പണിമുടക്കിനെ ജനിപ്പിക്കുന്ന നിയമം– പുതിയ തൊഴിൽ കോഡുകളുടെ നിശ്ശബ്ദ രാഷ്ട്രീയം

ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ പുനർസംഘടനയെ സർക്കാർ “സരളീകരണം”, “സമന്വയം”, “വ്യവസായ സൗഹൃദം” എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. പക്ഷേ നിയമങ്ങളുടെ ഭാഷ രാഷ്ട്രീയമായി വായിക്കുമ്പോൾ അതിൽ തെളിഞ്ഞു കാണുന്നത് മറ്റൊരു കഥയാണ്. അവകാശങ്ങളുടെ ഭാഷയിൽ നിന്ന് അനുമതികളുടെ ഭാഷയിലേക്കുള്ള യാത്ര. ഭരണഘടന ഉറപ്പു നൽകിയ കൂട്ടായ്മയുടെ സ്വാതന്ത്ര്യത്തിൽ നിന്ന് മാനേജ്മെന്റ് സൗകര്യത്തിലേക്കുള്ള നീക്കം. 2025 അവസാനത്തോടെ പൂർണ്ണ പ്രാബല്യത്തിൽ എത്തുന്ന നാല് പ്രധാന കോഡുകൾ  Industrial Relations Code, Code on Wages, Code on Social Security, Occupational Safety, Health and Working Conditions Code തൊഴിലാളി സമൂഹത്തിന് മുന്നിൽ ഒരു അടിസ്ഥാന ചോദ്യം വെയ്ക്കുന്നു: നിയമം ആരെ സംരക്ഷിക്കുന്നു?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ തൊഴിൽനിയമങ്ങൾ ഒരു രാഷ്ട്രീയ ധാരണയുടെ ഫലമായിരുന്നു. വ്യവസായവൽക്കരണവും സാമൂഹിക നീതിയും തമ്മിലുള്ള ഒരു സങ്കീർണ്ണ സന്ധി. തൊഴിലുടമയുടെ നിക്ഷേപത്തിനും തൊഴിലാളിയുടെ ജീവിതത്തിനും ഇടയിൽ ഒരു നിയന്ത്രിത സമവാക്യം. ആ സമവാക്യത്തിന്റെ കേന്ദ്രത്തിൽ സർക്കാർ ഒരു നിരീക്ഷകനും, ഇടനിലക്കാരനും, ചിലപ്പോൾ തൊഴിലാളിയുടെ അവസാന അഭയകേന്ദ്രവുമായിരുന്നു. ഇപ്പോഴത്തെ പരിഷ്കാരങ്ങൾ ആ നിലപാടിനെ തന്നെ മാറ്റുന്നു. സർക്കാർ ഇടപെടൽ കുറയ്ക്കുന്നു, വിപണി സ്വാതന്ത്ര്യത്തിന് കൂടുതൽ സ്ഥലം തുറക്കുന്നു. ഇത് ഒരു ആശയപരമായ തെരഞ്ഞെടുപ്പാണ്.

Industrial disputeകാലത്ത് 100-ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ലേ-ഓഫ്, പിരിച്ചുവിടൽ, അടച്ചുപൂട്ടൽ എന്നിവയ്ക്ക് സർക്കാർ അനുമതി നിർബന്ധമായിരുന്നു. പുതിയ ക്രമത്തിൽ ആ പരിധി 300 ആയി. സംഖ്യയുടെ ഈ മാറ്റം വെറും അക്കമാറ്റമല്ല; അധികാരത്തിന്റെ കൈമാറ്റമാണ്. ഇന്ത്യയിലെ ഭൂരിഭാഗം ഉൽപ്പാദന യൂണിറ്റുകളും ഇനി സർക്കാരിന്റെ മുൻകൂർ പരിശോധനയില്ലാതെ തന്നെ തൊഴിലാളികളെ പുറത്താക്കാൻ കഴിയും. നിയമപരമായ ഉത്തരവാദിത്വം കുറയുമ്പോൾ തൊഴിലാളിയുടെ തൊഴിൽ സുരക്ഷയും തുല്യമായി കുറയുന്നു. ജോലി ഇനി അവകാശമല്ല; കരാർ കാലാവധിയുള്ള ഒരു സൗകര്യം.

സ്റ്റാൻഡിംഗ് ഓർഡറുകളുടെ പരിധിയും 100-ൽ നിന്ന് 300 ആയി ഉയർത്തിയതോടെ ചെറുകിട, മധ്യ യൂണിറ്റുകളുടെ വലിയൊരു വിഭാഗം തൊഴിൽസ്ഥലത്തെ എഴുത്തുപരമായ ചട്ടങ്ങളിൽ നിന്ന് ഒഴിവാകുന്നു. ജോലിയുടെ സ്വഭാവം, ശിക്ഷാനടപടികൾ, പരാതിപരിഹാരം എന്നിവ വ്യക്തമാക്കുന്ന ഒരു സ്ഥാപന ഭരണഘടന ഇല്ലാതാകുമ്പോൾ തീരുമാനം വ്യക്തിപരമാകുന്നു. ചട്ടം കുറയുന്നിടത്ത് അധികാരം ഏകപക്ഷീയമാകുന്നു. തൊഴിലാളിക്ക് എതിർപ്പ് പറയാൻ രേഖകൾ ഇല്ലാതാകുന്നു.

ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിൽ കൊണ്ടുവന്ന 51 ശതമാനം മാനദണ്ഡം മറ്റൊരു നിർണായക നീക്കമാണ്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം plurality-യുടെ ചരിത്രമാണ്; പല രാഷ്ട്രീയ ധാരണകളും, പല സമീപനങ്ങളും, പലതരം സംഘടനകളും. ഇപ്പോൾ നിയമം പറയുന്നത് ഭൂരിപക്ഷമില്ലെങ്കിൽ ഏക വിലപേശൽ അവകാശമില്ല എന്നാണ്. അതായത് ചെറിയ യൂണിയനുകൾക്ക് ഔദ്യോഗിക ശബ്ദമാകാൻ വളരെ പ്രയാസം. ഒറ്റവാക്കിൽ പറഞ്ഞാൽ, വിഘടിച്ച തൊഴിലിടങ്ങളിൽ കൂട്ടായ്മയെ തന്നെ ദുർബലപ്പെടുത്തുന്ന ഘടന.

രജിസ്ട്രേഷനായി 10 ശതമാനം അല്ലെങ്കിൽ 100 അംഗങ്ങൾ എന്ന നിബന്ധന കൂടി വന്നപ്പോൾ ചിതറിക്കിടക്കുന്ന, കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മേഖലകളിൽ യൂണിയൻ രൂപീകരണം തന്നെ ഒരു ദുരൂഹ ഗണിതമായി മാറുന്നു. സംഘടിക്കാനാകാത്ത തൊഴിലാളി എളുപ്പം നിയന്ത്രിക്കപ്പെടും   ഈ ലളിതമായ സത്യത്തെ നിയമം കൂടുതൽ ഉറപ്പിക്കുന്നു.

സുരക്ഷാ നിയമങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളും അത്രമേൽ രാഷ്ട്രീയമാണ്. ഫാക്ടറി നിർവചനത്തിന്റെ പരിധി ഉയർന്നതോടെ ആയിരക്കണക്കിന് യൂണിറ്റുകൾ പഴയ പരിശോധനാ സംവിധാനങ്ങളിൽ നിന്ന് പുറത്തേക്ക് നീങ്ങുന്നു. അപകടസാധ്യത കുറഞ്ഞിട്ടില്ല; പക്ഷേ ഉത്തരവാദിത്തം അനിശ്ചിതമാകുന്നു. “ഫാക്ടറിയല്ല” എന്ന വാചകം പലപ്പോഴും നിയമപരമായ രക്ഷാകവചമാകും. കരാർ തൊഴിലാളികളുടെ കാര്യത്തിലും ഇതേ ലജിക്ക്. പരിധി 20-ൽ നിന്ന് 50 ആയി ഉയരുമ്പോൾ മേൽനോട്ടം കുറയും; ദൃശ്യമല്ലാത്ത തൊഴിൽ കൂടുതൽ ദൃശ്യമല്ലാതാകും.

പണിമുടക്കിനെക്കുറിച്ചുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയതോടെ പ്രതിഷേധത്തിന്റെ രാഷ്ട്രീയ രൂപം തന്നെ മാറുന്നു. 60 ദിവസത്തെ നോട്ടീസ് നിർബന്ധമാക്കിയപ്പോൾ അടിയന്തര അനീതിക്ക് ഉടൻ പ്രതികരിക്കാൻ കഴിയുന്ന സ്വഭാവം നഷ്ടപ്പെടുന്നു. പണിമുടക്ക് ഇനി തൊഴിലാളിയുടെ തത്സമയ പ്രതികരണമല്ല; നിയമപരമായ നടപടിക്രമങ്ങളാൽ ചുറ്റപ്പെട്ട ഒരു നീണ്ട പാത. പ്രതിഷേധത്തിന്റെ വേഗം കുറയുമ്പോൾ അതിന്റെ സമ്മർദ്ദവും കുറയും.

വേതന കോഡിൽ കൊണ്ടുവന്ന ഏകീകരണം ചില അനുകൂലതകൾ ഉണ്ടാക്കുമെന്ന വാദമുണ്ട്. എന്നാൽ അലവൻസുകൾക്ക് 50 ശതമാനം പരിധി നിശ്ചയിച്ചതോടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം. PF, ഗ്രാറ്റുവിറ്റി വർദ്ധിച്ചാലും തൊഴിലാളിയുടെ കൈയിൽ കിട്ടുന്ന തുക കുറയാൻ സാധ്യതയുണ്ട്. തൊഴിലാളിയുടെ ദിനചര്യയിലെ പ്രാഥമിക ചോദ്യങ്ങൾ  വാടക, വിദ്യാഭ്യാസം, ചികിത്സ  take-home pay-യോട് ബന്ധപ്പെട്ടു നിൽക്കുന്നു.

ദേശീയ അടിസ്ഥാന വേതനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഇതേ പശ്ചാത്തലം. ജീവിതച്ചെലവുകളോട് താരതമ്യം ചെയ്യുമ്പോൾ നിർദ്ദേശിക്കപ്പെട്ട തുക മതിയാകുമോ എന്ന സംശയം ശക്തമാണ്. തൊഴിൽ ഒരു മാന്യമായ ജീവിതം ഉറപ്പാക്കണമെങ്കിൽ വേതനം അതിന് അനുയോജ്യമാകണം; വെറും ജീവനോടെ തുടരാൻ മാത്രം മതിയാകുന്ന നിരക്കല്ല.

ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളെ നിയമം അംഗീകരിക്കുന്നുണ്ടെങ്കിലും, സാർവത്രിക സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന ഘടന ഇപ്പോഴും അപൂർണ്ണമാണ്. ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിന്റെ ഭൂരിഭാഗവും അനൗപചാരിക മേഖലയിലാണ്. അവർക്കുള്ള സുരക്ഷ വാഗ്ദാനങ്ങളിൽ മാത്രം നിൽക്കുമ്പോൾ അസമത്വം തുടരും.

ഇൻസ്‌പെക്ടർ സംവിധാനത്തെ “ഫെസിലിറ്റേറ്റർ” മാതൃകയിലേക്ക് മാറ്റുന്നതും self-certification പ്രോത്സാഹിപ്പിക്കുന്നതും ഭരണഭാഷയിൽ നവീകരണമാകാം. എന്നാൽ കർശന പരിശോധനയുടെ ഭയം കുറഞ്ഞാൽ നിയമലംഘനങ്ങൾക്ക് ഇടയുണ്ടാകുമെന്ന് തൊഴിലാളി സംഘടനകൾ ആശങ്കപ്പെടുന്നു. നിയമം വിശ്വാസം വെക്കാം; പക്ഷേ അപകടം സംഭവിക്കുമ്പോൾ വില നൽകുന്നത് തൊഴിലാളിയാണ്.

ഈ പശ്ചാത്തലത്തിലാണ് പണിമുടക്ക് എന്ന രാഷ്ട്രീയ പ്രവർത്തനം വീണ്ടും കേന്ദ്രത്തിലേക്ക് വരുന്നത്. അത് ഒരു നിഷേധത്തിന്റെ ഭാഷയാണ്. “നമ്മളെക്കുറിച്ച് തീരുമാനിക്കുമ്പോൾ ഞങ്ങളെ കേൾക്കണം” എന്ന ആവശ്യം. നിയമം വിപണിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമ്പോൾ തൊഴിലാളികൾ അവരുടെ ശരീരവും സമയവും പിൻവലിച്ച് പ്രതികരിക്കുന്നു. ഉൽപ്പാദനം നിർത്തുമ്പോഴാണ് തൊഴിലെന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം സമൂഹം തിരിച്ചറിയുന്നത്.

സർക്കാർ ഈ പരിഷ്കാരങ്ങൾ തൊഴിൽ സൃഷ്ടിക്കും, നിക്ഷേപം ആകർഷിക്കും എന്ന് വിശ്വസിക്കുന്നു. പക്ഷേ വികസനത്തിന്റെ ഗണിതത്തിൽ തൊഴിലാളിയുടെ സുരക്ഷയും മാന്യതയും കേന്ദ്രത്തിൽ ഇല്ലെങ്കിൽ അത് സാമൂഹിക സംഘർഷങ്ങളിലേക്ക് നയിക്കും. സാമ്പത്തിക വളർച്ചയും തൊഴിലാളി അവകാശങ്ങളും തമ്മിലുള്ള തുലനം നഷ്ടപ്പെടുമ്പോൾ ജനാധിപത്യം തന്നെ ദുർബലമാകും.

അതിനാൽ പണിമുടക്ക് ഒരു പ്രതിരോധമാത്രമല്ല; ഒരു മുന്നറിയിപ്പാണ്. നിയമപരമായ ഭാഷയിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയ ദിശയെക്കുറിച്ചുള്ള മുന്നറിയിപ്പ്. ഇന്ത്യയുടെ തൊഴിൽ ചരിത്രം പലപ്പോഴും തെരുവുകളിൽ എഴുതപ്പെട്ടതാണ്. പുതിയ കോഡുകൾ ആ ചരിത്രത്തെ വീണ്ടും ഉണർത്തുമോ എന്നത് അടുത്ത വർഷങ്ങൾ തീരുമാനിക്കും. എന്നാൽ ഒരു കാര്യം വ്യക്തമാണ്: തൊഴിലാളികളുടെ ശബ്ദം നിയമഗ്രന്ഥങ്ങളിൽ മങ്ങുമ്പോൾ, അത് ഫാക്ടറി ഗേറ്റുകൾക്കു മുന്നിൽ കൂടുതൽ ഉയർന്ന സ്വരത്തിൽ തിരിച്ചുവരും.

ലേബർ കോഡുകൾ തൊഴിലാളിയെ സംരക്ഷിക്കാൻ എഴുതപ്പെട്ട നിയമങ്ങളല്ല; തൊഴിൽ വിപണിയെ ശാന്തമാക്കാൻ, അനുസരണയുള്ളതാക്കാൻ, മുൻകൂട്ടി നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്ത രാഷ്ട്രീയ ഉപകരണങ്ങളാണ്. സുരക്ഷ കുറയുമ്പോൾ അതിനെ “ഫ്ലെക്സിബിലിറ്റി” എന്നു വിളിക്കുന്നു; യൂണിയൻ ശക്തി ചുരുങ്ങുമ്പോൾ അതിനെ “റീഫോം” എന്നു വിളിക്കുന്നു; പിരിച്ചുവിടൽ എളുപ്പമാകുമ്പോൾ അതിനെ “നിക്ഷേപ സൗഹൃദം” എന്നു വിളിക്കുന്നു. പക്ഷേ ജോലി നഷ്ടപ്പെടുന്ന കുടുംബത്തിന്റെ അടുക്കളയിൽ ഈ വാക്കുകൾക്ക് അർത്ഥമില്ല. അവിടെ ഉള്ളത് ശൂന്യമായ പാത്രവും അടച്ചിട്ട ഭാവിയും മാത്രം. നിയമം തൊഴിലുടമയ്ക്ക് വേഗം നൽകുകയും തൊഴിലാളിയോട് ക്ഷമ ആവശ്യപ്പെടുകയും ചെയ്യുന്ന ഈ അസമത്വം തന്നെയാണ് പണിമുടക്കിന്റെ ജന്മസ്ഥലം. തൊഴിലാളികൾക്ക് ശേഷിക്കുന്ന അവസാന ജനാധിപത്യ ഉപകരണം അവരുടെ വേല പിൻവലിക്കലാണ്. അത് ഉപയോഗിക്കാൻ അവർ തീരുമാനിക്കുന്ന നിമിഷം, രാജ്യത്തിന്റെ സാമ്പത്തിക യന്ത്രം ഒരു സത്യം കേൾക്കും — ലാഭം ഉൽപ്പാദിപ്പിക്കുന്നത് മൂലധനം മാത്രം അല്ല, മനുഷ്യരാണ്.

Latest Stories

ആഗോള അയ്യപ്പസംഗമം വന്‍ അഴിമതിയുടെ വേദിയെന്ന് രമേശ് ചെന്നിത്തല; ഉച്ചയോടെ അവസാനിച്ച സമ്മേളനത്തിന് ചെലവായത് 7 കോടി, വെട്ടിപ്പല്ലാതെ മറ്റെന്താണ് ഇത്

ഇന്നലത്തെ പ്രസംഗം കൊള്ളേണ്ടയിടത്ത് കൊണ്ടു!; രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി; തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്ന് പ്രമേയത്തിലെ പ്രധാന ആവശ്യം

രാഹുല്‍ ഗാന്ധിയുടെ വാക്കിന്റെ മൂര്‍ച്ചയില്‍ പുളഞ്ഞ് ഭരണപക്ഷം

പുതുയുഗ യാത്രക്കിടെ കുറ്റ്യാടി വേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി ഡി സതീശന്‍; 'കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണ്'

ആഗോള അയ്യപ്പസംഗമത്തിലെ വരവുചെലവ് കണക്കുകളില്‍ വ്യാപക പൊരുത്തക്കേട്; ദേവസ്വം ബോര്‍ഡിനോടും സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു മുന്‍കൂര്‍ ജാമ്യം; കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം

സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് പൂര്‍ണം; കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല, വലഞ്ഞു യാത്രക്കാര്‍; പകരം സംവിധാനവുമായി പൊലീസും സന്നദ്ധസംഘടനകളും

ഇന്ത്യക്ക് എന്റെ ബോളിംഗ് പ്രകടനത്തെ ഭയമാണ്, അതുകൊണ്ടാണ് അവർക്ക് ഇത്രയും സമ്മർദ്ദം: ഉസ്മാൻ താരിഖ്

ഇന്ത്യയുമായി ഇതിന് മുൻപും കളിച്ചിട്ടുണ്ട്, ഇത്രയും വലിയ അമിതാവേശത്തിന്റെ കാര്യമൊന്നുമില്ല: സഹിബ്‌സാദ ഫര്‍ഹാന്‍

ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; അഭിഷേകിനെ കൂടാതെ മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനും പരിക്ക്