താന്‍ ഡിപ്രഷനിലൂടെ കടന്നു പോവുകയാണെന്ന് നടി ശ്രുതി രജനികാന്ത്. ഉറങ്ങാന്‍ പറ്റുന്നില്ല, മനസു തുറന്ന് ചിരിച്ചിട്ട് ഏഴ് ആഴ്ചകളായി. ആദ്യം കുറെ കരയുമായിരുന്നു. ഇപ്പോള്‍ കരയാന്‍ പോലും പറ്റുന്നില്ല എന്നാണ് ശ്രുതി പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
ശ്രുതിയുടെ വാക്കുകള്‍:
ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഇതെങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അറിയില്ല. ചിലര്‍ക്ക് നമ്മുടെ അവസ്ഥ എന്താണെന്ന് അറിയില്ല, അവര്‍ക്കത് മനസ്സിലാകണമെന്നുമില്ല. ജോലി ചെയ്ത് കഴിഞ്ഞു വരുമ്പോള്‍ കണ്ണടച്ചാലും ഉറങ്ങാന്‍ പറ്റില്ല. ഓരോ കാര്യങ്ങള്‍ ഇങ്ങനെ ആലോചിച്ചു കൂട്ടി കിടക്കുന്നു. ആദ്യം കുറെ കരയുമായിരുന്നു. ഇപ്പോള്‍ കരയാന്‍ പോലും പറ്റുന്നില്ല.
ഇത് ഞാന്‍ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ തലമുറയില്‍ ഒരുപാട് പേര്‍ ഇത് അനുഭവിക്കുന്നുണ്ട്. ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഡിപ്രഷന്‍ അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് സ്റ്റോറി ചെയ്തിരുന്നു. അതിന്റെ മറുപടിയില്‍ ഇന്‍സ്റ്റഗ്രാം നിറഞ്ഞു കവിഞ്ഞെന്നു പറയാം. ആരും സന്തോഷത്തിലല്ല. എല്ലാവരും മുഖംമൂടി ഇട്ട് ജീവിക്കുന്നതെന്തിനാണ്. നമ്മള്‍ ഓക്കെ അല്ല എന്നു പറഞ്ഞു ശീലിക്കാം.
സുഖമാണോ എന്ന് ചോദിച്ചാല്‍ എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും സുഖമാണ് എന്നേ പറയൂ. മനസ്സുകൊണ്ട് സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുക എന്നതാണ് പ്രധാനം. കയ്യില്‍ എത്ര കാശുണ്ടെന്ന് പറഞ്ഞാലും ഇഷ്ടപ്പെട്ട ആളുകള്‍ക്കൊപ്പം കുറച്ച് നേരം സന്തോഷത്തോടെ ഇരിക്കാനും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യാനും ഒക്കെ പറ്റുന്നില്ലെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും. കയ്യില്‍ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്.
ചില വേദനകള്‍ വിശദീകരിക്കാനും നിര്‍വചിക്കാനും കഴിയാത്തതാണ്. നിര്‍വീര്യമായ അവസ്ഥയാണ്. ഇത് എന്റെ മാത്രമല്ല. എന്നെപോലെ പലരും ഉണ്ടാവും. കൗണ്‍സ്ലിങ് നല്ലതാണ്. മനസ്സുതുറന്ന് സംസാരിക്കാന്‍ തയാറാണെങ്കില്‍ കൗണ്‍സ്ലിങ് സഹായകരമാകും. ഇങ്ങനെയുള്ള ആളുകളോട് ആത്മാര്‍ഥതയോടെയും സത്യസന്ധതയോടെയും ഇരിക്കുക.