River of Grey Flowers എന്ന നോവൽ തന്റെ ആദ്യ പേജുകളിൽ തന്നെ വായനക്കാരനെ ഒരു ഇരുണ്ട ജലധാരയിലേക്ക് തള്ളിവിടുന്നു,അവിടെ കഥയല്ല ആദ്യം അനുഭവപ്പെടുന്നത്, മറിച്ച് ശരീരത്തിന്റെ വേദനയും ശ്വാസം നിലനിർത്താനുള്ള അടിയന്തരതയും. തായ്ലൻഡ്–മ്യാൻമർ അതിർത്തിയിലൂടെയുള്ള Moei River എന്ന നദിയിൽ രക്ഷപ്പെടുന്ന അഞ്ചു തമിഴ് പുരുഷന്മാരുടെ യാത്ര ഒരു സാഹസികതയായി വായിക്കപ്പെടാൻ തുടങ്ങുമ്പോഴും, അത് ഉടൻ തന്നെ ഒരു സാക്ഷ്യമായി മാറുന്നു; കാരണം ഈ കഥയുടെ ഉള്ളടക്കം “എന്താണ് സംഭവിച്ചത്” എന്നതിലല്ല, “എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്” എന്ന ചോദ്യത്തിലാണ് അടിഞ്ഞുകൂടുന്നത്. Rejimon Kuttappan തന്റെ അന്വേഷണാത്മക പത്രപ്രവർത്തന പശ്ചാത്തലത്തിൽ നിന്നു കൊണ്ടുവന്ന യാഥാർത്ഥ്യത്തിന്റെ നൂലിഴകൾ ഇവിടെ കഥയുമായി ചേർത്ത് നെയ്യുമ്പോൾ, ഫിക്ഷനും രേഖപ്പെടുത്തലും തമ്മിലുള്ള അതിർത്തി അപ്രസക്തമാകുന്നു; “faction” എന്ന അദ്ദേഹത്തിന്റെ വിശേഷണം അതിനാൽ ഒരു ശൈലിയല്ല, ഒരു രാഷ്ട്രീയ നിലപാടാണ്.
ജോൺ ഈസോവ് എന്ന കഥാപാത്രത്തിന്റെ ജീവിതയാത്ര തമിഴ്നാട്ടിലെ തീരപ്രദേശത്തു നിന്ന് ദുബൈയിലേക്കും അവിടെ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ അതിർത്തി മേഖലയിലേക്കും നീളുന്ന പ്രവാസത്തിന്റെ ഭൂപടം ഒരു വ്യക്തിയുടെ ദുർഭാഗ്യത്തിന്റെ കഥയായി മാത്രം നിലനിൽക്കുന്നില്ല; അത് സംവിധാനത്തിന്റെ ക്രമബദ്ധമായ പ്രവർത്തനരീതിയെ വെളിപ്പെടുത്തുന്നു. ജോലി വാഗ്ദാനങ്ങൾ എങ്ങനെ കുടുക്കുകളാകുന്നു, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മറവിൽ മനുഷ്യരെ എങ്ങനെ ഡാറ്റാ-ഉപകരണങ്ങളാക്കി ചുരുക്കുന്നു, ആ പ്രക്രിയയിൽ അവരുടെ ശരീരവും ഭാഷയും വ്യക്തിത്വവും എങ്ങനെ വേർതിരിക്കപ്പെടുന്നു എന്നതിനെ റജിമോൻ വളരെ ശാന്തമായെങ്കിലും ക്രൂരമായ വ്യക്തതയോടെ ചിത്രീകരിക്കുന്നു. സ്കാം സെന്ററിലെ ഓരോദിവസവും സ്ത്രീകളായി നടിച്ച് ചാറ്റ് ചെയ്യേണ്ട നിർബന്ധം, ക്രിപ്റ്റോ തട്ടിപ്പുകൾക്കുള്ള ലക്ഷ്യങ്ങൾ, വൈദ്യുതി ബാറ്റണുകളും “ടൈഗർ ബെഞ്ച്” പോലുള്ള പീഡനോപാധികളും ഇവയെല്ലാം ഒരിക്കലും sensational ആയി തോന്നുന്നില്ല; മറിച്ച്, പതിവിന്റെ ഭാഗമായിട്ടാണ് അവ അവതരിപ്പിക്കപ്പെടുന്നത്, അതാണ് അവയെ കൂടുതൽ ഭീതിജനകമാക്കുന്നത്.
