ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

അരളി പൂവ് കഴിച്ച് യുവതി മരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം അരളി ചെടി തിന്ന് പശുവും കിടാവും കൂടി ചത്തതോടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. വെറുമൊരു ചെടിയുടെ ഇലയും പൂവും മരണത്തിന് കാരണമാകുമോ എന്നാണ് എല്ലാവരുടെയും സംശയം. എന്നാൽ അതേ എന്നുതന്നെയാണ് ഇതിനുള്ള മറുപടി. അരളിച്ചെടിയിൽ വിഷമുണ്ട് എന്നത് പുതിയതായി കണ്ടെത്തിയ ഒരു കാര്യമല്ല. എന്നാൽ ഇക്കാലത്ത് അരളി വിഷാംശം ഉള്ള ഒരു ചെടിയാണെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം.

അലങ്കാരസസ്യമായ അരളി വളരെയധികം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു സസ്യമാണ്. കാരണം, അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷാംശമുണ്ട്. പൂക്കളിൽ ഉള്ളതിനേക്കാൾ കൂടുതൽ വിഷാംശം മറ്റ് ഭാഗങ്ങളിലാണ് ഉണ്ടാവുക. അരളിയുടെ ഏറ്റവും വിഷാംശം അടങ്ങിയ ഭാഗം വേരാണ്. ഇത് ശരീരത്തിലെത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ എത്തുന്ന അളവിനെ ആശ്രയിച്ചിരിക്കും ഗുരുതരാവസ്ഥ.

ചെറിയ അളവിലാണ് അരളിച്ചെടിയുടെ ഭാഗങ്ങൾ വയറ്റിൽ എത്തുന്നതെങ്കിൽ വയറിളക്കം, നിർജലീകരണം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ആണ് പ്രകടമാവുക. എന്നാൽ വലിയ അളവിൽ വിഷം ഉളിൽ പോയാൽ ഗുരുതരാവസ്ഥയാകും. നെരിയം ഒലിയാൻഡർ എന്നാണ് അപ്പോസൈനേസ്യ ജനുസിൽപ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം. അരളിയുടെ ഇല, പൂവ്, കായ തുടങ്ങി എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവയിൽ അടങ്ങിയ ഡിജിറ്റാലിസ് ഗ്ലൈക്കോസൈഡ് എന്ന രാസപദാർഥമാണ് വിഷാംശത്തിനു കാരണം.

ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാൻ അരളിയുടെ ഒരു ഇല കാരണമായേക്കാം എന്നാണ് പറയുന്നത്. ഓലിയാൻഡർ, ഓലിയാൻഡർ ജനിൽ എന്നിങ്ങനെ ഇവയിൽ അടങ്ങിയിരിക്കുന്ന വിഷം ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ഇത് ഏത് അവയവത്തെ വേണമെങ്കിൽ ബാധിക്കാം. മാത്രമല്ല, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളെ ഗ്ലൈക്കോസൈഡുകൾ നശിപ്പിക്കുകയും ചെയ്യും.

അരളിയിൽ അടങ്ങിയിരിക്കുന്ന വിഷം ഹൃദയാഘാതം ഉണ്ടാക്കും. വിഷം ഉള്ളിൽ ചെന്നാൽ ആദ്യം ഹൃദയത്തിന്റെ പ്രവർത്തനത്തെ പതിയെ ആക്കുകയും തടയുകയും ചെയ്യുന്നു. ശേഷം മരണത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുക. കരൾ, ശ്വാസകോശം, ഹൃദയം എന്നിവയെ വിഷം നേരിട്ടു ബാധിക്കുകയും രക്തം കട്ടപിടിക്കുന്ന സംവിധാനം തകരാറിലാക്കുകയും ചെയ്യുന്നു.

കരളിൽ രക്തസ്രാവം, ശ്വാസതടസ്സം, ശ്വാസകോശത്തിൽ രക്തസ്രാവം, ഹൃദയസ്പന്ദനത്തിൽ വ്യതിയാനം, ഹൃദയസ്തംഭനം എന്നിവയും ഉണ്ടായേക്കാം. മറ്റൊരു കാര്യം സയനൈഡിന്റെ മൂന്നിൽ ഒന്ന് സ്പീഡിലാണ് ഈ വിഷം ശരീരത്തിൽ പ്രവർത്തിക്കുക. എന്തെങ്കിലും ലക്ഷണങ്ങൾ പ്രകടമായത് ഉടൻ തന്നെ അത് തിരിച്ചറിയുകയാണ് പ്രധാനം. അറിഞ്ഞ ഉടനെ തന്നെ സമയം കളയാതെ വിദഗ്ധ ചികിൽസ തേടേണ്ടതുമാണ്.

വിഷാംശമുള്ള ചെടികളിൽ അരളി മാത്രമല്ല ഉള്ളത്. കുന്നിക്കുരു, കാഞ്ഞിരം ആവണക്കിന് കുരു തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ഉമ്മം, ചേര് തുടങ്ങിയവ പലവിധ അസ്വസ്ഥതകൾക്കും കാരണമാക്കുന്നു. കാഞ്ഞിരത്തിന്റെ കായയിലാണ് കൂടുതൽ വിഷമുണ്ടാവുകയെന്ന് പറയാറുണ്ടെങ്കിലും വേരിലും തടിയിലും വിഷാംശങ്ങൾ ഉണ്ട്. പൂജകൾക്ക് വേണ്ടി ഉപയോഗിക്കുന്ന എരുക്കിലും വിഷാംശം ഉണ്ട്, എന്നാൽ ഇത് മറ്റുള്ളവയെ അപേക്ഷിച്ച് കുറവാണ്.

അരളി ചെടിയിൽ അടങ്ങിയിരിക്കുന്ന വിഷം കാരണം നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവ് നിവേദ്യ പൂജകൾക്ക് ഉപയോഗിക്കുന്നില്ല. തുളസിക്കും തെച്ചിക്കുമൊപ്പം ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും അരളി ഉണ്ടാകാറുള്ളതിനാൽ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും അരളി പൂവ് വ്യാപകമായി നിരോധിച്ച് വരികയാണ്.

Read more

വനഗവേഷണകേന്ദ്രവും അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ മാത്രമല്ല ഓണത്തിന് പൂക്കളം ഒരുക്കുന്നതിനും തെക്കൻകേരളത്തിൽ മരണാനന്തര കർമങ്ങൾക്കും അരളിപ്പൂവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, അരളിയിൽ വിഷമുണ്ടെന്നറിയാതെ പല വീടുകളിലും ഇപ്പോഴും അരളി വളർത്താറുണ്ട്.