ഈ രാജ്യത്ത് ആളുകളെ ശല്യപ്പെടുത്തിയാൽ ജയിലിൽ കിടക്കേണ്ടിവരും

ലോകത്തിലെ മിക്ക രാജ്യങ്ങളിലും നമുക്ക് വിചിത്രമെന്ന തോന്നിപ്പിക്കുന്ന ചില നിയമങ്ങളുണ്ട്. വിചിത്രമെന്ന് മാത്രമല്ല, ചില സമയങ്ങളിൽ ഈ നിയമങ്ങൾ കൊണ്ട് ആ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടാനും ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ജർമ്മനിയിൽ പെട്രോൾ തീരുന്നത് മുതൽ സിംഗപ്പൂരിൽ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് വരെ, നമ്മുടെ രാജ്യത്ത് സാധാരണമെന്ന് കരുതുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ അവിടെ നിയമവിരുദ്ധമാണ്. ഇതുപോലെ ആളുകളെ ശല്യപെടുത്തിയാൽ പിഴയോ ജയിൽ ശിക്ഷയോ ലഭിച്ചേക്കാവുന്ന ഒരു രാജ്യമാണ് ഫിലിപ്പീൻസ്. 1930-ലെ പുതുക്കിയ ശിക്ഷ നിയമത്തിലാണ് ‘ശല്യം ചെയ്യൽ’ കുറ്റകൃത്യമായി ഫിലിപ്പീൻസ് ഉൾപ്പെടുത്തിയത്. നിയമ പ്രകാരം ശല്യപ്പെടുത്തുന്നതോ അന്യായമായി വഴക്കുണ്ടാകുകയോ ചെയ്യുന്ന ഒരാളിൽ നിന്ന് 200 പെസോ (899 രൂപ) പിഴ ഈടാക്കാനോ 30 ദിവസം വരെ തടവുശിക്ഷ വിധിക്കുകയോ ചെയ്തേക്കാം. ഇത്തരത്തിൽ ഒരാളെ ശല്യപെടുത്തി അയാളിൽ ദേഷ്യം വരുത്തിയാൽ ശല്യപ്പെടുത്തുന്നയാൾ ശിക്ഷിക്കപ്പെടാൻ ബാധ്യസ്ഥരാണെന്നാണ് നിയമം പറയുന്നത്.

ഇഷ്ടമില്ലാത്ത രീതിയിലോ ശല്യം ചെയ്യുന്ന രീതിയിലോ ഒരാൾ പ്രവർത്തിച്ചാൽ അയാൾക്കെതിരെ കേസ് കൊടുക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. വാക്കുകൾ, പ്രവർത്തികൾ. ആംഗ്യങ്ങൾ തുടങ്ങി ഏത് വിധത്തിൽ ശല്യം ചെയ്താലും നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയോ അന്വേഷണത്തിൽ കുറ്റം തെളിയുകയോ ചെയ്താൽ 30 ദിവസം വരെ തടവു ശിക്ഷ ലഭിക്കുമെന്നാണ് ഫിലിപ്പീൻസിലെ നിയമം പറയുന്നത്. 2020-ൽ ഈ ശിക്ഷാനിയമത്തിൽ പിന്നീട് ഒരു ഭേദഗതി വരുത്തിയിരുന്നു. അതിൽ അന്യായമായി ഒരു വ്യക്തിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്‍റെ കീഴിൽ കൊണ്ട് വരികയാണ് ചെയ്തത്. കൂടാതെ വർഷങ്ങളായി പിഴയായി ചുമത്തിയിരുന്ന 200 പെസോ 5,000 പെസോയായി (7,500 രൂപ) ഉയർത്തുകയും ചെയ്‌തു. പിഴത്തുക 25% വർധിപ്പിച്ചതോടെ നിയമം കൂടുതൽ ഗൗരവതരമായി മാറി. വിനോദസഞ്ചാരികൾ ആണ് കൂടുതലായും ഇത്തരം നിയമങ്ങൾ മൂലം പ്രശ്നത്തിൽ അകപ്പെടാറുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ക്യൂവിൽ നിൽക്കുകയും ആരെയെങ്കിലും തള്ളുകയോ ചെയ്താൽ പോലും ശല്യപ്പെടുത്തലായി കണക്കാക്കും. നിങ്ങൾ തള്ളിയ വ്യക്തി പരാതി നൽകിയാൽ പിഴ അടയ്‌ക്കാൻ നിങ്ങൾ ബാധ്യസ്ഥരാണെന്ന് ചുരുക്കം.

ലോകമെമ്പാടും ഇത്തരത്തിലുള്ള ഒരുപാട് നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയിലേക്കാൾ കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നുവെന്ന് പറയപ്പെടുന്ന രാജ്യങ്ങളിൽ പോലും വിചിത്രമായ നിയമങ്ങൾ കാണാൻ സാധിക്കും. ഇംഗ്ലണ്ടിൽ പട്ടം പറത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് ആക്ട് 1839 പ്രകാരം നിയമവിരുദ്ധമാണ്. എന്നാൽ നിങ്ങളുടെ പട്ടം പറത്തുന്നത് ഏതെങ്കിലും വഴിയാത്രക്കാരനെ ശല്യപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് പിഴ ചുമത്തേണ്ടതുള്ളൂ. സിംഗപ്പൂരിൽ 1992 മുതൽ ച്യൂയിംഗ് ഗം നിയമവിരുദ്ധമാണ്. നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ബെൽജിയത്തിൽ പൊതുസ്ഥലത്ത് ഗെയിമുകൾ കളിക്കാൻ പാടില്ല. കൂടാതെ മരത്തിൽ കയറുന്നതും കുറ്റകൃത്യമാണെന്ന് മാത്രമല്ല പിഴയും ലഭിക്കും. സ്വീഡിഷ് ബാറുകളിൽ നൃത്തം ചെയ്യുന്നവർക്ക് ഡാൻസ് ലൈസൻസ് ഇല്ലെങ്കിൽ ബാർ ഉടമകളിൽ നിന്ന് പിഴ ഈടാക്കാം എന്നതും ചില ഇപ്പോഴും നിലനിൽക്കുന്ന ചില വിചിത്രമായ നിയമങ്ങളാണ്.

ഓരോ രാജ്യങ്ങൾക്കും ഓരോ നിയമവ്യവസ്ഥകളുണ്ട്. നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങളും മറ്റൊരു രാജ്യത്ത് കടുത്ത ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങൾ ആയിരിക്കാം. അതിനാൽ ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത്തരം നിയമങ്ങളെ കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്