ബോളിവുഡ് ചിത്രം ‘ഛാവ’ കണ്ട് നിധി തേടിയിറങ്ങി ഗ്രാമവാസികള്‍. സിനിമ കണ്ട് നിധി തപ്പിയിറങ്ങിയ നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ഗ്രാമവാസികളാണ് സിനിമയില്‍ കാണിച്ചത് സത്യമാണെന്ന് വിശ്വസിച്ച് നിധി കണ്ടെത്താനായി ഇറങ്ങിയിരിക്കുന്നത്.
വിക്കി കൗശല്‍ നായകനായ ഛാവ എന്ന ചിത്രത്തില്‍ മാറാഠ സാമ്രാജ്യത്തില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണ്ണവും സമ്പത്തും മുഗള്‍ രാജാക്കന്മാര്‍ മധ്യപ്രദേശിലെ ബുര്‍ഹാന്‍പുരിലെ അസിര്‍ഗഢ് കോട്ടയ്ക്ക് സമീപം കുഴിച്ചിട്ടതായാണ് കാണിക്കുന്നത്. ഇത് വിശ്വസിച്ചാണ് നാട്ടുകാര്‍ കോട്ടയ്ക്ക് സമീപത്ത് കുഴിച്ചു തുടങ്ങിയത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും മണ്ണ് അരിച്ചെടുത്തും നിധി തേടുന്ന ഗ്രാമവാസികളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വൈകുന്നേരം ഏഴ് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് വരെയാണ് നാട്ടുകാരുടെ നിധിവേട്ട. അനധികൃത ഖനനത്തിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തില്‍ ബുര്‍ഹാന്‍പുര്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഛത്രപതി സംഭാജി മഹാരാജാവായ വിക്കി കൗശല്‍ വേഷമിട്ട ചിത്രം 500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ലക്ഷ്മണ്‍ ഉതേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായത്. ഔറംഗസേബായി അക്ഷയ് ഖന്നയാണ് ചിത്രത്തില്‍ വേഷമിട്ടത്.