മലയാളി ജീവനക്കാരന് തുച്ഛ ശമ്പളം, കൂടുതല്‍ പണി; മലയാളിയുടെ റസ്റ്റോറന്റിന് ഒരു കോടി പിഴയിട്ട് ഓസ്‌ട്രേലിയന്‍ കോടതി

കുറഞ്ഞ ശമ്പളത്തിന് കൂടുതല്‍ നേരം ജീവനക്കാരെ പണിയെടുപ്പിച്ച മലയാളികളുടെ റെസ്റ്റോറന്റിന് ഓസ്‌ട്രേലിയയില്‍ ഒരു കോടി രൂപയോളം പിഴയിട്ടു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഇലവാരയിലുള്ള ആദിത്യ കേരള റെസ്റ്റോറന്റ് ഉടമയ്ക്ക് രണ്ട് ലക്ഷം ഡോളര്‍ പിഴയാണ് വിധിച്ചത്. ഏകദേശം ഒരു കോടി രൂപയോളം പിഴയൊടുക്കാന്‍ ആദിത്യ കേരള റെസ്‌റ്റോറന്റ് ഉടമ വൈശാഖ് മോഹനന്‍ ഉഷയോട് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതി ഉത്തരവിടുകയായിരുന്നു.

കുറഞ്ഞ ശമ്പളത്തിന് ഒരു മലയാളി ജീവനക്കാരനേയും ഒരു പാകിസ്താന്‍ പൗരനേയുമാണ് റസ്റ്റോറന്റില്‍ പണിയെടുപ്പിച്ചിരുന്നത്. തൊഴില്‍ വിസയിലെത്തിയ മലയാളിയായ മിഥുന്‍ ഭാസി, പാകിസ്ഥാന്‍ പൗരനായ സയീദ് ഹൈദര്‍ എന്നിവരെ രണ്ടു വര്‍ഷത്തോളം ചൂഷണം ചെയ്തു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. അധികനേരം പണിയെടുപ്പിച്ച ഇവര്‍ക്ക് മിനിമം വേതനം നല്‍കുകകയും ചെയ്തില്ല.

കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യിച്ചു, മിനിമം വേതനം നല്‍കിയില്ല, നല്‍കിയ ശമ്പളം പോലും നിര്‍ബന്ധപൂര്‍വം തിരികെ വാങ്ങി തുടങ്ങിയ കുറ്റങ്ങള്‍ കേരള റെസ്റ്റോറന്റിനെതിരെ കണ്ടെത്തിയ ഫെഡറല്‍ കോടതി ഇരുവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

ശമ്പള, സൂപ്പറാന്വേഷന്‍ കുടിശിക ഇനത്തില്‍ മിഥുന്‍ ഭാസിക്ക് 93,000 ഡോളറും സയീദ് ഹൈദര്‍ക്ക് ഒരു ലക്ഷം ഡോളറും നല്‍കാനാണ് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരത്തുക തവണകളായി നല്‍കിത്തീര്‍ക്കാം എന്ന് ആദിത്യ കേരള റെസ്‌റ്റോറന്റ് ഉടമകള്‍ കോടതിയെ അറിയിച്ചുവെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. ഓഗസ്റ്റ് 21ന് മുമ്പു തന്നെ നഷ്ടപരിഹാര തുക നല്‍കണമെന്നും ഓസ്‌ട്രേലിയന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തൊഴില്‍ വിസയിലെത്തിയ രണ്ടു ജീവനക്കാരും 2016 മുതല്‍ 2018 റെസ്റ്റോറന്റുകളില്‍ ചൂഷണം നേരിട്ടു എന്ന പരാതിയുമായാണ് രംഗത്തെത്തിയത്. ദിവസം 12 മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണമായിരുന്നുവെന്നും, എന്നാല്‍ ആകെ 38 മണിക്കൂറിന്റെ ശമ്പളം മാത്രമാണ് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. വിസ സ്പോണ്‍സര്‍ഷിപ്പിന്റെ പേരിലും, നികുതി അടയ്ക്കണം എന്ന പേരിലുമെല്ലാം റെസ്റ്റോറന്റ് ഉടമകള്‍ പണം തിരികെ വാങ്ങിയതായും ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇരുവരുടെയും പരാതിയെത്തുടര്‍ന്ന റെസ്റ്റോറന്റിന്റെ സ്വത്തുക്കള്‍ നേരത്തേ ഫെഡറല്‍ കോടതി മരവിപ്പിച്ചിരുന്നു.

Latest Stories

രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ടർബോ ജോസും കൂട്ടരും; ട്രെയ്‌ലർ അപ്ഡേറ്റ്

'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

ആ കാരണം കൊണ്ടാണ് ബോളിവുഡിൽ സജീവമാവാതിരുന്നത്: ജ്യോതിക

സ്വന്തം സഭയും ആതുര സേവനവും സാമ്പത്തിക തട്ടിപ്പും- യോഹന്നാന്റെ വിവാദ ജീവിതം; കുടിലില്‍ നിന്ന് കെട്ടാരമെത്തിയ അത്ഭുത കഥയിലെ 'മെത്രോപ്പൊലീത്ത'

58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് മരണം

സെൽഫി അല്ലെ ചോദിച്ചുള്ളൂ അതിന് ഇങ്ങനെ..., ആരാധകനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ് സൂപ്പർതാരം; വീഡിയോ വൈറൽ

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍; ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കി കെജിഎംഒ

അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