ഡോ ജോസ് ജോസഫ്
ബീഹാറിന്റെ ബ്ലാക്ക് ഡയമണ്ട് മഖാന ലോക സൂപ്പര്‍ ഫുഡ് വിപണിയിലെ പുതിയ താരമാണ്. ഇതിനെ ബീഹാറിന്റെ സ്വന്തം ബ്രാന്‍ഡായി ലോകത്തിനു സമ്മാനിക്കണമെന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദീര്‍ഘകാല സ്വപ്നമാണ്. കഴിഞ്ഞ വര്‍ഷം സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നായിഡുവിനു വേണ്ടി ആന്ധ്രയില്‍ മോദി സര്‍ക്കാര്‍ മഞ്ഞള്‍ ബോര്‍ഡ് തുടങ്ങി. 2025-26 ലെ കേന്ദ്ര ബജറ്റ് ബിഹാറിനു വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത് മഖാന ബോര്‍ഡാണ്. ഇന്ത്യയുടെ ഒരു സവിശേഷ ഭക്ഷ്യ ബ്രാന്‍ഡായി മഖാനയെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നതോടൊപ്പം രാഷ്ട്രീയ ലക്ഷ്യങ്ങളും ഈ പ്രഖ്യപനത്തിനു പിന്നിലുണ്ട്. 100 കോടി രൂപയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ മഖാന ബോര്‍ഡിനു വേണ്ടി നീക്കി വെച്ചിരിക്കുന്നത്.
മഖാന സൂപ്പര്‍ ഫുഡ്
രാജ്യാന്തര തലത്തില്‍ മാംസ ഭക്ഷണം ഉപേക്ഷിച്ച് സസ്യാഹാരത്തിലേക്കു തിരിയുന്നവര്‍ അന്വേഷിച്ചെത്തുന്ന സൂപ്പര്‍ ഫുഡായി അടുത്ത കാലത്ത് മഖാന മാറിയിട്ടുണ്ട്. ഇതില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയിട്ടുണ്ടെന്നതാണ് കാരണം. പ്രോട്ടീനിന്റെയും ഡയറ്ററി നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് മഖാന. ഇതില്‍ 10 ശതമാനത്തിലേറെ സസ്യജന്യ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും നല്ലയളവില്‍ അടങ്ങിയിട്ടുണ്ട്.
ഇതിന്റെ സത്ത് കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വാര്‍ദ്ധക്യത്തിലേക്കു കടക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കും. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വിവിധ ആന്റിഓക്സിഡന്റുകള്‍ ഇതിലടങ്ങിയിട്ടുണ്ട്.അമിത വണ്ണം കുറയ്ക്കും.പ്രമേഹത്തില്‍ നിന്നും അമിതവണ്ണത്തില്‍ നിന്നും സംരക്ഷിക്കുന്ന ക്വെര്‍സെറ്റിന്‍, കെംഫെറോള്‍,ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയവയും ഇതിലുണ്ട്. മഖാന ഒരു സാത്വിക ഭക്ഷണമായാണ് അറിയപ്പെടുന്നത്.ദേവന്മാര്‍ക്ക് മഖാന സമര്‍പ്പിക്കുകയും ദേവന്മാര്‍ക്കും ദേവതകള്‍ക്കും മാലകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
മഖാനയുടെ കൃഷി
