ഒടുവില്‍ വീണത് ശിവാജി പ്രതിമ, ചോര്‍ന്നൊലിച്ച പാര്‍ലമെന്റും അയോധ്യയും! പണിഞ്ഞുയര്‍ത്തിയതെല്ലാം പൊളിഞ്ഞടുങ്ങുന്ന മോദി കാലം!

ചെസ് നമ്പര്‍ ലാസ്റ്റ് ഓണ്‍ സ്‌റ്റേജ്‌ ശിവാജി പ്രതിമ എന്നതാണ് മോദി സര്‍ക്കാരിന്റെ ഇന്ത്യ പുനര്‍നിര്‍മ്മാണത്തിലെ ഒടുവിലത്തെ പുറത്തുവന്ന പൊളിഞ്ഞു വീഴ്ച. പാര്‍ലമെന്റ് ചോര്‍ച്ച, അയോധ്യ ചോര്‍ച്ച, മധ്യപ്രദേശിലെ മഹാകാല്‍ പ്രതിമ വീഴ്ച, ബിഹാറിലെ പൂര്‍ത്തിയാകും മുന്നേയും ഉദ്ഘാടനശേഷവും വിരലുകള്‍ കൊണ്ട് എണ്ണിയെടുക്കാവുന്നതിലടക്കം പാലങ്ങളുടെ വീഴ്ച, മുംബൈയിലെ കോസ്റ്റല്‍ റോഡ് ടണലിലെ വെള്ള ചോര്‍ച്ച, അയോധ്യ രാംപാഥിലെ 14 കിലോമീറ്റര്‍ റോഡിന്റെ കൊല്ലം ഒന്നാകും മുമ്പുള്ള കുണ്ടുംകുഴിയും, ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്, ഇതൊന്നും പോരാതെ നീറ്റിലടക്കമുള്ള പേപ്പര്‍ ചോര്‍ച്ചയും. മോദി സര്‍ക്കാരിന്റെ അഴിമതിയില്ലാ ഭരണം കൈവച്ചതെല്ലാം ഉദ്ഘാടനം കഴിഞ്ഞു ഒരു കൊല്ലം കഴിഞ്ഞതിന് മുമ്പ് വീണുടയുന്ന കാഴ്ചയുടെ ബാക്കിപത്രമാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണ ശിവാജി പ്രതിമ.

1000 വര്‍ഷം മുന്നില്‍ കണ്ടാണ് താന്‍ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊല്ലം ഒന്നാകുമുമ്പ് പൊളിഞ്ഞു വീണതും ചോര്‍ന്നൊലിച്ചതുമായ പല നിര്‍മ്മിതികളുടേയും ഉദ്ഘാടകന്‍. കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയെ പരിഹസിച്ചും എതിരിട്ടും ബിജെപിയും മോദിയുമുണ്ടാക്കിയ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ മകന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണം വാരി ബോര്‍ഡിന്റെ തലപ്പത്തെത്തിയതിലും സ്വജനപക്ഷപാതം ഒട്ടുമില്ലാത്തതിനാല്‍ ഇപ്പോഴും കോണ്‍ഗ്രസുകാരുടെ കുടുംബവാഴ്ചയാണ് ബിജെപിയുടെ പ്രധാന പ്രശ്‌നം. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞു രായ്ക്ക് രാമായനം മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ പണിതിറക്കിയ പാര്‍ലമെന്റ് വര്‍ഷമൊന്ന് കഴിയും മുമ്പേ ചോര്‍ന്നിറങ്ങിയതിലും ലവലേശം ഉളുപ്പില്ലാതെ അഴിമതിക്കെതിരായുള്ള പോരാട്ടം കഴിഞ്ഞ 10 വര്‍ഷം മുമ്പുള്ള കാലത്തേതിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് മോദിയും ടീമും. ചോര്‍ന്നൊലിക്കുന്ന വെള്ളം പിടിക്കാന്‍ ബക്കറ്റുവെച്ചിരിക്കുന്ന കാഴ്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവെടുത്ത് എക്‌സിലിട്ടപ്പോഴും ഗുജറാത്തുകാരനായ കരാറുകാരനെ പൊതിഞ്ഞു സംരക്ഷിക്കാന്‍ ഗുജറാത്ത് ടീം നന്നായി മെനക്കെട്ടു.

