ഐ.പി.എൽ 2026 സീസൺ ഒരു മുംബൈ ആരാധകനും ഓർക്കാൻ ആഗ്രഹിക്കാത്ത സീസണുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനം ജസ്പ്രീത് ബുംറയുടെ ഫോം ഔട്ടും കൂടിയാണ്. സീസണിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ബുംറ കളിച്ചിരുന്നില്ല. വെറും 4 വിക്കറ്റുകൾ മാത്രം വീഴ്ത്തിയ ബുംറയുടെ ഈ സീസണിലെ പ്രകടനം ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.
ബുംറയുടെ ഈ സീസണിലെ ബോളിംഗ് ശരാശരി 102.5 ആണ്. ഐ.പി.എൽ ചരിത്രത്തിൽ ഒരു മുഴുവൻ സീസൺ കളിച്ചിട്ടും ഇത്രയും മോശം ബോളിംഗ് ശരാശരി ഉള്ള ഏക ബൗളറാണ് ബുംറ. 2014-ൽ പ്രഗ്യാൻ ഓജയുടെ പേരിലുണ്ടായിരുന്ന 95 എന്ന മോശം ശരാശരിയാണ് ബുംറ തിരുത്തിക്കുറിച്ചത്. 2015-ന് ശേഷമുള്ള ബുംറയുടെ ഏറ്റവും മോശം സീസണാണിത്. മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ പ്രകടനത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ രൂക്ഷമായി പ്രതികരിച്ചു.
“മുംബൈ ഇന്ത്യൻസിന്റെ ഈ വർഷത്തെ ടീം ഘടന വളരെ വിചിത്രമായിരുന്നു. മികച്ച താരങ്ങൾ ഉണ്ടായിരുന്നിട്ടും അവർക്ക് ഒരു താളം കണ്ടെത്താനായില്ല. ടീമിലെ പല സീനിയർ താരങ്ങളും അവരുടെ മികച്ച ഫോമിലല്ല. ബുംറയുടെ ഈ പ്രകടനം തന്നെ ഉദാഹരണം. ഒരു ഐ.പി.എൽ സീസണിൽ 100-ന് മുകളിൽ ശരാശരിയുള്ള ഒരു ബൗളറെ ഞാൻ ആദ്യമായാണ് കാണുന്നത്. 2027-ലും മുംബൈ ഇതേപോലെ പതറിയാൽ എനിക്ക് അത്ഭുതമില്ല” അശ്വിൻ പറഞ്ഞു.