തോല്‍വിയിലും തിളങ്ങുന്ന തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ശശിതരൂര്‍ നേടിയ പന്ത്രണ്ട് ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെ വരും കാല രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ ഒരു ദിശാ സൂചികയാണ്. പുതിയ ആശയങ്ങളും ചിന്തകളും മുന്നോട്ടുവയ്കാന്‍ കഴിയുന്ന, അവ പ്രാവര്‍ത്തികമാക്കാന്‍ നിശ്ചയദാര്‍ഡ്യത്തോടെ കഠിനാധ്വാനം ചെയ്യുന്ന ഒരു നേതാവിനെ ഇന്ത്യ അംഗീകരിക്കുമെന്നതിന്റെ സൂചനയാണിത്. നിങ്ങള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍ പെടുന്ന ആളായിക്കൊളളട്ടെ, ഏത് ആശയധാര പിന്‍പറ്റുന്നവ്യക്തിയായിക്കൊളളട്ടെ, ഏത് ജീവിതസാഹചാര്യങ്ങളില്‍ നിന്ന് വരുന്നയാളാകട്ടെ, നിങ്ങള്‍ക്ക് തെളിഞ്ഞ ചിന്തയും കാലികമായ ആശയങ്ങളും അവയെല്ലാം സഫലീകരിക്കാനുള്ള നിശ്ചയദാര്‍ഡ്യവമുണ്ടോ നിങ്ങളെ ഇന്ത്യയിലെ ജനസമൂഹം അവരുടെ നേതാവായി അംഗീകരിക്കും. നിങ്ങള്‍ക്ക് പറയാനുള്ളത് അവര്‍ കേള്‍ക്കും.

ശശിതരൂരിന്റെ പരാജയം ഒരു വലിയ വിജയത്തിന്റെ തുടക്കമാകുന്നതങ്ങിനെയാണ്. കോണ്‍ഗ്രസില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണാനന്തരമുള്ള വലിയൊരു ശൂന്യത മായ്ച് കളഞ്ഞത് ഇന്ദിരാഗാന്ധിയായിരുന്നു. നെഹ്‌റുവിന്റെ മകളായത് കൊണ്ടുമാത്രമല്ല ഇന്ദിരാഗാന്ധിയെ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിച്ചത്. മറിച്ച് അന്ന് മൊറാര്‍ജിയും എസ് കെ പാട്ടിലുമുള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വത്തെക്കാള്‍ ആശയപരമായ ഔന്നിത്യവും , തെളിച്ചവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഇന്ദിരക്കുണ്ടായിരുന്നത് കൊണ്ടാണ് അവരെ ജനം അംഗീകരിച്ചത്്. ഇന്ദിരയുടെ ചെറുമകനായത് കൊണ്ട് രാഹുലിനെ ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.

ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ മിഡില്‍ ക്‌ളാസിന്റെ പ്രതീകമാണ്. ഏതാണ്ട് 50-60 കോടിക്കടുത്ത് വരും ഇന്ത്യയിലെ മധ്യവര്‍ത്തി സമൂഹം. യൂറോപ്പിന്റെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലെന്ന് പറയാം. മാത്രമല്ല ഇന്ത്യയുടെ മൊത്തം ജനസഖ്യയില്‍ 65 ശതമാനം 35 വയസിന് താഴെയുളളവരും, അമ്പത് ശതമാനം 25 വയസില്‍ താഴെയുള്ളവരുമാണ്. അവരുടെ ചിന്തകളും സ്വപ്‌നങ്ങളുമാണ് ഇനി വരും കാല ഇന്ത്യയെ സൃഷ്ടിച്ചൊരുക്കുന്നത്. അവിടയാണ് ശശി തരൂരിനെ പോലൊരാള്‍ മുന്നോട്ടു വയ്കുന്ന ആശയങ്ങളുടെ പ്രസക്തി . തോല്‍വിയിലും തരൂര്‍ തിളങ്ങുന്നതും അവിടെയാണ്. തരൂര്‍ ഒരു വ്യക്തിയല്ല മറിച്ച് വികസ്വരമായ ഒരാശയമാകുന്നതങ്ങിനെയാണ്. അദ്ദേഹം നേടിയ 1072 വോട്ടുകളാണ് ഖാര്‍ഗെ നേടിയ 7897 വോട്ടുകളെക്കാള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. എല്ലാ പഴയത് പോലെ ആയിരിക്കണം ഒന്നും മാറരുത് എന്നാഗ്രഹിക്കുന്നവര്‍ക്കായിരിക്കും പൊതുവേ ഇന്ത്യന്‍ സമൂഹത്തില്‍ മേല്‍ക്കൈ ലഭിക്കുക. അത് കൊണ്ട് തന്നെ മല്ലികാര്‍ജ്ജനഖാര്‍ഗെയെ പിന്തുണക്കുന്നവര്‍ക്കായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ എന്നൊക്കെ എല്ലാവര്‍ക്കും നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്.

