ഇപ്പോൾ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് മറൂഫ അക്തർ. പാകിസ്താനെ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിലെ പ്ലേയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തത് മറൂഫയെ ആയിരുന്നു. പാക്കിസ്താനെതിരായ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഏഴോവറുകൾ എറിഞ്ഞ മറൂഫ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിന് മറ്റൊരു വശമുണ്ടായിരുന്നുവെന്നും അത് അത്യധികം ദുരിതകരമായിരുന്നുവെന്നും വിങ്ങിക്കരഞ്ഞുകൊണ്ട് മറൂഫ പറഞ്ഞിരിക്കുകയാണ്.
മറൂഫ അക്തർ പറയുന്നത് ഇങ്ങനെ:
” എന്റെ കുടുംബത്തിന് നല്ല വസ്ത്രങ്ങൾ ഇല്ലെന്നു പറഞ്ഞ് ആരും വിവാഹങ്ങൾ പോലുള്ള ചടങ്ങുകൾക്കും ഒത്തുചേരലുകൾക്കും ക്ഷണിക്കാറില്ലായിരുന്നു. ഞങ്ങൾ അവിടെ പോയാൽ അവർക്ക് നാണക്കേടാണ് എന്നും അവരുടെ ഉള്ള വില കൂടി പോകുമെന്നുമൊക്കെ ആളുകൾ പറയും. ഈദിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോലും ഞങ്ങൾക്ക് കഴിയാത്ത ഒരു കാലമുണ്ടായിരുന്നു”
” എന്റെ അച്ഛൻ ഒരു കർഷകനാണ്. ഞങ്ങളുടെ കൈവശം അധികം പണമില്ലായിരുന്നു, ഞാൻ വളർന്ന ഗ്രാമത്തിലെ ആളുകൾ പോലും വലിയ പിന്തുണ നൽകിയിരുന്നില്ല. സത്യത്തിൽ അന്ന് ഞങ്ങളെ കളിയാക്കിയ ആളുകളേക്കാൾ മികച്ച രീതിയിൽ ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നുണ്ട്. എന്റെ കുടുംബത്തെ ഞാൻ പിന്തുണയ്ക്കുന്നതുപോലെ ഒരുപക്ഷേ പല ആൺകുട്ടികൾക്കും ചെയ്യാൻ കഴിയില്ല. അത് എനിക്ക് ഒരു പ്രത്യേകതരം സമാധാനം നൽകുന്നു. കുട്ടിക്കാലത്ത് ആളുകൾ എപ്പോഴാണ് ഞങ്ങളെ ആരാധനയോടെയും കൈയടിയോടെയും നോക്കുക, അഭിനന്ദിക്കുക എന്നെല്ലാം ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോൾ, ടിവിയിൽ എന്നെത്തന്നെ കാണുമ്പോൾ എനിക്ക് നാണം വരും”, മറുഫ കൂട്ടിച്ചേർത്തു.