'നിപ' കൊടുങ്കാറ്റില്‍ തളര്‍ന്നില്ല; പോരാടി, തോല്‍പ്പിച്ചു

കോഴിക്കോട് ചെങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ ഒരു കുടുംബത്തിലുണ്ടായ തുടര്‍ മരണങ്ങളിലൂടെയാണ് നിപയെ മലയാളികള്‍ അറിഞ്ഞത്. 2018 മെയ് അഞ്ചിനു മരിച്ച മുഹമ്മദ് സാബിത്ത് എന്നയാള്‍ക്കാണ് കേരളത്തില്‍ ആദ്യമായി നിപ പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണത്തിനു കീഴടങ്ങി.

മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയില്‍ സാലിഹിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ലക്ഷണങ്ങളില്‍നിന്ന് നിപ ആണോയെന്ന സംശയം ആദ്യമായി മുന്നോട്ടുവെച്ചത് അവിടുത്തെ ഫിസിഷ്യനായിരുന്ന ഡോ. അനൂപ് കുമാര്‍ ആയിരുന്നു. തുടര്‍ന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധന ഫലം നിപ ശരിവെച്ചു. കൂടാതെ മറിയം, മൂസ എന്നിവര്‍ക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. പരിശോധനാഫലം വന്ന മെയ് 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നഴ്സ് ലിനി മരിക്കുന്നത്. ആദ്യം രോഗം പിടിപെട്ട സബിത്തിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പരിചരിക്കുമ്പോഴാണ് ലിനിയും നിപയുടെ പിടിയിലമരുന്നത്.

ഭീതിയുടെ നാളുകള്‍

സര്‍ക്കാര്‍ കണക്ക് പ്രകാരം 17 പേര്‍ നിപ ബാധിച്ചു മരിച്ചു. എന്നാല്‍ നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരും ഇതേ ലക്ഷണങ്ങളോടെ മരിച്ചവരുടെയും കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടതില്‍ നിന്ന് വ്യത്യസ്തമാണ്. അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം 23 പേര്‍ക്ക് രോഗം പിടിപെട്ടെന്നും 21 പേര്‍ മരിച്ചെന്നുമാണ്. എന്നാല്‍ അടുത്തിടെ പുറത്തു വന്ന ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉള്‍പ്പടെയുള്ള സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എക്സ്റേ വിഭാഗത്തിലെ ജീവനക്കാരിയായ സുധയുടെ മരണം നിപ ബാധിച്ചാണെന്നും, ഇക്കാര്യം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നുമുള്ള ആരോപണവുമായി അവരുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു.

പേരാമ്പ്രയ്ക്ക് സമീപമുള്ള ചെങ്ങരോത്ത് ഗ്രാമത്തിലാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ കോഴിക്കോട് ജില്ലയെ തന്നെ ഒറ്റപ്പെടുത്തിയ നാളുകളായിരുന്നു അത്. കോഴിക്കോടേക്കുള്ള യാത്ര തന്നെ പലരും ഒഴിവാക്കി. തിരക്കേറിയ മിഠായിത്തെരുവ് പോലെയുള്ള സ്ഥലങ്ങള്‍ വിജനമായി. എല്ലാ രംഗത്തും മാന്ദ്യം അനുഭവപ്പെട്ടു. ജോലി മുടങ്ങിയതോടെ പല കുടുംബങ്ങളും കഷ്ടപ്പാടിലായി.

നിശ്ചയിച്ചുറപ്പിച്ച വിവാഹം നടത്താന്‍ പോലും ബുദ്ധിമുട്ട് നേരിട്ടു. പേരാമ്പ്രയില്‍ ഉള്‍പ്പടെ ആശുപത്രി ജീവനക്കാരെ ജനങ്ങള്‍ അകറ്റി നിര്‍ത്തി. പേരാമ്പ്രക്കാര്‍ ഏതാണ്ട് ഒറ്റപ്പെട്ട പോലെയാണ് നിപ നാളുകള്‍ കഴിച്ചുകൂട്ടിയത്. ഇതിനിടയില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. പി.എസ്.സി ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. എല്ലാ രീതിയിലും നാട് സ്തംഭിച്ചുപോയ നാളുകളായിരുന്നു അത്.

“നിപ” സ്ഥിരീകരിച്ചതു മുതല്‍ അതിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗം. തിരുവനന്തപുരത്തു നിന്നുള്ള ഏകോപനത്തോടെ കോഴിക്കോട് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ച് ആരോഗ്യവകുപ്പ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചത്.

മറ്റ് സര്‍ക്കാര്‍ വകുപ്പുകളും എല്ലാ സഹായവുമായി ആരോഗ്യവകുപ്പിന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയമുള്ള രണ്ടായിരത്തിലധികം പേരെ നിരീക്ഷിച്ചു.

ജാഗ്രതയോടെയും കൂട്ടായുമുളള പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതും. നിപ നിയന്ത്രണ വിധേയമായശേഷവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഭയം ജനത്തെ കീഴടക്കിയപ്പോഴും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Latest Stories

ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കി; ഇന്ത്യയ്ക്ക് നാണക്കേട്; കേന്ദ്രനേതൃത്വം ഔദ്യോഗികമായി പ്രതികരിക്കണം; ആഞ്ഞടിച്ച് സചിന്‍ പൈലറ്റ്

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

പാകിസ്ഥാന് പിന്തുണ നല്‍കി, ഇനി ഇന്ത്യയുടെ ഊഴം; നിലപാട് കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ വ്യാപകമായി റദ്ദാക്കി ഇന്ത്യക്കാര്‍

പാകിസ്ഥാനെ പോലൊരു 'തെമ്മാടി രാഷ്ട്രത്തിന്റെ' പക്കല്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ?; അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പാക് ആണവായുധങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

ഇന്ത്യ ഇറക്കുമതി നികുതി ഒഴിവാക്കിയെന്ന് ഡൊണാള്‍ഡ് ട്രംപ്; യുഎസ് നികുതിയില്‍ പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍

'ഡിവോഴ്‌സ് ചെയ്യാവുന്ന ഒരേയൊരു ബന്ധം ഭാര്യയും ഭർത്താവും തമ്മിലുള്ളത്, മറ്റൊരു ബന്ധവും നമുക്ക് വിച്ഛേദിക്കാനാകില്ല'; മമ്മൂട്ടി

‘ഞാൻ പാർട്ടി വക്താവല്ല, വ്യക്തിപരമായ അഭിപ്രായം പറഞ്ഞു’; കേന്ദ്രനേതൃത്വം താക്കീത് ചെയ്‌തെന്ന വാർത്ത തള്ളി ശശി തരൂർ

ക്ഷേത്രങ്ങളില്‍ ഇനിയും പാടും, അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നത്; ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് വേടന്‍