മലയാളത്തില്‍ ഓരോ സിനിമകള്‍ ഇറങ്ങുമ്പോഴും ഓരോ ‘അവതാരങ്ങള്‍’ തിയേറ്ററുകളില്‍ പിറവി എടുക്കാറുണ്ട്. ‘മാര്‍ക്കോ’യും ‘ദാവീദ്’ സിനിമയിലെ കഥാപാത്രങ്ങളുടെ ലുക്കില്‍ വരെ ചില ആരാധകര്‍ അടുത്തിടെ തിയേറ്ററുകളില്‍ എത്തിയിരുന്നു. മലയാളത്തില്‍ മാത്രമല്ല ഇത്തരം അവതാരങ്ങളുടെ പിറവി, അങ്ങ് ബോളിവുഡിലും ഉണ്ട് എന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിക്കി കൗശല്‍ ചിത്രം ‘ഛാവ’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലാണ്, നടന്റെ കഥാപാത്രത്തിന്റെ വേഷം കെട്ടി കുതിരപ്പുറത്ത് ആരാധകന്‍ എത്തിയത്. ഇതിഹാസ മറാഠി യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ഛാവ. വിക്കി കൗശല്‍ അവതരിപ്പിച്ച സംഭാജി മഹാരാജാവ് ആയി വേഷം കെട്ടി കുതിരപ്പുറത്ത് തിയേറ്ററിലെത്തുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
കൊട്ടും മേളത്തിന്റെയും അകമ്പടിയോടെയാണ് യുവാവ് കുതിരപ്പുറത്തേറി തിയേറ്ററിലെത്തിയത്. രസകരമായ നിരവധി കമന്റുകളാണ് ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഞങ്ങള്‍ക്ക് തിയേറ്ററില്‍ ചിപ്‌സ് പോലും കയറ്റാനാകുന്നില്ല, ഇയാള്‍ എങ്ങനെയാണ് കുതിരയെ അകത്തു കയറ്റിയത് എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.
ആരാധകരുടെ ഇത്തരം ഭ്രാന്തുകളെ വിമര്‍ശിച്ചും കമന്റുകള്‍ എത്തുന്നുണ്ട്. അതേസമയം, നാല് ദിവസം കൊണ്ട് തന്നെ ആഗോളതലത്തില്‍ 200 കോടിക്കടുത്ത് കളക്ഷന്‍ ഛാവ നേടിക്കഴിഞ്ഞു. നടന്‍ വിക്കി കൗശലിന്റെ കരുത്തുറ്റ പ്രകടനമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഔറംഗസേബ് ആയെത്തുന്ന അക്ഷയ് ഖന്നയുടെ നെഗറ്റിവ് വേഷവും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മ്മിച്ചത്.