ജുഡീഷ്യല്‍ അന്വേഷണം: എന്തിന് പാഴ്ശ്രുതി മീട്ടുവതിങ്ങനെ?

ഡോ. സെബാസ്റ്റ്യന്‍ പോള്‍

നെടുങ്കണ്ടം ഉരുട്ടിക്കൊലയില്‍ പ്രഖ്യാപിക്കപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം ഫലസിദ്ധിയില്ലാത്ത മറ്റൊരു പാഴ്‌വേലയായി പര്യവസാനിക്കും. സമാന്തരമായി നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണവും കോടതിയില്‍ നിന്ന് ഉണ്ടായേക്കാവുന്ന ഇടപെടലുകളും മാത്രമാണ് എന്തെങ്കിലും പ്രതീക്ഷയ്ക്കു വക നല്‍കുന്നത്. സിറ്റിംഗ് ജഡ്ജിയെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിരമിച്ച ജഡ്ജിയെ നിയമിച്ചതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ട്.

ജുഡീഷ്യല്‍ അന്വേഷണം പ്രഹസനമാകുന്നതു കൊണ്ടാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിമാരുടെ സേവനം ലഭ്യമാക്കാത്തത്. ജുഡീഷ്യല്‍ അന്വേഷണവും സി.ബി.ഐ അന്വേഷണവും മാറിമാറി ആവശ്യപ്പെടുന്ന പ്രതിപക്ഷവും കോടതിയെ പോലെ പ്രായോഗിക സമീപനം സ്വീകരിക്കണം. നമ്മുടെ ക്രൈംബ്രാഞ്ചിനേക്കാള്‍ ഒട്ടും മേലേയല്ല സി.ബി.ഐ. സംശയമുള്ളവര്‍ അഭയ കേസിന്റെ നാള്‍വഴി പരിശോധിക്കട്ടെ. ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട കേസ് ഇപ്പോഴും പൂര്‍ത്തിയാകാതെ നിലനില്‍ക്കുന്നു എന്നു മാത്രമല്ല സി.ബി.ഐ കണ്ടെത്തിയ പ്രതികളില്‍ ഒരാളെ വിചാരണ പോലും നടത്താതെ കോടതി വെറുതെ വിടുകയും ചെയ്തു.

പി. എ മുഹമ്മദ് കമ്മീഷന്റെ പ്രവര്‍ത്തനം നമ്മുടെ മുന്നിലുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഹൈക്കോടതി പരിസരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് കമ്മീഷന്റെ അന്വേഷണവിഷയം. ഒരു സാധാരണ പൊലീസ് സ്‌റ്റേഷനില്‍ അന്വേഷിച്ച് തീര്‍ക്കേണ്ട വിഷയം മാത്രമാണത്. സമകാലികമായി പൊലീസ് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്. അതുപോരാതെ 2016 നവംബറില്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പലവട്ടം കാലാവധി ദീര്‍ഘിപ്പിച്ച് ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കമ്മീഷന്റെ ഇതുവരെയുള്ള ചെലവ് 1.84 കോടി രൂപയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേയ്ക്ക് അത് രണ്ടു കോടി കവിയും. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെ കുറിച്ചുള്ള ജസ്റ്റീസ് ഗോപിനാഥന്‍ കമ്മീഷന്റെ അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്.

മൂന്നര വര്‍ഷക്കാലം പ്രവര്‍ത്തിച്ച സോളര്‍ കമ്മീഷന് ചെലവായത് 1.23 കോടി രൂപയായിരുന്നു. പിന്നാക്ക കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന ജസ്റ്റിസ് ശിവരാജന്‍ സോളാര്‍ കമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍ ശമ്പളം വാങ്ങാതിരുന്നതു കൊണ്ടാണ് ചെലവ് മുഹമ്മദ് കമ്മീഷനേക്കാള്‍ താഴെയായത്. പൊലീസിന് എതിരെയുണ്ടാകുന്ന പരാതികള്‍ അന്വേഷിക്കുന്നതിന് നിയമപരമായി രൂപീകൃതമായ ഒരു അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് വി. കെ മോഹനനാണ് അതോറിറ്റിയുടെ അദ്ധ്യക്ഷന്‍. ഉരുട്ടിക്കൊല കമ്മീഷനായി അദ്ദേഹത്തെ തന്നെ നിയോഗിച്ചിരുന്നുവെങ്കില്‍ പാഴ്‌ചെലവ് ഗണ്യമായി കുറയുമായിരുന്നു.

പലരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി ജുഡീഷ്യല്‍ അന്വേഷണം എന്ന പാഴ്‌വേലയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ പാഴാകുന്നത് നമ്മുടെ പണമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിനു മുറവിളി കൂട്ടുന്ന പ്രതിപക്ഷത്തിന് ഈ ഓര്‍മ്മ ഉണ്ടാകുന്നത് നല്ലതാണ്. അന്വേഷണ കമ്മീഷന്റെ ശീതീകരണിയില്‍ കുറേക്കാലം ഇരിക്കുമ്പോള്‍ ഏതു കഞ്ഞിയും കളയാന്‍ പാകത്തില്‍ പഴങ്കഞ്ഞിയാകും. ഏതു കഥയും മറക്കാന്‍ പാകത്തില്‍ പഴങ്കഥയാകും.

Latest Stories

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് സര്‍ക്കാര്‍ നഷ്ടമായി കാണുന്നില്ല; അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സജി ചെറിയാന്‍

പൊലീസ് കാവലില്‍ മദ്യപാനം; കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

''നിലവിൽ ഐപിഎല്ലിന്റെ ഭാഗമായ എല്ലാ അന്താരാഷ്ട്ര കളിക്കാരേക്കാൾ മികച്ചവനാണ് അവൻ"; ജനപ്രിയ പ്രസ്താവനയുമായി സ്റ്റെയ്ൻ

മകളെ ശല്യംചെയ്തത് ചോദ്യംചെയ്തു; അയല്‍വാസിയുടെ ഓട്ടോറിക്ഷ കത്തിച്ച യുവാവ് പിടിയില്‍

'നിങ്ങൾക്ക് എന്നെ ധോണിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല'; ഐ‌പി‌എൽ കളിക്കുന്നത് തുടരാത്തതിന്റെ കാരണം പറഞ്ഞ് ഡിവില്ലിയേഴ്‌സ്

ചോര മണക്കുന്ന ധര്‍മ്മസ്ഥല; 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകളെല്ലാം മായ്ച്ചുകളഞ്ഞു പൊലീസ്; ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ കാലയളവിലെ രേഖകളാണ് പൊലീസ് നശിപ്പിച്ചിരിക്കുന്നത്

സിനിമാ കോണ്‍ക്ലേവില്‍ വിവാദ പ്രസ്താവന; ജാതീയ അധിക്ഷേപം നടത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

തുടരെ തുടരെ അപമാനം; സ്വന്തം ടീമിനെ വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്!

ഷാരൂഖ് ഖാനെ ഇഷ്ടമാണ്, പക്ഷെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്: ദേശീയ അവാർഡ് പുരസ്കാരത്തിൽ വി. ശിവൻകുട്ടി

WCL 2025: “ഞങ്ങൾ അവരെ തകർത്തേനെ...”: പാകിസ്ഥാനെതിരെ തുറന്ന ഭീഷണിയുമായി സുരേഷ് റെയ്‌ന