രാഹുലിന്റെ വരവില്‍ പോര്‍ക്കളമാകുന്ന അമേഠി, പോര്‍വിളിയുമായി സ്മൃതി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഒരു പൊതുറാലിയുമായി അമേഠിയിലേക്കെത്തിയ രാഹുല്‍ ഗാന്ധിയെ തടയാന്‍ ഇത്രയും വളഞ്ഞ വഴികള്‍ ബിജെപി പയറ്റുന്നതെന്തിന്?. ശ്രീരാമന്റെ ചിത്രം പതിച്ച കൊടികളുമായി എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപി ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. അമേഠിയിലേക്ക് എത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് ജനങ്ങളുടെ ഇടയില്‍ നിന്നും വന്‍ സ്വീകരണം കിട്ടുമ്പോള്‍ രാമന്റെ കൊടി തോരണങ്ങളുമായി ഇറങ്ങി ബിജെപി പ്രവര്‍ത്തകര്‍ മോദിയ്ക്ക് ജയ് വിളിക്കുന്ന കാഴ്ചയാണ് അമേഠി കണ്ടത്.

രാഹുല്‍ ഗാന്ധിക്ക് ഗോ ബാക്ക് പറയാന്‍ താമര ചിഹ്നം നിറഞ്ഞ കൊടിക്ക് പകരം രാമന്റെ ചിത്രമുള്ള കൊടിയുമായി ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയതിന് പിന്നിലുണ്ട് മതത്തേയും രാഷ്ട്രീയത്തേയും ഒന്നാക്കി ജനങ്ങളെ പിടിക്കാനുള്ള രാഷ്ട്രീയം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഭാരത് ജോഡോ ന്യായ് യാത്രയുമായി ഉത്തര്‍പ്രദേശില്‍ ഇറങ്ങിയതോടെ ഹൈ പ്രൊഫൈല്‍ മണ്ഡലമായ അമേഠി യുദ്ധക്കളമായി മാറി. വാക് പോരും വെല്ലുവിളിയുമായി അമേഠിയില്‍ കഴിഞ്ഞ കുറി രാഹുല്‍ ഗാന്ധിയെ വീഴ്ത്തിയ സ്മൃതി ഇറാനിയും കളത്തിലിറങ്ങി.

ഒരു ചുവന്ന ഓപ്പണ്‍ എയര്‍ ജീപ്പില്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും സഞ്ചരിച്ചപ്പോള്‍ ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ജനക്കൂട്ടം തടിച്ചുകൂടുന്നതിന്റേയും കയ്യില്‍ തൊടാനും ഫോട്ടോയെടുക്കാനും ഓടി അടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.

ഞാന്‍ അമേഠിയില്‍ വന്നിട്ടുണ്ട്. നമ്മുടെ ബന്ധം പഴയതാണ്. നമ്മള്‍ക്കിടയില്‍ ഒരു സ്‌നേഹബന്ധമുണ്ട്. എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..

രാഹുല്‍ ഗാന്ധിയുടെ വരവിന്റെ മാറ്റു കുറയ്ക്കാന്‍ സിറ്റിങ് എംപിയായ സ്മൃതി ഇറാനി ജന്‍ സംവാദ് അതായത് പൊതു ചര്‍ച്ചകളുമായി തന്റെ മണ്ഡലത്തിലെ നിരവധി ഗ്രാമങ്ങളില്‍ ജനങ്ങളുടെ പരാതികള്‍ കേട്ട് നടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി അമേഠിയെ അധികാര കേന്ദ്രമായി കരുതിയിരുന്നെങ്കിലും സേവനം നല്‍കിയില്ലെന്നും, അതുകൊണ്ട് അമേഠിയിലെ വിജനമായ തെരുവുകളാണ് അദ്ദേഹത്തെ വരവേറ്റതെന്നുമാണ് സ്മൃതി ഇറാനിയുടെ ന്യായ് യാത്രയെ കുറിച്ചുള്ള പ്രതികരണം.

ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച അമേഠിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ നാലുദിവസത്തെ മണ്ഡല പര്യടനത്തിനായി സ്മൃതി ഇറാനി ഓടി അമേഠിയില്‍ എത്തി. രാഹുലിനെ അമേഠിയില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ച് സ്മൃതി മാധ്യമങ്ങളെ കാണുകയും ചെയ്തു. ധൈര്യം ഉണ്ടെങ്കില്‍ അമേഠിയില്‍ മാത്രം മല്‍സരിക്കാനാണ് സ്മൃതി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരിക്കുന്നത്. ഇനി കേന്ദ്രമന്ത്രിയായ എംപിയുടെ പാര്‍ട്ടി നടത്തിയ വലിയ വികസനങ്ങളൊന്നുമല്ല പിന്നീടാ വെല്ലുവിളിയില്‍ സ്മൃതി ഇറാനി നടത്തിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാത്ത ഗാന്ധി കുടുംബം ധൈര്യമുണ്ടെങ്കില്‍ തനിക്കും തന്റെ പാര്‍ട്ടിയ്ക്കുമെതിരെ അമേഠിയില്‍ മല്‍സരിക്കൂവെന്നതാണ് ആ ധ്വനി.

ഇത് തന്നെയാണ് ബിജെപിയുടെ ഇക്കുറി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തന്ത്രം. ബിജെപിയെന്നാല്‍ രാമനും രാമന്റെ പാര്‍ട്ടിയുമാണെന്ന മട്ടിലാണ് ബിജെപി നേതാക്കളുടെയെല്ലാം വെല്ലുവിളി. മതത്തെ രാഷ്ട്രീയവുമായി കൂട്ടികെട്ടി വിജയമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ഉഷാറാക്കിയിരിക്കുകയാണ് ബിജെപി നേതാക്കളെല്ലാം. സ്മൃതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

വയനാട്ടില്‍ വെച്ച് അമേഠിയിലെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണ് അമേഠി മുന്‍ എംപി. അമേഠി ഇതില്‍ അമര്‍ഷത്തിലാണ്. രാം ലല്ലയുടെ ക്ഷണം അദ്ദേഹവും കുടുംബവും നിരസിച്ചതാണ്. ഇതുമൂലം അമേഠിയിലെ അമര്‍ഷം ഇരട്ടിയായിട്ടുണ്ട്.

സ്മൃതി ഇറാനി ഇത്തരത്തില്‍ അമേഠിയില്‍ രാഹുലിനെ പോര് വിളിച്ചും രാമന്റെ പേരില്‍ പഴി പറഞ്ഞും മുന്നോട്ട് പോകുമ്പോള്‍ രാഹുലിന്റെ ന്യായ് യാത്ര തുടരുകയാണ്. രാഹുലിന് വേണ്ടി അമേഠിയിലെ പദ്ധതി നടത്തിപ്പിലെ തടസത്തെ കുറിച്ച് കേന്ദ്രത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട് യാത്രയില്‍. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും അവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയായിരുന്നില്ലെന്നും എന്തുകൊണ്ടാണ് ആ പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതെന്ന ചോദ്യം ബിജെപിയോടു ചോദിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഖാര്‍ഗെ പറയുന്നു. അമേഠിയിലും റായ്ബറേലിയിലും പ്രവര്‍ത്തിക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്ന് കൂടി ഖാര്‍ഗെ പറഞ്ഞുവെയ്ക്കുന്നുണ്ട്. നിരവധി തവണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയുമെന്നും എന്നാല്‍ ഇവിടെ ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. അമേഠിയിലേക്ക് മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തുമോ എന്ന ചോദ്യത്തിന് ഇന്നും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉത്തരമുണ്ടായിട്ടില്ല. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനാല്‍ റായ്ബറേലിയിലേക്ക് രാഹുല്‍ ഗാന്ധി നീങ്ങുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും സ്മൃതി ഇറാനി അമേഠിയിലേക്ക് രാഹുലിന്റെ കാല് കുത്തിയാല്‍ അപ്പോള്‍ തന്നെ മണ്ഡലത്തിലെത്തി മണ്ഡലം കാക്കാനുള്ള പദ്ധതികളുമായി തെരുവിലുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

Latest Stories

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