2007 ലാണ് ശശി തരൂര്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. 2009ലാണ് തിരുവനന്തപുരത്ത് നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുന്നതും ജയിക്കുന്നതും. എന്ന് വച്ചാല്‍ കേവലം 13 വര്‍ഷമേ ആയിട്ടുള്ളു അദ്ദേഹം കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും സജീവമായിട്ട്. എന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. മാത്രമല്ല 12 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവര്‍ത്തിമാരായ നെഹ്‌റും കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രതിഷ്ഠിക്കപ്പെട്ട ഏറ്റവും സീനിയര്‍ നേതാവിനെതിരെ മല്‍സരിച്ചിട്ടാണ് തരൂരിനെ പോലൊരാള്‍ 12 ശതമാനം വോട്ടുകള്‍ നേടിയത്. നെഹ്‌റു കുടുംബമെന്നത് എത്ര വലിയ യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ടെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. മാറ്റങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്നവര്‍ ഈ പാര്‍ട്ടിയില്‍ അനവധിയുണ്ട്. അവരെ അഭിസംബോധന ചെയ്യാനാണ് പുതിയ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കേണ്ടത്. ശശി തരൂരിലൂടെ മുഴങ്ങിക്കേട്ടത് അത്തരത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമാണ്. അതിനെ ശ്രവിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തെയ്യാറായില്ലങ്കില്‍ ഈ തിരഞ്ഞെടുപ്പോക് കൂടി ഈ പ്രസ്ഥാനം ചിലപ്പോള്‍ അവസാനിച്ചെന്ന് വരാം.

ശശി തരൂരിന്റേത് ഒരു പരാജമായി നമുക്ക് എണ്ണാനേ കഴിയില്ല, മറിച്ച് അതൊരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഉദയമാണ്. വ്യക്തിപൂജയെയും പാരമ്പര്യ പ്രഘോഷണങ്ങളേയും പുറം കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ് തെളിഞ്ഞ വിവേകത്തിന്റെയും അറിവിന്റെയും പുതിയ ചിന്താധാരകളുടെയും, രാഷ്ട്രത്തോടുളള സമര്‍പ്പണത്തിന്റെയും മതേതര വിശ്വാസത്തിന്റെയുമെല്ലാം അടിത്തറയില്‍ ഇന്ത്യയ കെട്ടിപ്പെടുക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരമായിരിക്കുമത്. തരൂര്‍ ഒരു തുടക്കം മാത്രമാണ്. ഇനിയും അനേകം പേര്‍ തരൂരിന്റെ വഴിയേ വരും, എങ്കില്‍ മാത്രമേ ഒരു ലോകത്തിലെ ഏറ്റവും വലിയ ലിബറല്‍ ജനാധിപത്യ സമൂഹമായി ഇന്ത്യക്ക് നിലനില്‍ക്കാമന്‍ സാധിക്കൂ.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു