ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. നായകനായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശിവം ദുബൈ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കീവിസ് 208 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 15.2 പന്തിൽ ഇന്ത്യ സ്കോർ മറികടന്നു.
മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാൻ കിഷനാണ്. 32 പന്തിൽ 11 ഫോറും 4 സിക്‌സും അടക്കം 76 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് രാജകീയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 37 പന്തിൽ 4 സിക്‌സും 9 ഫോറും അടക്കം 82* റൺസാണ് താരം നേടിയത്.
സൂര്യയ്ക്ക് കൂട്ടായി 18 പന്തുകളിൽ ഒരു ഫോറും 3 സിക്‌സും അടക്കം 36* റൺസുമായി ശിവം ദുബൈയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. മത്സരത്തിൽ മോശമായ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ നടത്തിയത്. ആദ്യ ടി-20 യിൽ 10 റൺസും രണ്ടാം ടി-20 യിൽ 6 റൺസുമാണ് താരം നേടിയത്. ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ താരം വി രാമൻ.
” കുറേ കാലത്തിന് ശേഷം ഓപ്പണിങ് പൊസിഷനിലേക്ക് തിരികെയെത്തിയ സഞ്ജു സാംസണിൽ ക്രിക്കറ്റ് ആരാധകർക്ക് വാനോളം പ്രതീക്ഷകളായിരുന്നു. എന്നാൽ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. പന്തിന്റെ വേഗതക്ക് അനുസരിച്ച് ബാറ്റിന്റെ സ്പീഡ് സഞ്ജു ക്രമീകരിച്ചില്ലെങ്കിൽ സഞ്ജു ഒരിക്കലും സ്ഥിരതയുള്ള ബാറ്റാറാകില്ല. പന്തിന്റെ സ്പീഡ് അനുസരിച്ച് ബാറ്റിന്റെ സ്പീഡ് അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ സഞ്ജു ഒരു സ്ഥിരതയില്ലാത്ത ബാറ്ററായി ഒരുപാട് നാൾ തുടരും. സിമ്പിളായി പറഞ്ഞാൽ നമുക്ക് ഒരിക്കലും വണ്ടി ഒരേ സ്പീഡിൽ ഓടിക്കാൻ സാധിക്കില്ല” വി രാമൻ പറഞ്ഞു.