ ആവശ്യങ്ങള്‍ സാധിച്ച് കിട്ടും. അല്ലാതെ അത്ഭുതങ്ങള്‍ സംഭവിക്കുന്നു എന്നതല്ല. നമ്മള്‍ ബെറ്ററാകുമ്പോള്‍ കിട്ടുന്ന അനുഗ്രഹമാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. പ്രാര്‍ത്ഥിക്കുന്ന സമയത്ത് എനിക്ക് മീഡിയേറ്ററായാണ് മാതാവ് പ്രവര്‍ത്തിക്കുന്നത്. മാതാവ് വഴി പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനയ്ക്ക് ശക്തി കൂടുന്നതായി തോന്നിയിട്ടുണ്ട്.
മാതാവിനോട് എന്റെ വിഷമങ്ങള്‍ പറയാനാണ് ഞാന്‍ കൃപാസനത്തില്‍ പോകുന്നത്. എന്റെ ആവശ്യങ്ങള്‍ സാധിച്ച് എടുക്കാനായിട്ട് അല്ല പോകാറുള്ളത്. വിഷമങ്ങള്‍ പറയാനാണ്. അത് കണ്ട് അറിഞ്ഞ് മാറ്റി തരുന്ന പവര്‍ മാതാവിനുണ്ട്. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആര്‍ട്ടിസ്റ്റാണ് ആനന്ദേട്ടന്‍. അദ്ദേഹത്തിന്റെ ഭാര്യ കൃപാസനത്തില്‍ നിരന്തരം പോകാറുള്ളയാളാണ്. അവര്‍ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത് എന്നാണ് എന്റെ ഓര്‍മ. ആറേഴ് വര്‍ഷമായി. ആദ്യം പോകണമെന്ന തീരുമാനം ഉണ്ടായിരുന്നില്ല.
പിന്നീട് എനിക്ക് ഒരു ആവശ്യം വന്നു. എന്റെ മമ്മിക്ക് വേണ്ടിയായിരുന്നു അത്. ചില സമയത്ത് ദൈവം മാത്രമാണ് സഹായിക്കാനുള്ളതെന്ന് മനസിലാകുന്ന സമയത്ത് നമ്മള്‍ ചെന്ന് പെടും ചിലയിടങ്ങളില്‍. അങ്ങനെയാണ് ഞാന്‍ കൃപാസനത്തില്‍ എത്തിയത്. ഇഷ്ടമുള്ള ആവശ്യങ്ങള്‍ എഴുതി കൊടുത്ത് പ്രാര്‍ത്ഥിക്കാം. ഞാന്‍ പ്രാര്‍ത്ഥിച്ച കാര്യങ്ങള്‍ക്ക് എല്ലാം ഉത്തരം കിട്ടി. അതുകൊണ്ട് തന്നെ അതിന് സാക്ഷ്യം പറയണമെന്ന് തോന്നി. പിന്നീട് ഒരിക്കല്‍ ആ വഴി പോയപ്പോള്‍ അത് അവിടെ കയറി പറഞ്ഞു.
ആര്‍ട്ടിസ്റ്റായിട്ടും ഇങ്ങനെ മുന്നോട്ട് വന്ന് സാക്ഷ്യം പറയാന്‍ കാണിച്ച ധൈര്യത്തെ സമ്മതിച്ചുവെന്ന് പലരും എന്നോട് പറയാറുണ്ട്. ആദ്യം ഞാന്‍ പേടിച്ച് പിന്മാറിയിരുന്നു. ആര്‍ട്ടിസ്റ്റായ ഞാന്‍ സാക്ഷ്യം പറഞ്ഞാല്‍ ആളുകള്‍ എങ്ങനെ എടുക്കും എന്നൊക്കെ ചിന്തിച്ചിരുന്നു. വിശ്വാസം തുറന്ന് കാണിക്കാന്‍ ഒരു മടി. പക്ഷെ ആ വഴി പോയപ്പോള്‍ കൃപാസനത്തിന് അടുത്ത് വെച്ച് വണ്ടി ബ്രേക്ക് ഡൗണായി. നന്നാക്കാന്‍ മണിക്കൂറുകള്‍ എടുക്കും.
സാക്ഷ്യം പറയാന്‍ വിമുഖ കാണിച്ചതുകൊണ്ടാകും വണ്ടി ഇവിടെ വച്ച് തന്നെ ബ്രേക്ക് ഡൗണായത് എന്ന കുറ്റബോധം വന്നു. അവിടെയുള്ള പലരും എന്നെ സാക്ഷ്യം പറയാന്‍ സഹായിച്ചു. വൈറലാകുമെന്ന് കരുതിയില്ല. സോഷ്യല്‍ മീഡിയ വന്ന ശേഷം ആര്‍ക്കും ആരെയും കുറ്റപ്പെടുത്താമെന്ന രീതിയായി. ഞാന്‍ എന്റെ വിശ്വാസം പറഞ്ഞു. അതില്‍ നിന്ന് ആര് എന്ത് പറഞ്ഞാലും ഞാന്‍ മാറില്ല എന്നാണ് ധന്യ പറയുന്നത്.