ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ ആസ്ഥാനമായുള്ള പ്രമുഖ ധനകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചിന്‍മയ വിശ്വ വിദ്യാപീഠ് (കല്‍പിത സര്‍വകലാശാല) ധാരണാപത്രം ഒപ്പിട്ടു. വാറിയം റോഡിലെ യൂണിവേഴ്‌സിറ്റി കൊച്ചി കാമ്പസില്‍ നടന്ന ചടങ്ങില്‍ ചിന്‍മയ വിശ്വ വിദ്യാപീഠ് യൂണിവേഴ്‌സിറ്റി ആക്ടിംഗ് വൈസ് ചാന്‍സലര്‍ പ്രൊഫ. ടി. അശോകന്റെ സാന്നിധ്യത്തില്‍ യൂണിവേഴ്‌സിറ്റി ആക്ടിംഗ് രജിസ്ട്രാര്‍ ഡോ. പി. രാജേന്ദ്രനും ഫിന്‍എക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ പോട്ടവും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ എന്‍ഐഎസ്എം സര്‍ട്ടിഫിക്കേഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയമായി ക്യാപിറ്റല്‍ മാര്‍ക്കറ്റുമായി സര്‍വകലാശാല ബികോം ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചായിരിക്കും പാഠ്യപദ്ധതി. മഞ്ജുള അയ്യര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. രഞ്ജു ചന്ദ്രന്‍, ഡോ. രാഖി കെ. എസ്, ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരള റീജിയണല്‍ ഹെഡ് സ്വരൂപ് മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ബി. എഫ്. എസ്. ഐ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ചിന്‍മയ വിശ്വ വിദ്യാപീഠ് ആക്ടിംഗ് വൈസ് ചാന്‍സലര്‍ പ്രൊഫ. ടി. അശോകന്‍ പറഞ്ഞു.