എന്നാൽ ഈ നോവലിന്റെ ഏറ്റവും നിർണായകമായ രാഷ്ട്രീയ ഇടപെടൽ ജാതിയെക്കുറിച്ചുള്ള അതിന്റെ നിർഭയമായ അംഗീകാരത്തിലാണ്. ജോണും അവന്റെ കൂട്ടുകാരും എല്ലാം ദളിതരാണ് എന്ന തിരിച്ചറിവ് കഥയുടെ മധ്യത്തിൽ എത്തുമ്പോൾ, വായനക്കാരൻക്ക് വ്യക്തമായി മനസ്സിലാകുന്നത്, മനുഷ്യക്കടത്ത് എന്നത് യാദൃശ്ചികമായി സംഭവിക്കുന്ന ദുരന്തമല്ലെന്നതാണ്; അത് ചരിത്രപരമായ അസമത്വങ്ങളുടെ തുടർച്ചയാണ്. ഭൂമിയില്ലാത്തതും, സാമൂഹിക സംരക്ഷണമില്ലാത്തതും, രേഖകളിൽ പോലും ഇല്ലാത്തതുമായ ജീവിതങ്ങൾ ഇവയെല്ലാം തന്നെ ഈ ഗ്ലോബൽ ചൂഷണ വ്യവസ്ഥയ്ക്ക് “ലഭ്യമായ” ശരീരങ്ങളാക്കി മാറ്റുന്നു. അതിനാൽ ഈ കഥ വ്യക്തിപരമായ ദുരന്തങ്ങളുടെ കൂട്ടായ്മയല്ല, മറിച്ച് ഒരു ദീർഘകാല സാമൂഹിക ആർക്കിടെക്ചറിന്റെ ഫലമാണ് എന്ന ബോധം നമുക്ക് വിട്ടുമാറാനാവാത്തതായിത്തീരുന്നു.
ഇതിന്റെ സമാന്തരമായി, റജിമോൻപുരാണങ്ങളെയും വിശ്വാസങ്ങളെയും കഥയിൽ ചേർക്കുന്ന വിധം ശ്രദ്ധേയമാണ്. കത്തവരായൻ എന്ന ദളിത് ദൈവം ജോണിന്റെ ഉള്ളിലുള്ള പ്രതിരോധത്തിന്റെ രൂപമായി മാറുമ്പോൾ, അത് ഒരു ആത്മീയ ആശ്വാസമല്ല, മറിച്ച് ഒരു രാഷ്ട്രീയ സ്മരണയാണ് അനീതിക്കെതിരെ നിലകൊണ്ട ചരിത്രങ്ങളുടെ ഓർമ്മ. അതുപോലെ തന്നെ, ഗുട എന്ന സോമാലി കഥാപാത്രത്തിലൂടെ വരുന്ന വാഖ് ദൈവവും, കുമരേശന്റെ “പരയ ശിവൻ” എന്ന ദൈവചിന്തയും ഇതെല്ലാം മായ്ച്ചുകളയാൻ രൂപകൽപ്പന ചെയ്ത ഇടത്തിനുള്ളിൽ അന്തസ്സ് വീണ്ടെടുക്കുന്നതിനുള്ള വഴികളായി മാറുന്നു.തടവറയ്ക്കുള്ളിൽ പോലും മനുഷ്യർ അർത്ഥം സൃഷ്ടിക്കുന്നു എന്ന സത്യം, ഈ വിശ്വാസരൂപങ്ങൾ വഴി നോവൽ വളരെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.
ബന്ധങ്ങളാണ് ഈ കഥയെ അതിന്റെ ഏറ്റവും ആഴത്തിലുള്ള മനുഷ്യപരതയിലേക്ക് കൊണ്ടുപോകുന്നത്. ജോണും ഗുടയും തമ്മിലുള്ള സൗഹൃദം, വ്യത്യസ്ത ഭാഷകളും ഭൂഖണ്ഡങ്ങളും പിന്നിട്ടൊരു ഐക്യത്തിന്റെ ഉദാഹരണമായി മാറുന്നു; അവരുടെ സംഗീതം, അവരുടെ വേദന, അവരുടെ നിശ്ശബ്ദത ഇവയെല്ലാം ഒരേ ഭാഷ സംസാരിക്കുന്നു. ഗുട ജോണിനായി അടിയേറ്റെടുക്കാൻ തയ്യാറാകുന്ന നിമിഷം, വ്യക്തിപരമായ സ്നേഹത്തെക്കാൾ വലിയൊരു രാഷ്ട്രീയ പ്രസ്താവനയായി മാറുന്നു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പീഡിതർ പരസ്പരം തിരിച്ചറിയുമ്പോൾ, അതാണ് യഥാർത്ഥ പ്രതിരോധത്തിന്റെ തുടക്കം. അതേ സമയം, തെന്മൊഴി എന്ന കഥാപാത്രം നോവലിൽ സ്ത്രീകളുടെ പങ്കിനെ പുനർവ്യാഖ്യാനം ചെയ്യുന്നു; കാത്തിരിപ്പിന്റെ നിശ്ശബ്ദതയല്ല, ഇടപെടലിന്റെ ശബ്ദമാണ് അവൾ. അവളുടെ യാത്ര ഗർഭിണിയായിരിക്കെ ഭരണകൂടത്തെ നേരിടുന്ന ധൈര്യം ഈ കഥയുടെ മറ്റൊരു രാഷ്ട്രീയ അക്ഷമായി മാറുന്നു.
