നിലവിലെ ഇന്ത്യൻ ടെസ്റ്റ് ടീം ഒട്ടും തൃപ്തികരമല്ലാത്ത പ്രകടനമാണ് നാളുകൾ ഏറെയായി കാഴ്ച വെക്കുന്നത്. അതിൽ പരിശീലകനായ ഗൗതം ഗംഭീറിന് നേരെയാണ് വിമർശനങ്ങൾ ഉയരുന്നത്. ഗംഭീറിന്റെ പദ്ധതികൾ കാരണമാണ് സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ, ചെത്വേശ്വർ പൂജാര എന്നിവർ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്.
ആദ്യ ടെസ്റ്റിന് പിന്നാലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നിരിക്കുകയാണ്. മൂന്നാം ദിനത്തിലെ കളി നിർത്തുമ്പോള്‍ 288 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ എട്ടോവര്‍ പന്തെറിഞ്ഞിട്ടും ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായിട്ടില്ല. 10 വിക്കറ്റും 314 റണ്‍സും ലീഡുള്ള ദക്ഷിണാഫ്രിക്ക ഈ ടെസ്റ്റില്‍ പിടിമുറുക്കിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയം മുന്നിൽ കണ്ടതോടെയാണ് ആരാധകർ ഗംഭീറിനെതിരെ രംഗത്തുവന്നത്. ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ഹാഷ് ടാഗ് ക്യാംപെയ്നും സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണ്.