ഇന്ത്യൻ ക്രിക്കറ്റിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്. ഇന്ത്യൻ താരം യുവരാജ് സിംഗിന്റെ പിതാവ് കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ഇതിഹാസ ക്യാപ്റ്റന്മാരായ കപിൽ ദേവിനോടും എംഎസ് ധോണിയോടും പരസ്യമായി ക്ഷമ ചോദിച്ച് മുൻതാരം യുവരാജ് സിംഗ്.
യോഗ്‌രാജ് സിങ് ധോണിക്കും കപിൽ ദേവിനുമെതിരെ വർഷങ്ങളായി വിവാദ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തിവരുന്നുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയെ ഏകദിന ലോക കിരീടത്തിലേക്ക് നയിച്ച രണ്ട് ക്യാപ്റ്റന്മാരോടും യുവരാജ് ക്ഷമ ചോദിച്ചത്.
ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ് തന്റെ പിതാവിന്റെ പരാമർശങ്ങൾ ശരിയല്ലെന്ന് തുറന്നുപറഞ്ഞ യുവരാജ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തത്. ‘എനിക്ക് കപിൽ ദേവിനോടും എംഎസ് ധോണിയോടും മാപ്പ് ചോദിക്കണം. അച്ഛൻ പറയുന്നത് ശരിയല്ലെന്ന് ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്’, യുവരാജ് വ്യക്തമാക്കി.