ഇന്ത്യയുടെ ഭൂമി കാക്കുന്ന 'ആകാശം'; ആക്രമണങ്ങളിൽ നിന്ന് ഇന്ത്യയെ പൊതിഞ്ഞ 'ആകാശ്'

ഇന്ത്യയെ ലക്ഷ്യമാക്കി കുതിച്ചെത്തിയ പാക് യുദ്ധവിമാനത്തെ തകർത്തെറിഞ്ഞ ആകാശത്തോളം പോന്ന കരുത്ത് ! കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഡ്രോൺ- മിസൈൽ ആക്രമണങ്ങളെ നിർവീര്യമാക്കിയത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ് മിസൈൽ പ്രതിരോധ സംവിധാനം’ ആണ്. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുക എന്നതാണ് പ്രധാനമായും ആകാശിന്റെ ചുമതല. ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈൽ സംവിധാനമാണ് ആകാശ്. ഡ്രോണുകൾ, മിസൈലുകൾ, ഹെലികോപ്റ്ററുകൾ, യുഎസിന്റെ എഫ്–16 പോലുള്ള യുദ്ധവിമാനങ്ങൾ എന്നിവയെ വരെ തടുക്കാൻ പാകത്തിലാണ് ആകാശിനെ രൂപപെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഇൻറഗ്രേറ്റഡ് കൗണ്ടർ അൻമാൻഡ് ഏരിയൽ സിസ്റ്റം ഗ്രിഡ്, റഷ്യൻ നിർമിത എസ്–400, വ്യോമവേധ ആയുധങ്ങൾ എന്നിവയോടൊപ്പമാണ് ആകാശിൻറെ പ്രവർത്തനം.

കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശിന് ആയുധങ്ങളെ പ്രതിരോധിക്കാൻ മാത്രമല്ല, അവയെ നിയന്ത്രിക്കാനുള്ള കഴിവും ഉണ്ട്. ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളെ ഭേദിക്കാനും 20 കിലോമീറ്റർ ഉയരത്തിൽ വരെയുള്ള ലക്ഷ്യങ്ങൾ തകർക്കാനും ആകാശിന് കഴിയും. ആകാശിന്റെ ഓരോ ലോഞ്ചറിലും ഇരുപതടി നീളവും 710 കിലോ ഭാരവുമുള്ള മൂന്ന് മിസൈലുകളാണ് ഉള്ളത്. ഓരോ മിസൈലിനും 60 കിലോ പോർമുന വഹിക്കാൻ സാധിക്കും. പൂർണമായും ഓട്ടോമാറ്റിക്ക് ആണെന്നതിനാൽ യഥാസമയം വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയും. കൂടാതെ, അതിവേഗത്തിൽ ശത്രുവിനെ തിരിച്ചറിയാനും തടയാനും നിർവീര്യമാക്കാനുമുള്ള ശേഷിയും ആകാശിനുണ്ട്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും മറ്റും കാര്യക്ഷമായി പ്രവർത്തിക്കാൻ പ്രാപ്തിയുള്ളതാണ് അത്യാധുനിക സവിശേഷതകൾ അടങ്ങിയ ആകാശ്. റിയൽ ടൈം മൾട്ടി സെൻസർ ഡാറ്റ പ്രോസസിങ് സംവിധാനത്തിലുടെ ഭീഷണികൾ വിലയിരുത്തി ലക്ഷ്യങ്ങൾ തകർക്കാനുള്ള കഴിവ് ആകാശിന് ഉണ്ട്. ലക്ഷ്യങ്ങൾ പുനർനിർണയിക്കാനുമാകും എന്നതാണ് മറ്റൊരു സവിശേഷത. ഗ്രൂപ്പ്, ഓട്ടോണമസ് എന്നീ മോഡുകളിൽ പ്രവർത്തിപ്പിക്കാനും കഴിയും.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇതെന്നും തന്റെ കുഞ്ഞ് അതിന്റെ ജോലി കൃത്യതയോടെയും മനോഹരമായി പൂർത്തിയാക്കി എന്നും അതിർത്തി കടക്കാൻ ശ്രമിച്ച ശത്രുവിനെ വീഴ്ത്തി’യെന്നുമാണ് ആകാശ് മിസൈൽ സംവിധാനം വികസിപ്പിച്ച കേന്ദ്ര പ്രതിരോധ ഏജൻസിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) മുൻ ശാസ്ത്രജ്ഞനായ 78 വയസുകാരനായ ഡോക്ടർ പ്രഹ്ലാദ രാമറാവു പറഞ്ഞത്. തുടക്കത്തിൽ ആകാശിനെ ഉൾക്കൊള്ളാൻ ആരും തയ്യാറായിരുന്നില്ല എന്നാണ് രാമറാവു പറഞ്ഞത്. എന്നാൽ ആശങ്കകളെയും സംശയങ്ങളെയും എല്ലാം കാറ്റിൽ പറത്തി രാജ്യത്തെ ആകാശ് കാത്തു രക്ഷിച്ചു എന്നു പറയുകയാണ് അദ്ദേഹം. മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ അബ്ദുൽകലാമാണ് രാമറാവുവിനെ ആകാശ് പ്രോജക്ടിലേക്ക് തിരഞ്ഞെടുത്തത്. ആകാശിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്ത്യൻ സേനയുടെ ആവശ്യപ്രകാരമായിരുന്നു സഹപ്രവർത്തകരുടെ സഹായത്തോടെ ആകാശ് വികസിപ്പിച്ചതെന്നും രാമറാവു പറയുന്നു. 15 വർഷം മുൻപാണ് ആകാശ് പിറവി കൊണ്ടത്. ഹൈദരാബാദിലെ ഭാരത് ഡൈനമിക്സിലാണ് ആകാശ് സംവിധാനം വികസിപ്പിച്ചെടുത്തത്. ആദ്യം ഹ്രസ്വദൂര ഭൂതല വ്യോമ മിസൈൽ സംവിധാനമായാണ് ആകാശിനെ ചിട്ടപ്പെടുത്തിയിരുന്നത്.

അതേസമയം, അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്തു വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