വനിതാ ഏകദിന ലോകകപ്പ് നേടിയതിനു പിന്നാലെ വീണ്ടും രാജ്യത്തിനെ ഉന്നതങ്ങളിൽ എത്തിച്ച് ഇന്ത്യൻ പെൺപുലികൾ. കാഴ്ചപരിമിതിയുള്ളവരുടെ വനിതാ ടി 20 ലോകകപ്പ് ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
കൊളംബോയിലെ പി സാറ ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത നേപ്പാൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് നേടി കിരീടം സ്വന്തമാക്കുകയായിരുന്നു. 44 റൺസുമായി പുറത്താകാതെ നിന്ന ഫൂല സാരനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
സെമിഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറ്റൊരു സെമിയിൽ പാകിസ്താനെ തകർത്ത് നേപ്പാളും ഫൈനലിലെത്തി. ഈ വർഷം ഇന്ത്യ നേടുന്ന മൂന്നാമത്തെ ഐസിസി കിരീടമാണ്.