ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി വിയറ്റ്നാമിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ വിൻഫാസ്റ്റ്. ഈ അടുത്താണ് ഗുജറാത്തിലെ സൂറത്തിൽ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ടെസ്‌ല, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്‌ക്കെതിരെ മത്സരിക്കാനായി വിൻഫാസ്റ്റ് കോംപാക്റ്റ് എസ്‌യുവിയായ VF6 നെയാണ് പുറത്തിറക്കിയിരിക്കുന്നത്.16 ലക്ഷം മുതലാണ് VF6 ന്റെ ഏറ്റവും വില കുറഞ്ഞ മോഡലിന് വില വരുന്നത്.
2025 ജനുവരിയിൽ ഡൽഹിയിൽ സംഘടിപ്പിച്ച ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് വിൻഫാസ്റ്റിൻറെ ഇന്ത്യൻ ഡിവിഷനായ വിൻഫാസ്റ്റ് ഓട്ടോ ഇന്ത്യ രണ്ട് എസ്‌യുവികൾ പ്രദർശിപ്പിച്ചത്. ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് കാറുകൾ രാജ്യത്ത് അവതരിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ അരങ്ങേറ്റം. ഇന്ത്യയിൽ ഏകദേശം 20 ലക്ഷം രൂപ വിലയിൽ ആരംഭിക്കുന്ന VF7 മിഡ് സൈസ് എസ്‌യുവിയും പുറത്തിറക്കുമെന്ന് ഹായ് ഫോങ് ആസ്ഥാനമായുള്ള വിൻഫാസ്റ്റ് അറിയിച്ചിട്ടുണ്ട്.
ജൂലൈയിൽ ഇന്ത്യയിൽ ആദ്യ ഷോറൂം തുറന്ന കമ്പനി 2025 ഡിസംബറോടെ 27 നഗരങ്ങളിലായി 35 ഡീലർഷിപ്പുകളായി വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ വില ആമുഖവിലയാണ്. കമ്പനി വിൽക്കുന്ന ആദ്യത്തെ 1,500 കാറുകൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കിൽ നവംബർ 30 വരെയായിരിക്കും ലഭ്യമാവുക. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്നു നോക്കിയായിരിക്കും ഈ വിലയിൽ മോഡൽ വിൽക്കുക.
ടെസ്‌ലയുടെ മോഡൽ Y, BYDയുടെ ATTO 3 എസ്‌യുവി എന്നിവയുമായി ഏകദേശം 25 ലക്ഷം വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വിൻഫാസ്റ്റിന്റെ ഇവികൾ മത്സരാധിഷ്ഠിത നിരക്കിലാണ് വില നിശ്ചയിക്കുന്നത്. ഇന്ത്യയിൽ മിഡ് സൈസ് മുതൽ അൽപ്പം പ്രീമിയം വരെയുള്ള വിഭാഗങ്ങളിൽ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചതായി വിൻഫാസ്റ്റ് ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാം സാൻ ചൗ അറിയിച്ചിട്ടുണ്ട്.
ഇതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ തദ്ദേശീയ കമ്പനികളുമായി നേരിട്ടുള്ള മത്സരത്തിന് വഴിയൊരുക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിൻഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാർജിംഗ് വിഭാഗമായ വി-ഗ്രീൻ വഴി കമ്പനി മൂന്ന് വർഷത്തെ സൗജന്യ ചാർജിംഗും വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം ഒരു വർഷത്തിനുള്ളിൽ 15,000 ചാർജറുകൾ നിർമ്മിക്കുക എന്ന പദ്ധതിയോടെ ഇന്ത്യയിൽ ആരംഭിക്കാൻ പോകുന്ന വി-ഗ്രീൻ, ഫ്രാഞ്ചൈസികൾക്ക് ധനസഹായം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ബാങ്കുകളുമായി തീരുമാനിച്ചിട്ടുണ്ടെന്നും ചൗ പറഞ്ഞു.
വിയറ്റ്നാമിന് പുറത്തുള്ള തങ്ങളുടെ ആദ്യത്തെ പ്ലാന്റ് കമ്പനി ജൂലൈയിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. പ്രതിവർഷം 50,000 വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ളതാണ് ഇത്. ഒരു വർഷത്തിനുള്ളിൽ വാർഷിക ഉത്പാദന ശേഷി 1,50,000 ആയി ഉയർത്താനും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് ഇരട്ടിയാക്കാനും കമ്പനി ലക്ഷ്യമിടുന്നു.
2024 ൽ കമ്പനി ആഗോളതലത്തിൽ 97,399 ഇലക്ട്രിക് വാഹനങ്ങളാണ് വിതരണം ചെയ്തത്. ഈ വർഷം അത് ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. ഏപ്രിലിൽ, വിൻഫാസ്റ്റിന്റെ സ്ഥാപകൻ ഫാം നാറ്റ് വൂങ്, ഉയർന്ന ലോജിസ്റ്റിക്സ് ചെലവുകൾ ലാഭത്തിൽ സ്വാധീനം ചെലുത്തുന്ന വടക്കേ അമേരിക്കയെയും യൂറോപ്പിനെയും അപേക്ഷിച്ച് ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ഏഷ്യയ്ക്ക് വാഹന നിർമ്മാതാക്കൾ മുൻഗണന നൽകുമെന്ന് പറഞ്ഞിരുന്നു.