അഫ്‍ഗാനിൽ സമ്പൂർണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ശരിയ നിയമ പ്രകാരം ഇൻറർനെറ്റ് അധാർമികവും തിന്മയും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ സർക്കാരിൻറെ നടപടി. തിങ്കളാഴ്ച അഫ്ഗാൻ സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. പല പ്രവിശ്യകളിലും ഫൈബർ ഒപ്ടിക് കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നടപടിയെ തുടർന്ന് ജനങ്ങൾ വൻ ദുരിതത്തിലാണ്. കാബൂളിൽ വിമാന സർവീസുകൾ താറുമാറായി. മൊബൈൽ സർവീസുകൾ സ്തംഭിച്ചു. ബാങ്കിംഗ് സമയം ആരംഭിക്കുന്നതോടെ ഇന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്. അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവർത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് ഇൻറർനെറ്റ് സേവനം താലിബാൻ അവസാനിപ്പിച്ചിരുന്നു. പകരം ആശയ വിനിമയ സംവിധാനം ഏത് രീതിയിലായിരിക്കുമെന്നോ നിരോധനം എത്രനാൾ തുടരുമെന്നോ താലിബാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യം തന്നെ ഇന്റർനെറ്റിന്റെ വേഗത കുറച്ച് താലിബാൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണമായ നിരോധനം വരുന്നത്.