‘ഫൂല്‍ മഖാന’,താമര വിത്തുകള്‍ ,ഗോര്‍ഗണ്‍ നട്ട്, ഫോക്‌സ് നട്ട് , പ്രിക്ലി വാട്ടര്‍ ലില്ലി, തുടങ്ങിയ പേരുകളില്‍ ഇത് അറിയപ്പെടുന്നു. ശരിക്കും ഇതൊരു വാട്ടര്‍ ലില്ലിയാണ്. തെക്ക് -കിഴക്ക് ഏഷ്യയിലെ ഉഷ്ണ മേഖല പ്രദേശങ്ങളില്‍ കാണപ്പെടുന്നു. യൂറിയേല്‍ ഫെറോക്‌സ് എന്നാണ് ശാസ്ത്ര നാമം.ഗ്രീക്ക് പുരാണത്തിലെ മൂന്ന് ഗോര്‍ഗോണ്‍ സഹോദരിമാരില്‍ ഒരാളായ യൂറിയേലുമായി ബന്ധപ്പെടുത്തിയാണ് ഈ പേര്.ഗോര്‍ഗണ്‍ എന്നത് ഭയാനകമായതിനെ സൂചിപ്പിക്കുന്നു.ഉപരിതലത്തില്‍ മുള്ളുകളുള്ള വാട്ടര്‍ ലില്ലിയാണ് മഖാന.ഇതിന്റെ ഇലകള്‍ വലുതും വൃത്താകൃതിയിലുള്ളതുമാണ്.അവയെ കുളത്തിന്റെ മുകളില്‍ കാണാം. പക്ഷേ വിത്തുകള്‍ വെള്ളത്തിനടിയില്‍ കായ്കളായി രൂപം കൊള്ളുന്നു, അതിനാല്‍ പരമ്പരാഗതമായി ഇതിന്റെ വിളവെടുപ്പ് ആയാസകരമാണ്. നല്ല ശാരീരിക ശേഷിയും അധ്വാനശേഷിയും വേണം വിളവെടുപ്പു പൂര്‍ത്തിയാക്കാന്‍. വിത്തുകള്‍ എട്ട് – പത്ത് അടി താഴ്ച്ചയില്‍ ചെടിയുടെ ചുവട്ടില്‍ നിന്നും വേണം ശേഖരിക്കാന്‍. വിളവെടുക്കാന്‍ ദിവസവും കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും ചെളിയില്‍ പുതഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴേണ്ടി വരും.ചെടികളിലെ മൂര്‍ച്ചയുള്ള മുള്ളുകള്‍ ശരീരത്തില്‍ മുറിവുകളുണ്ടാക്കും. ചെളിവെള്ളം അണുബാധയുണ്ടാക്കും.പരമ്പരാഗതമായി ബീഹാറിലെ ‘മല്ല ‘സമുദായത്തില്‍ പെട്ടവരാണ് ഇതിന്റെ വിളവെടുപ്പു നടത്തുന്നത്.കനത്ത വെള്ളപ്പൊക്കമുണ്ടായാല്‍ ചെടികള്‍ കൂട്ടത്തോടെ ഒഴുകിപ്പോകും വിളവെടുപ്പു പോലെ കഠിനമാണ് ഇതിന്റെ സംസ്‌ക്കണവും. ഉയര്‍ന്ന ചൂടില്‍ ഉണക്കി പൊട്ടിച്ച് വിത്തുകള്‍ പുറത്തെടുക്കണം.ഇതിനിടയില്‍ കുറെയേറെ വിത്ത് പാഴായിപ്പോകും.
മഖാന കൃഷി ശാസ്ത്രീയമാക്കിയത് ഡോ മനോജ് കുമാര്‍.
കഴിഞ്ഞ 10 വര്‍ഷം കൊണ്ടാണ് ബീഹാറിലെ മഖാന കൃഷിയില്‍ വലിയ മുന്നേറ്റമുണ്ടായത്. അതിനു കാരണക്കാരന്‍ ഡോ മനോജ് കുമാര്‍ എന്ന കൃഷി ശാസ്ത്രജ്ഞനും. ബീഹാറിലെ ദര്‍ബങ്കയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ മഖാനയിലെ (ചഞഇങ) സീനിയര്‍ സയന്റിസ്റ്റ് ഡോ. മനോജ് കുമാറിന്റെ ദീര്‍ഘകാലത്തെ ഗവേഷണമാണ് മഖാന കൃഷിയെ കൂടുതല്‍ ആധുനികവും സുസ്ഥിരവും ലാഭകരവുമായ ഒരു കാര്‍ഷിക വിളയാക്കി മാറ്റിയത്. .ചതുപ്പുനിലമുള്ള തണ്ണീര്‍ത്തടങ്ങള്‍, ടാങ്കുകള്‍, കുളങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഖാന പരമ്പരാഗതമായി വളരുന്നത്.അഞ്ച് മുതല്‍ ആറ് അടി വരെ ആഴത്തിലുള്ള വെള്ളം ഇതിന്റെ കൃഷിയ്ക്ക് ആവശ്യമാണെന്ന പരമ്പരാഗത വിശ്വാസം ഡോ മനോജ് കുമാര്‍ തിരുത്തി.30 സെന്റിമീറ്റര്‍ വരെ ആഴം കുറഞ്ഞ വെള്ളത്തിലും മഖാന വളരുമെന്ന് തെളിയിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.
