രാഹുൽ മാങ്കൂട്ടത്തലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കോൺഗ്രസ് പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ..? എന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസ് പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ..?
രാഹുൽ മാങ്കൂട്ടത്തലിന്റെ എം എൽ എ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണം…
ബലാത്സംഗ കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുലിനെ പുറത്താക്കിയതായി പാർട്ടി ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെ കോൺഗ്രസ് പുറത്താക്കിയെന്നും എഐസിസിയുടെ അനുമതി വാങ്ങിയാണ് തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് രാജിവെക്കാണോ എന്ന് രാഹുലിന്റെ തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. രാഹുലിനെ പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവില്ല. ആക്ഷേപം ഉയർന്നപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്തു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും രാഹുൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ ചാപ്റ്റർ ക്ലോസ്‌ഡ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് താൻ പറയില്ലെന്നും കാരണം അത്തരത്തിലുള്ള പണിയല്ലല്ലോ രാഹുൽ ചെയ്തതെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുലിന് വേണ്ടി കോൺഗ്രസ് മുന്നിട്ടിറങ്ങില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.







