10,000 പേർ പങ്കെടുക്കുമെന്ന് അറിയിച്ച റാലിയിലേക്ക് ഇരച്ചെത്തിയത് കാൽ ലക്ഷത്തിലധികം പേർ. രാവിലെ പത്ത് മുതൽ കാത്തുനിന്ന് തളർന്ന ആൾക്കൂട്ടത്തിലേക്ക് വിജയ് എത്തുന്നത് വൈകിട്ട് ഏഴരയ്ക്ക്. നിർജലീകരണവും തിരക്കിൽ ശ്വാസം മുട്ടിയും അവശരായ ജനക്കൂട്ടത്തെ കണ്ടിട്ടും ഭാവി മുഖ്യമന്ത്രിക്ക് ഒന്നും തോന്നിയില്ല. വെള്ളം വേണമെന്നാവശ്യപ്പെട്ട് നിലവിളിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്കിടയിലേക്ക് വിജയ് രണ്ടോ മൂന്നോ കുപ്പി വെള്ളം എറിഞ്ഞുകൊടുക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിനിടയിൽ ഒരു കുട്ടിയെ കാണാനില്ലെന്ന് വിജയ് തന്നെ അനൗൻസ്മെന്റ് നടത്തുന്നതും കാണാം. ഇത്രയേറെ സംഭവിച്ചിട്ടും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലേ എന്നൊരു നിമിഷം പോലും വിജയ്‌ക്ക് ചിന്തിക്കാനായില്ല. കാരണം സിനിമയല്ല യാഥാർഥ്യം എന്നത് അയാൾക്ക് ഇന്നലെ വരെ മനസായിലായിട്ടുണ്ടായിരുന്നില്ല.
മാത്രമല്ല, വലിയൊരു ആൾക്കൂട്ട ദുരന്തത്തിന് പ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആൾ പിന്നാമ്പുറം വഴി ഒളിച്ചോടി കാരവനിൽ എത്തി, ഹൃദയം നുറുങ്ങുന്നുവെന്ന് എക്‌സിൽ പോസ്റ്റിട്ട് പ്രൈവറ്റ് ഫ്ലൈറ്റിൽ ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് സുരക്ഷിതനായി മടങ്ങി. അതേസമയത്ത് അയാളെ വിശ്വസിച്ചും സ്നേഹിച്ചും പാഞ്ഞെത്തിയ ഒരായിരം മനുഷ്യർ മരണം മുന്നിൽ കണ്ടു ദുരന്ത ഭൂമിയിലും ആശുപത്രികളിലും പിടയുകയായിരുന്നു.
മണിക്കൂറുകൾ വൈകി വന്നതും വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാഞ്ഞതും ദുരന്തത്തിന് കാരണമായി. വിജയ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ കറന്റ് പോവുകയും മൈക്ക് ഓഫ് ആകുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആ സമയം വിജയ് എന്താണ് പറയുന്നതെന്ന് അറിയാൻ വാഹനത്തിന് അടുത്തേക്ക് ജനങ്ങൾ ഇരച്ചെത്തിയതും ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ റാലികൾക്കും പരിപാടികൾക്കും ഡിഎംകെ ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് ഇതുവരെ എല്ലാ പ്രസംഗങ്ങളിലും വിജയ് പരാതി പറഞ്ഞിരുന്നു. സ്റ്റാലിൻ ഗവൺമെണ്ടും ടിവികെ പാർട്ടിയും തമ്മിൽ സുരക്ഷാ ക്രമീകരണങ്ങളെ ചൊല്ലി നിരന്തരം പോരടിച്ചിരുന്നു. ഗവന്മെന്റ് നൽകുന്ന സുരക്ഷാ മാനദണ്ഢങ്ങൾ വിജയ് ലംഘിക്കുകയും ചെയ്തിരുന്നു. അടുത്തിടെ കമൽഹാസൻ വിജയ്ക്ക് മുന്നറിയിപ്പ് നൽകിയത് ‘ആൾക്കൂട്ടം വോട്ടായി മാറുമെന്ന് വിജയ് പ്രതീക്ഷ വെയ്ക്കരുത്’ എന്നാണ്. വിജയിയെപ്പോലൊരാൾ ഒരു റാലിക്കെത്തുമ്പോൾ അവിടെ വിജയ് എന്ന നടനെ ആരാധനയോടെ കാണുവാനും വിജയ് എന്ന രാഷ്ട്രീയക്കാരനെ കേൾക്കാനും, അങ്ങനെ രണ്ട് തരത്തിൽ ആളുകൾ എത്തും. ഈ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശക്തമായ മുൻകരുതലുകൾ എടുക്കാൻ വിജയ് ബാധ്യസ്ഥനായിരുന്നു. അതിനാൽ തന്നെ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ പൂർണ ഉത്തരവാദി വിജയ് ആണ്.
രാഷ്ട്രീയത്തിൽ ഉത്തരവാദിത്തം കൂടി ഉണ്ടാകുമ്പോൾ മാത്രമാണ് ഒരാൾ നേതാവാകുന്നത്. അതിന്റെ ഏറ്റവും ഗംഭീരമായ ഉദാഹരണമാണ് കരൂരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ദുരന്തമുണ്ടായി മണിക്കൂറുകൾക്കകം സംഭവ സ്ഥലത്തെത്താൻ സ്റ്റാലിൻ കഴിഞ്ഞു. ഉദയനിധി അടക്കമുള്ള തമിഴ്നാട് മന്ത്രിസഭ ദുരന്ത ഭൂമിയിലുണ്ട്. വിജയ് ഉള്ളതാവട്ടെ സ്വന്തം വീട്ടിലും.
തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യത്തെ ദുരന്തമല്ല, ഇന്നലെ കരൂരിലുണ്ടായത്. ഈ കഴിഞ്ഞ ജനുവരി 29ന് പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 30 തീർത്ഥാടകരാണ് മരണപ്പെട്ടത്. കേരളത്തിലേക്ക് വന്നാൽ കൊച്ചി കുസാറ്റിലുണ്ടായ 2023 നവംബർ 25ന് ഒരു ടെക് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് നാല് വിദ്യാർഥികൾ മരിക്കുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തമിഴ് ജനത ആവട്ടെ സിനിമക്കാരോടും രാഷ്ട്രീയക്കാരോടും വികാരപൂർവം ആരാധന വെച്ചുപുലർത്തുന്നവരാണ്. ഇത്തരം ആൾക്കൂട്ട ദുരന്തത്തിന്റെ നിരവധി ഉദാഹരണങ്ങൾ തമിഴ്നാട്ടിൽ ഉണ്ടായിട്ടുള്ളതുമാണ്.
2016 ൽ ജയലളിതയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേർ കൊല്ലപ്പെടുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2018 ൽ കരുണാധിയുടെ മരണത്തോട് അനുബന്ധിച്ച് നടന്ന റാലിയിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധിപ്പേർ അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു. 2008 ൽ ചിരഞ്ജീവി നേതൃത്വം നൽകിയ പ്രജാ രാജ്യം പാർട്ടിയുടെ റാലിയിലും രണ്ട് മരണങ്ങൾ സംഭവിച്ചിരുന്നു. സിനിമ തീയേറ്ററിൽ ഉണ്ടാകുന്ന തിക്കിലും തിരക്കിലുംപെട്ടും തമിഴ്നാട്ടിൽ അനേക അപകട മരങ്ങൾ ഉണ്ടായിട്ടുണ്ട്. ‘പുഷ്പ 2’ പ്രീമിയറിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതും ഏറെ ചർച്ചയായ സംഭവമാണ്.
രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചയുടൻ തന്നെ ഭരണത്തിലിരിക്കുന്ന ഡിഎംകെയെ ശത്രുവായി പ്രഖ്യാപിച്ചതും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാത്തതും വിജയ്ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. വിജയ്‌യുടെ അറസ്റ്റ് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങിയിട്ടുമുണ്ട്. രണ്ട് വർഷം മാത്രം പ്രായമുള്ള തമിഴക വെട്രി കഴകം പാർട്ടിയുടെ ഭാവിയും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടിയ വിജയ്‌യുടെ രാഷ്ട്രീയ ഭാവിയും ഇനി എന്താകുമെന്നത് കണ്ടറിയേണ്ടത് തന്നെയാണ്.