ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ തകർത്ത് പ്ലെ ഓഫ് സാധ്യതകൾ നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. 4 വിക്കറ്റുകൾക്കാണ് ആർസിബിയെ ഗുജറാത്ത് തോല്പിച്ചത്. ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചു.
ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 18 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 43 റൺസ് നേടി. ജോസ് ബട്ട്ലർ 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടി. രാഹുൽ തിവാറ്റിയ 27 റൺസും നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 19 .2 ഓവറിൽ 155 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. 24 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ. മത്സരശേഷം ആർസിബി നായകൻ രജത് പാട്ടിദാർ സംസാരിച്ചു.
‘പിച്ചിൽ കുറച്ച് പുല്ലുകൾ ഉണ്ടായിരുന്നു, അത് ആദ്യം ബോൾ ചെയ്ത അവരുടെ പേസ് ബോളേഴ്സിന് കാര്യങ്ങൾ എളുപ്പമാക്കി. കൂടാതെ ശുഭ്മൻ ഗിൽ പവർപ്ലെയിൽ നന്നായി ബാറ്റ് ചെയ്തു. അതാണ് ഞങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കിയത്’ രജത് പറഞ്ഞു.