ഡോ മനോജ് കുമാറിന്റെ ഈ ഗവേഷണത്തോടെ മറ്റ് വിളകളെപ്പോലെ മഖാനയും വയലുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാമെന്നായി. ഉയര്‍ന്ന വിളവ് നല്‍കുന്ന ‘സ്വര്‍ണ്ണ വൈദേഹി’ എന്ന മഖാന ഇനവും ഡോ. കുമാറിന്റെ സംഭാവനയാണ്. അത്യുല്പാദന ശേഷിയുള്ള ഈ ഇനം പ്രാദേശിക സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെടും. പരമ്പരാഗത ഇനങ്ങളെക്കാള്‍ ഇരട്ടി വിളവ് കൂടുതല്‍ നല്‍കും.നഴ്‌സറികളില്‍ മഖാന തൈകള്‍ വളര്‍ത്തുന്നതിനും വരികളില്‍ നടുന്നതിനുമുള്ള സാങ്കേതിക വിദ്യയും ഡോ മനോജ് കുമാര്‍ വികസിപ്പിച്ചെടുത്തു. വെള്ളപ്പൊക്കം വളരെക്കാലമായി മഖാന കൃഷിക്ക് ഒരു പ്രധാന ഭീഷണിയാണ്, ഇതു പരിഹരിക്കാന്‍ നെറ്റ് ഫെന്‍സിംഗ് രീതിയും ഡോ മനോജ് അവതരിപ്പിച്ചു. വെള്ളപ്പൊക്കത്തില്‍ ചെടികള്‍ ഒലിച്ചുപോകാതെ സംരക്ഷിക്കുന്നതിന് മഖാന പാടങ്ങള്‍ക്ക് ചുറ്റും മെഷ് ബാരിയറുകള്‍ സ്ഥാപിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കു വേണ്ടി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നഴ്‌സറികളില്‍ പാകാം.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പറിച്ചുനടുന്നു, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ വിളവെടുക്കും വന്യമായി വളരുന്ന ഇനങ്ങളും ഇതേ സമയം വിളവെടുക്കാം.
മിഥില മഖാനയ്ക്ക് ജി ഐ ടാഗ്
മറ്റ് വിളകളെപ്പോലെ വയലുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാമെന്നാതായതോടെ ബീഹാറില്‍ മഖാന കൃഷി അതിവേഗം വ്യാപിച്ചു. 2022 ഏപ്രിലില്‍ ‘മിഥില മഖാന’ എന്ന ഭൗമ സൂചിക (ജി ഐ ടാഗ് ) ലഭിച്ചതോടെ മഖാനയുടെ വിപണി മൂല്യം കുതിച്ചുയര്‍ന്നു, മിഥില മഖാനയ്ക്കുള്ള ജിഐ ടാഗ് ബിഹാറിലെ 21 ജില്ലകളില്‍ കൃഷി ചെയ്യുന്ന മഖാന ക്കാണ് അനുവദിച്ചിരിക്കുന്നത്.ഇതോടെ പുതിയ സംരഭകരും സ്റ്റാര്‍ട്ടപ്പുകളും മഖാനയുടെ വിപണന മേഖലയിലേക്കു കടന്നു വന്നു.രാജ്യത്തെ മഖാന ഉല്പാദനത്തിന്റെ 85 ശതമാനവും ബീഹാറില്‍ നിന്നാണ് മിഥിലാഞ്ചല്‍ മേഖലയിലെ മധുബാനി, ദര്‍ഭംഗ, സീതാമര്‍ഹി പ്രദേശങ്ങളില്‍ വ്യാപകമായി മഖാന കൃഷിയുണ്ട്. എന്‍ ഡി എ യുടെ ശക്തികേന്ദ്രങ്ങളായ കോസി മേഖലയിലും സീമാഞ്ചല്‍ മേഖലയിലും കൃഷിയുണ്ട്. 35000 ഹെക്ടറിലാണ് നിലവില്‍ കൃഷി.മഖാന ബോര്‍ഡ് വരുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൃഷി ഇരട്ടി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ബീഹാറിന്റെ ഈ തനത് ഉല്പന്നത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദീര്‍ഘകാല സ്വപ്നമാണ് മഖാന ബോര്‍ഡിന്റെ സ്ഥാപനത്തോടെ സഫലമാകുന്നത്.
