ഐപിഎലിൽ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഗുജറാത്തിനു വിജയിക്കാൻ സാധിച്ചത്. ബാറ്റിംഗിൽ നായകൻ ശുഭ്മൻ ഗിൽ 104 റൺസ് നേടി. കൂടാതെ സായി സുദർശൻ 58 റൺസും, രാഹുൽ തിവാറ്റിയ 17* റൺസും വാഷിംഗ്‌ടൺ സുന്ദർ 16 റൺസും നേടി വിജയ സ്കോർ മറികടന്നു.
രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ സെഞ്ച്വറിയുമായി ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഐപിഎല്ലിലെ ഈ തകർപ്പൻ പ്രകടനത്തോടെ ഗിൽ ഇന്ത്യൻ ടി20 ടീമിലേക്ക് വെറുമൊരു കളിക്കാരനായിട്ടല്ല, മറിച്ച് നായകനായിട്ടായിരിക്കും തിരിച്ചെത്തുകയെന്ന് റായുഡു പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും ഗിൽ ഒരുപാട് മെച്ചപ്പെട്ടു. ഗില്‍ ഇപ്പോൾ ഒരു കംപ്ലീറ്റ് ക്രിക്കറ്ററായി മാറിയിരിക്കുന്നുവെന്നും റായുഡു പറഞ്ഞു.