ഇന്ത്യയുടെ ഭരണഘടനയ്ക്ക് മുകളില്‍ മറ്റൊന്നും ഇല്ലെന്ന് ഓരോ പൗരനും അടിയുറച്ചു വിശ്വസിക്കുന്ന ജനാധിപത്യ രാജ്യത്താണ് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ചെരുപ്പേറുണ്ടായത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് മുന്നിലേക്ക് സനാതനത്തിന്റെ പേര് പറഞ്ഞുള്ള ചെരിപ്പേറ്. രാജ്യം ഭരിക്കുന്ന കാവിപ്പാര്‍ട്ടിയും സംഘപരിവാരവും രാജ്യത്തുണ്ടാക്കിയ വര്‍ഗീയ വിഷചിന്തയുടെ പ്രകടമായൊരു പ്രതിഫലനമാണ് സുപ്രീം കോടതിയ്ക്കുള്ളില്‍ ഇന്ന് അരങ്ങേറിയത്. നീതിയും നിയമവും ഭരണഘടനയുമെല്ലാം മതത്തിനും മതവിചാരങ്ങള്‍ക്കും കീഴെയാണെന്ന് കരുതാന്‍ ഇന്ത്യ ഒരു മതരാജ്യമല്ലെന്ന് ആവര്‍ത്തിച്ച് പലരേയും ഓര്‍മ്മപ്പെടുത്തേണ്ടിയിരിക്കുന്നു.
വിഗ്രഹ പുനര്‍നിര്‍മ്മാണത്തിന്റെ ഒരു പൊതുതാല്‍പര്യഹര്‍ജി തള്ളി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി ഭഗവാന്‍ വിഷ്ണുവിനെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് ദിവസങ്ങള്‍ക്ക് ശേശം രാജ്യത്തെ പരമോന്നത നീതി പീഠത്തിന് മുന്നില്‍ ഒരു സനാതനിയുടെ രോഷപ്രകടനത്തിലേക്ക് നയിച്ചത്. സനാതന്‍ കാ അപമാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍ എന്ന് പറഞ്ഞാണ് രാകേഷ് കിഷോര്‍ എന്ന 71 വയസുകാരന്‍ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന് നേര്‍ക്ക് ചെരുപ്പൂരി എറിഞ്ഞത്. അതായത് ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിധിയുണ്ടായാല്‍ കോടതിയില്‍ കയറി പ്രതികരിക്കാന്‍ മടിക്കില്ലെന്ന കാവിഭരണത്തിന്‍ കീഴിലെ ഇമ്മ്യൂണിറ്റിയാണ് ഇന്നത്തെ സംഭവത്തിന്റെ ആണിക്കല്ല്.