മൂന്നാമതും അധികാരത്തിലേറാന്‍ തിരഞ്ഞെടുപ്പിന് മുമ്പേ ഓടിപ്പിടിച്ച് മോദി സ്വയം പ്രാണപ്രതിഷ്ഠ നടത്തിയ അയോധ്യയും ചോര്‍ന്നൊലിച്ചത് പണിത് ആറ് മാസം തികയും മുമ്പാണ്. അയോധ്യ ക്ഷേത്രത്തിലേക്ക് വമ്പന്‍മാരുടെ വരവ് പ്രമാണിച്ച് യുപിയിലെ യോഗിസര്‍ക്കാര്‍ പണിത് തീര്‍ത്ത 14 കിലോമീറ്റര്‍ റോഡും ആറേഴ് മാസം കഴിയും മുമ്പേ തകര്‍ന്നടിഞ്ഞു. ആറ് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് തല മൂടാതിരിക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ബിഹാറില്‍ നോണ്‍ ബയോളജിക്കല്‍ എന്ന് സ്വയം പറയുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയും സഖ്യകക്ഷിയും ചേര്‍ന്ന് ഭരിക്കുന്നിടത്ത് പണിത് പൂര്‍ത്തിയാക്കും മുമ്പേയും ഉദ്ഘാടനം കഴിഞ്ഞു രണ്ടാഴ്ച കഴിയും മുമ്പും പാലങ്ങള്‍ തകര്‍ന്നുവീഴുകയാണ്. 13ലധികം പുത്തന്‍ പാലങ്ങളാണ് നിര്‍മ്മാണം കഴിഞ്ഞു കൊല്ലം ഒന്ന് പൂര്‍ത്തിയാകാതെ അടിഞ്ഞുവീണത്. മഹാരാഷ്ട്രയിലാകട്ടെ മാര്‍ച്ചില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മുംബൈ കോസ്റ്റല്‍ റോഡിലെ കടലിന്നടിയിലെ ടണല്‍ രണ്ട് മാസം തികയും മുമ്പ് ചോര്‍ന്നൊലിച്ചു. ഉദ്ഘാടന മഹാമഹത്തില്‍ ബിജെപി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും തകര്‍ത്തെങ്കില്‍ ചോര്‍ച്ച വന്നപ്പോള്‍ പഴയ ആഴേശം ടണല്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടില്ല. കാരണം ഈ വര്‍ഷം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന് ഇടയിലാണ്. ഇനി ഈ ടെര്‍മിനല്‍ 1 അറ്റകുറ്റപ്പണിക്ക് ശേഷം ഈ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണെന്ന് കൂടി പറയട്ടെ.

മോദി സര്‍ക്കാരിന്റെ പ്രതിമ നിര്‍മ്മാണ മഹാമത്തില്‍ നിര്‍ണായകമായിരുന്നു മധ്യപ്രദേശിലെ മഹാകാലേശ്വര്‍ ക്ഷേത്ര പരിസരത്തെ സപ്തര്‍ഷി പ്രതിമകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കഴിഞ്ഞ ഒകിടോബറില്‍ 7 ഋഷിമാരുടേയും പ്രതിമകള്‍ ഉദ്ഘാടനം ചെയ്തത്. ഈ മേയില്‍ കൊല്ലം ഒന്നാകും മുമ്പ് ആറ് ഋഷിമാരുടെ പ്രതിമ കാറ്റില്‍ തകര്‍ന്ന് താഴെ വീണു. ദൈവത്തെ പോലും അഴിമതി കാര്യത്തില്‍ ബിജെപിക്കാര്‍ വെറുതെ വിടില്ലെന്നായിരുന്നു അന്നുണ്ടായ പ്രതിപക്ഷ വിമര്‍ശനവും ട്രോളും.

ഇതെല്ലാം ഒന്ന് ഒതുങ്ങി വരുമ്പോഴാണ് മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ തകര്‍ന്നുവീഴുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പ്രതിമയാണ് ഒരു കൊല്ലം പോലും തികയാതെ വീണുടഞ്ഞത്. സിന്ധുദുര്‍ഗില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു മറാത്തക്കാരെ ഉണര്‍ത്താന്‍ ഛത്രപതി ശിവാജിയുടെ രണ്ടര കോടിയുടെ പ്രതിമ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തത്. പ്രതിമ വീണു പൊടിഞ്ഞപ്പോള്‍ മാപ്പേ എന്നും പറഞ്ഞാണ് പിഎം മോദി സ്ഥലത്ത് ലാന്‍ഡ് ചെയ്തത്. കാരണം ഒക്ടോബറില്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലേക്ക് പോകും. രാജ്കോട്ട് കോട്ടയിലെ ഇതിഹാസ ഭരണാധികാരിയുടെ പ്രതിമ തകര്‍ന്നതില്‍ ഛത്രപതി ശിവജിയോടും വേദനിച്ച എല്ലാവരോടും മോദി മാപ്പ് പറഞ്ഞു. കരഞ്ഞുകാലുപിടിച്ച് മറാത്തക്കാരോട് അവരുടെ ബിംബത്തിന്റെ വീഴ്ചയില്‍ തലതാഴ്ത്തി മാപ്പു പറയുകയാണ് പ്രധാനമന്ത്രി. പ്രതിമ നിര്‍മ്മാണത്തിലെ അഴിമതി വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ചോര്‍ന്ന് ഒലിക്കുന്നതും പൊളിഞ്ഞു വീണതുമായ മോദിക്കാലത്തെ എല്ലാ നിര്‍മ്മിതിയും വീണ്ടും സജീവ ചര്‍ച്ചയാകുന്നുണ്ട്. ഇതാണേ്രത ബിജെപിക്കാരുടെ അഴിമതി നിര്‍മ്മാര്‍ജ്ജനം. വാക്കിലും പ്രവര്‍ത്തിയിലും മാപ്പ് ചോദിക്കലിന്റെ ചരിത്രം ഇത്തരം കാര്യങ്ങളില്‍ എപ്പോഴും ആവര്‍ത്തിക്കാന്‍ കാവിരാഷ്ട്രീയത്തിന് മടുപ്പില്ലെന്ന് മോദിയുടെ രാജ്‌കോട്ടിലെ മാപ്പ് പറച്ചിലില്‍ കാണാം.

Latest Stories

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം