ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമാണ് ഫുട്ബോൾ. ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും മത്സരങ്ങളുടെ സമ്മാനത്തുകയുടെ കാര്യത്തിലേക്ക് വരുമ്പോൾ ഇരുമത്സരങ്ങൾ തമ്മിൽ വളരെ വലിയ വ്യത്യാസമാണ് കാണാനാകുന്നത്. 2026 ടി20 ലോകകപ്പിലേയും 2026 ഫിഫ ലോകകപ്പിലെയും വിജയികള്‍ക്ക് ലഭിച്ച സമ്മാനത്തുകകൾ താരതമ്യം ചെയ്താൽ തന്നെ കാര്യങ്ങൾ എങ്ങനെയെന്ന് വ്യക്തമാകും.
ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് തുടക്കമാകുകയാണ്. 48 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ, 3 ആതിഥേയ രാജ്യങ്ങളും, 16 സ്റ്റേഡിയങ്ങളിൽ 39 ദിവസങ്ങളിലായി നടക്കുന്ന 104 മത്സരങ്ങളും ഈ ലോകകപ്പിനെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാക്കി മാറ്റുന്നുണ്ട്. 1998ന് ശേഷം 2026ൽ ആണ് ലോകകപ്പിലെ ടീമുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് തീരുമാനം ഉണ്ടാകുന്നത്.
ഈ വർഷത്തെ ലോകകപ്പിന്റെ സവിശേഷതകൾ കൊണ്ട് മാത്രമല്ല സമ്മാനത്തുകയുടെ കാര്യത്തിലും ഫിഫ ഇതിനോടകം തന്നെ റെക്കോർഡിട്ട് കഴിഞ്ഞു. വരുന്ന ഫിഫ ലോകകപ്പിലെ ആകെ സമ്മാനത്തുക മുൻ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഏകദേശം ₹5,469 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
2026 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കായി മൊത്തം 727 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഫിഫ കൗൺസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 655 മില്യൺ യുഎസ് ഡോളർ പങ്കെടുക്കുന്ന 48 ടീമുകൾക്കായി സമ്മാനത്തുകയായി മാത്രം വിതരണം ചെയ്യും. ഇത്തവണ ഫിഫ ലോകകപ്പ് നേടുന്ന ടീമിന് മാത്രം ലഭിക്കുക 50 മില്യൺ യുഎസ് ഡോളറാണ്.
രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ ഡോളറും ലഭിക്കും. ഇതുകൂടാതെ യോഗ്യത നേടുന്ന ഓരോ ടീമിനും ഒരുക്കങ്ങൾക്കായി 1.5 മില്യൺ ഡോളർ വീതം ഫിഫ നൽകും. അതായത്, ആദ്യ റൗണ്ടിൽ പുറത്താകുന്ന ടീമുകൾക്ക് പോലും ചുരുങ്ങിയത് 10.5 മില്യൺ ഡോളർ ഉറപ്പായും ലഭിക്കും.