ഗാസയിലേക്കുള്ള സഹായങ്ങളുമായി സമാധാന പ്രവർത്തകർ യാത്ര ചെയ്ത ഫ്‌ളോട്ടിലയിലെ കൂടുതൽ ബോട്ടുകൾ പിടിച്ചെടുത്ത് ഇസ്രയേൽ. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവർ യാത്ര ചെയ്ത അൽമ, സൈറസ്, സ്‌പെക്ട്ര, ഹോഗ, അധറ, ഡയർ യാസിൻ അടക്കം എട്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്. ഗ്രെറ്റ തുൻബർഗ് അടക്കമുള്ള പ്രവർത്തകരെ ഇസ്രയേൽ സൈന്യം കസ്റ്റഡിയിൽ എടുത്തു.
ഫ്‌ളോട്ടിലയിലെ രണ്ട് ബോട്ടുകൾ ഗാസ അതിർത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഗ്രെറ്റയ്ക്ക് പുറമേ നെൽസൻ മണ്ടേലയുടെ പേരക്കുട്ടി മണ്ട്‌ല മണ്ടേല, മുൻ ബാർസലോണ മേയർ അഡ കോളോ, ചരിത്രകാരൻ ക്ലിയോനികി അലക്‌സോപൗലോ, മനുഷ്യാവകാശ പ്രവർത്തകൻ യാസ്മിൻ അസർ, പരിസ്ഥിതി പ്രവർത്തകൻ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസർ, ശാസ്ത്രജ്ഞൻ കാരൻ മൊയ്‌നിഹാൻ തുടങ്ങി അഞ്ഞൂറോളം വരുന്ന പ്രവർത്തകരാണ് 45 ബോട്ടുകളിലായി യാത്ര ചെയ്യുന്നത്.
ഗാസയിൽ നിന്ന് 130 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചായിരുന്നു സംഭവം. അൽമ, സൈറസ് അടക്കമുള്ള ബോട്ടുകൾ നിയമവിരുദ്ധമായി തടഞ്ഞു. ഇതിന് ശേഷം ലൈവ് സ്ട്രീം അടക്കം ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടു. ഗ്രെറ്റ അടക്കമുള്ളവരെ ഇസ്രയേൽ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവർത്തകർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബോട്ടിൽ ഇരിക്കുന്ന ഗ്രെറ്റയുടെ ഒരു വീഡിയോ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഗ്രെറ്റയ്ക്ക് മറ്റൊരു പ്രവർത്തകൻ വെള്ളവും റെയിൻ കോട്ടും നൽകുന്നത് കാണാം. സെപ്റ്റംബർ ഒന്നിനായിരുന്നു ഗാസയ്ക്ക് സഹായവുമായി ഗ്രെറ്റയും സംഘവും ബാഴ്സലോണയിൽ നിന്ന് യാത്ര ആരംഭിച്ചത്.
ഇസ്രയേൽ അധിനിവേശം തുടരുന്ന ഗാസയിൽ ഭക്ഷണം, വെള്ളം, മരുന്ന് അടക്കം അവശ്യവസ്തുക്കൾ എത്തിക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ രണ്ട് തവണ ബോട്ടുകൾക്ക് നേരെ ആക്രമണം നടന്നുവെന്ന് വ്യക്തമാക്കി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.