തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടി ഇന്ത്യൻ റാണിമാർ. ഇന്നലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന ഫൈനലിൽ 52 റൺസിന് പരാജയപെടുത്തിയായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. ഇപ്പോഴിതാ കിരീടം നേടിയ ഇന്ത്യൻ വനിതാ ടീമിന് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.
വിരാട് കോഹ്ലി പറയുന്നത് ഇങ്ങനെ:
” നിങ്ങൾ ചരിത്രം സൃഷ്ടിച്ചു. ഇത്രയും വർഷങ്ങൾ നിങ്ങൾ എടുത്ത കഠിനാധ്വാനത്തിന്റെ ഫലത്തിൽ ഒരു ഭാരതീയൻ എന്ന് നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഈ ചരിത്രം നേടിയ ഹർമനും മറ്റു സഹതാരങ്ങൾക്കും അഭിനന്ദനങ്ങൾ. കൂടാതെ ഫുൾ സ്‌ക്വാഡിനും ടീം മാനേജ്മെന്റിനും അഭിനന്ദനങ്ങൾ. ഈ നിമിഷം നിങ്ങൾ ആഘോഷിക്കു. നമ്മുടെ രാജ്യത്ത് ഭാവിയിൽ പെൺകുട്ടികൾക്ക് ഈ സ്പോർട്ട് തിരഞ്ഞെടുക്കാൻ നിങ്ങൾ പ്രചോദനമായി. ജയ്‌ഹിന്ദ്” വിരാട് കോഹ്ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കം 101 റൺസായിരുന്നു ലോറയുടെ സംഭാവന. ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ഐസിസി ട്രോഫി കൂടിയാണ് ഈ ലോകകപ്പ്.