താരസിംഹാസനത്തില്‍ നിന്ന് വിജയുടെ രാഷ്ട്രീയ പ്രവേശനം ബിജെപി വലിയ ആശങ്കകളില്ലാതെ തമിഴ്‌നാട്ടില്‍ നോക്കി നിന്നത് ജോസഫ് വിജയിയോടുള്ള ആരാധന കൊണ്ടോ അയാളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ കൊണ്ടോ അല്ല. അണ്ണാഡിഎംകെയുടെ തകര്‍ച്ചയിലൂടെ പ്രതിപക്ഷം ഇല്ലാതായ തമിഴകത്ത് സ്റ്റാലിന്റെ ഡിഎംകെയ്ക്കുള്ള അപ്രമാദിത്യം തകര്‍ക്കാന്‍ വിജയിയ്ക്ക് സാധിക്കുമെന്നത് കൊണ്ടാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന തന്ത്രം പയറ്റിയല്ല ഒരു ഘട്ടത്തിലും നരേന്ദ്ര മോദി- അമിത് ഷാ ഗുജറാത്ത് ലോബി നീങ്ങിയിട്ടുള്ളത്. അവരുടെ താമരതന്ത്രം, അതെന്നും മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടേതായിരുന്നു. തമിഴ്‌നാട്ടിലും ബിജെപി അണ്ണാഡിഎംകെ ഒഴിവ് നികത്തി അവിടെ ഇടം ഉണ്ടാക്കാന്‍ സഖ്യതന്ത്രങ്ങളടക്കം പയറ്റി നില്‍ക്കുമ്പോഴാണ് വിജയിയുടെ മുഖ്യമന്ത്രി മോഹം. ഡിഎംകെയെ എതിരാളിയാക്കി വിജയ് പോര്‍മുഖം തുറന്നപ്പോള്‍ ബിജെപിയ്ക്ക് മുന്നില്‍ തുറന്നത് അവരുടെ വോട്ട് ഭിന്നിപ്പിന്റെ പഴകി പതിഞ്ഞ ആയുധം മൂര്‍ച്ച കൂട്ടാന്‍ പറ്റിയ സാഹചര്യമെന്നത് മാത്രമാണ്.
കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകത്തിനുണ്ടായ നഷ്ടം ലാഭമാക്കി മാറ്റാനാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശ്രമം. വിജയ്- ഡിഎംകെ തമ്മിലടിയെന്ന രാഷ്ട്രീയത്തില്‍ വിജയ്‌ക്കൊപ്പമെന്ന തോന്നലില്‍ ഡിഎംകെയ്‌ക്കെതിരെ കരുക്കള്‍ നീക്കുകയാണ് തമിഴകത്തെ ബിജെപി. ടിവികെയ്ക്കും വിജയിക്കും ആവശ്യത്തിലധികം തിരിച്ചടി കരൂരിലെ റാലികൊണ്ട് ഉണ്ടായെന്ന് വ്യക്തമായി കണക്കുകൂട്ടുന്ന ബിജെപി ഈ വാരിക്കുഴിയിലേക്ക് ഡിഎംകെയെ കൂടി തള്ളിവിട്ട് സുവര്‍ണാവസരത്തിന് കോപ്പുകൂട്ടുകയാണ്. സംഘഭരണത്തിനെതിരെ പലപ്പോഴും തന്റെ സിനിമകളിലടക്കം പ്രതിഷേധം കാണിച്ച വിജയിയെ ജോസഫ് വിജയിയെന്ന് വിളിച്ച് വേട്ടയാടിയവര്‍ ഇന്ന് കരൂരില്‍ വിജയിയ്ക്ക് മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കാതെ ഡിഎംകെയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രതിഷേധം കനപ്പിക്കുകയാണ്.