മല്ല സമുദായത്തിന്റെ വോട്ടു ബാങ്കില്‍ പ്രതീക്ഷ
പരമ്പരാഗതമായി ബീഹാറിലെ ‘മല്ല ‘സമുദായത്തില്‍ പെട്ടവരാണ് ഇതിന്റെ വിളവെടുപ്പു നടത്തുന്നത്. മത്സ്യത്തൊഴിലാളികളും വഞ്ചിക്കാരും ഉള്‍പ്പെടുന്ന ഈ സമുദായം ബീഹാര്‍ ജനസംഖ്യയുടെ 2.6 ശതമാനം വരും. സമുദായത്തിലെ ഒരു ലക്ഷത്തോളം കുടുംബങ്ങളാണ് ഈ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നത് .മല്ല സമുദായം ചില പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ നിര്‍ണ്ണായക വോട്ട് ബാങ്കാണ്. മറ്റ് കീഴ്ജാതിക്കാരുടെ ഇടയില്‍ ഇവര്‍ക്ക് നല്ല സ്വാധീനവുമുണ്ട്. മഖാന ബോര്‍ഡ് പ്രഖ്യാപനം ഈ വോട്ട് ബാങ്കിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് അനുകൂലമായി തിരിക്കുമെന്നാണ് പ്രതീക്ഷ.
2033 ല്‍ 100 ദശലക്ഷം ഡോളര്‍ വിപണി
മഖാന പരമ്പരാഗതമായി ബീഹാറിന്റെ കൃഷിയാണെങ്കിലും അടുത്ത കാലത്ത് അത് അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സ്‌ഫെറിക്കല്‍ ഇന്‍സൈറ്റ്‌സിന്റെ കണക്കനുസരിച്ച്, 2023 ല്‍ ആഗോള മഖാന വിപണിയുടെ മൂല്യം 43.56 ദശലക്ഷം ഡോളറായിരുന്നു, 2033 ആകുമ്പോഴേക്കും ഇത് 100 ദശലക്ഷം ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇന്ത്യന്‍ സൂപ്പര്‍ ഫുഡ് വ്യവസായത്തിലെ വഴിത്തിരിവാണ് മഖാന ബോര്‍ഡ് പ്രഖ്യാപനമെന്ന് ചില വിദഗ്ദര്‍ വിലയിരുത്തുന്നു.ശക്തി.സുധ, മിസ്റ്റര്‍ മഖാന ,ഫാംലി തുടങ്ങിയവയാണ് പ്രമുഖ ഇന്ത്യന്‍ മഖാന ബ്രാന്‍ഡുകള്‍. അടുത്ത കാലത്ത് മഖാനയുടെ അന്താരാഷ്ട്ര വില കുതിച്ചുയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് 19 മഹാമാരിക്കു ശേഷം. .ഇതിന് രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ കിലോഗ്രാമിന് 13000 രൂപ വിലയുണ്ട്.കയറ്റുമതി വിപണി വികസിച്ചാല്‍ കര്‍ഷകര്‍ ധനികരാകും. മഖാന ലോകത്തിനു വില്‍ക്കാവുന്ന ഒരു ഇന്ത്യന്‍ ബ്രാന്‍ഡാണെന്ന് സംരംഭകന്‍ നിഖില്‍ കാമത്ത് ജനുവരി 17 ന് എക്‌സില്‍ ഇട്ട കുറിപ്പ് ബജറ്റിലെ മഖാന ബോര്‍ഡ് പ്രഖ്യാപനത്തിനു ശേഷം വൈറലായിരുന്നു.