മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിലുണ്ടായ കലാപത്തിന് കാരണം വിക്കി കൗശല്‍ ചിത്രം ‘ഛാവ’ ആണെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെ നടന്റെ ആരാധകര്‍. കലാപത്തിന് കാരണമായത് ഛാവ സിനിമയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ളവര്‍ പറഞ്ഞതിനെതിരെയാണ് വിക്കി കൗശല്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
‘ഛാവ സിനിമ ഔറംഗസേബിനെതിരെ ജനങ്ങളുടെ കോപം ആളിക്കത്തിച്ചു. എന്നിരുന്നാലും, എല്ലാവരും മഹാരാഷ്ട്രയെ സമാധാനപരമായി നിലനിര്‍ത്തണം’ എന്നായിരുന്നു ഫഡ്നാവിസ് നിയമസഭയില്‍ പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകന്‍ ലക്ഷ്മണ്‍ ഉതേക്കറിനും വിക്കി കൗശലിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. വിദ്വേഷം ആളിക്കത്തിക്കാന്‍ കാരണമായത് ഛാവയാണ് എന്ന ചര്‍ച്ചകളാണ് നടക്കുന്നത്.
എന്നാല്‍ സിനിമയെയും വിക്കി കൗശലിനെയും വെറുതെ ബലിയാട് ആക്കുകയാണ് എന്നാണ് നടന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ”വിക്കി കൗശല്‍ ചിത്രം ഛാവയ്ക്ക് നാഗ്പൂരില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രവുമായോ ഔറംഗസേബിനെതിരായ വിദ്വേഷവുമായോ യാതൊരു ബന്ധവുമില്ല. സിനിമ സിനിമയാണ്, അതിനെ അങ്ങനെ പരിഗണിക്കുക” എന്നാണ് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.
”ഛാവയ്‌ക്കെതിരെയുള്ള പ്രതിഷേധം അസ്ഥാനത്താണ്. ഛത്രപതി സംഭാജി മഹാരാജിനെ അതിശയിപ്പിക്കുന്ന രീതിയിലാണ് വിക്കി കൗശല്‍ അവതരിപ്പിച്ചത്. ആ കലയെ ആദരിക്കുന്നു. അഭിനേതാക്കള്‍ അവരുടെ ജോലി മികച്ചതാക്കിയതില്‍ അവരെ ബലിയാടാക്കരുത്. സിനിമയെ ആഘോഷിക്കാം, സെന്‍സര്‍ ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്” എന്നാണ് മറ്റൊരാള്‍ എക്‌സില്‍ കുറിച്ചത്.
ഇത്തരത്തില്‍ നിരവധി ട്വീറ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ”നാഗപൂരില്‍ ഉണ്ടായ അക്രമണങ്ങള്‍ക്ക് വിക്കി കൗശലിന്റെ ഛാവ സിനിമയെ കുറ്റപ്പെടുത്തത് അന്യായമാണ്. മുഗളന്‍മാരല്ല, മറിച്ച് അദ്ദേഹത്തിന്റെ അത്യാഗ്രഹികളായ സഹായികളാണ് അദ്ദേഹത്തെ വഞ്ചിച്ചത്..” എന്നാണ് മറ്റൊരു ട്വീറ്റ്. അതേസമയം, ഫഡ്നാവിസിനെ കൂടാതെ, കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയും ഛാവ കലാപത്തിന് കാരണമായെന്ന് ആരോപിച്ചിരുന്നു.
”ഛാവയില്‍ ഔറംഗസേബ് സംഭാജിയെ കൊലപ്പെടുത്തുന്ന ചിത്രീകരണം ഔറംഗസേബിനെതിരെ ജനങ്ങളുടെ രോഷത്തിന് കാരണമായി” എന്നായിരുന്നു രാംദാസ് അത്താവാലെ പറഞ്ഞത്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുരളീധര്‍ മഹോലും ഛാവയെ കുറ്റപ്പെടുത്തിയിരുന്നു. ”ഔറംഗസേബ് എത്ര ക്രൂരമായാണ് ക്ഷേത്രങ്ങള്‍ നശിപ്പിച്ചതെന്നും ഛത്രപതി സാംബാജിയെ കൊന്നതെന്നും ജനങ്ങളുടെ വികാരങ്ങളെ ഉണര്‍ത്തുന്ന തരത്തില്‍ ചിത്രീകരിച്ചു” എന്നാണ് മുരളീധര്‍ മഹോല്‍ ആരോപിച്ചത്.
ചരിത്ര വസ്തുതകളെ വളച്ചൊടിച്ചെന്ന ആരോപണവും സിനിമയ്‌ക്കെതിരെ എത്തിയിട്ടുണ്ട്. മറാത്ത കമാന്‍ഡര്‍മാരായ ഗനോജിയെയും കാന്‍ഹോജി ഷിര്‍ക്കെയും സംഭാജി മഹാരാജിനെ പിടികൂടാന്‍ ഔറംഗസേബിനെ സഹായിച്ച രാജ്യദ്രോഹികളായി ചിത്രത്തില്‍ കാണിക്കുന്നുവെന്ന് ആരോപിച്ച് ഷിര്‍ക്കെ കുടുംബത്തിന്റെ പിന്‍ഗാമികള്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.