ഭാഷയുടെ കാര്യത്തിൽ, റജിമോൻ്റെ എഴുത്ത് അസാധാരണമായ സമതുലിതാവസ്ഥ കൈവരിക്കുന്നു. പത്രപ്രവർത്തകന്റെ കൃത്യതയും കവിയുടെ ദൃശ്യബോധവും ഒരുമിച്ചപ്പോൾ, ഓരോ വാചകവും ഒരേസമയം വിവരവും വികാരവും വാദവും വഹിക്കുന്നു. ചെറിയ ദൃശ്യങ്ങൾ ഒരു സ്മാർട്ട്‌വാച്ചിൽ കുടുങ്ങിയ പഴയ സെൽഫി, ചന്ദ്രപ്രകാശത്തിൽ നിറം മങ്ങിയ പൂക്കൾ, മരിച്ചവരെ ഓർക്കുന്ന നദി ഇവ കഥയെ മാത്രമല്ല, അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെയും ആഴത്തിൽ പതിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ഈ നോവൽ വായിക്കുമ്പോൾ നമ്മൾ സംഭവങ്ങളെ മാത്രം കാണുന്നില്ല; അവയുടെ അവശിഷ്ടങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ അനുഭവിക്കുന്നു.
അവസാനഘട്ടത്തിൽ, നോവൽ വായനക്കാരനെ ആശ്വാസത്തിലേക്ക് നയിക്കുന്നില്ല. രക്ഷപ്പെടലും മടങ്ങിവരവും ഇവിടെ സമാപനം അല്ല, മറിച്ച് മറ്റൊരു ശൂന്യതയുടെ തുടക്കമാണ്. മരിച്ചവരും കാണാതായവരും നഷ്ടപ്പെട്ട ഭാവികളും ഇവയെല്ലാം ചേർന്ന് “വീട്” എന്ന ആശയത്തെ തന്നെ പുനർനിർമ്മിക്കുന്നു. അതിർത്തികൾ കടന്നുവന്ന ഒരാൾക്ക്, സ്വന്തം നാട്ടിൽ പോലും “Purpose of visit?” എന്ന ചോദ്യം നേരിടേണ്ടി വരുന്നത്, രാഷ്ട്രങ്ങളുടെ നൈതിക പരാജയത്തെ വെളിപ്പെടുത്തുന്ന ഏറ്റവും കഠിനമായ ചിത്രമായി നിലകൊള്ളുന്നു.
അവസാനമായി, River of Grey Flowers ഒരു മൈഗ്രേഷൻ കഥയായി മാത്രം വായിക്കാനാകാത്ത ഒരു കൃതിയാണ്; അത് അധികാരബന്ധങ്ങളുടെ ഒരു വിവരണമാണ്, ലോകത്തിന്റെ വിവിധ കോണുകളിൽ ഒരേ രീതിയിൽ പ്രവർത്തിക്കുന്ന ചൂഷണ സംവിധാനങ്ങളുടെ ഒരു രേഖപ്പെടുത്തലാണ്. Viet Thanh Nguyen, Mohsin Hamid, Valeria Luiselli എന്നിവരുടെ രചനകളോട് ചേർന്ന് വായിക്കുമ്പോൾ, ഈ നോവൽ നമ്മെ പല സാദ്യശ്യങ്ങളെയും മുന്നിൽ കൊണ്ടുവരുന്നുണ്ട് . അവിടെ യാത്രകൾ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളല്ല, മറിച്ച് അധികാരത്തിന്റെ രേഖകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളുടെ കഥകളാണ്. റജിമോൻ്റെ ഈ ആദ്യ നോവൽ അതിനാൽ ഒരു തുടക്കം മാത്രമല്ല; അത് ഒരു കണക്കെടുപ്പാണ്, ലോകം മറക്കാൻ ശ്രമിക്കുന്നതിനെ നദിപോലെ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു സാക്ഷ്യം.