ഗൾഫ് മേഖലയിൽ സംഘർഷം ശക്തമാക്കി, കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം. യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായാണ് ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾക്കു നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് (ഐആർജിസി) ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമണം നടത്തിയത്. യുഎസ് ആക്രമണം തുടർന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ‘പൂർണമായി നിർത്തിവയ്ക്കുമെന്നും’ ഇറാൻ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഹോർമുസ് കടലിടുക്കിൽ ഒമാന് സമീപത്തു കൂടെ പുതിയ കപ്പൽപ്പാത വികസിപ്പിക്കുമെന്ന് യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള ബഹുരാഷ്ട്ര സമുദ്ര സംഘടന ശനിയാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്.
കുവൈത്തിലെ അലി അൽ സാലം വ്യോമസേനാ താവളത്തിനും മനാമയിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. അഞ്ച് ഇറാനിയൻ തീരദേശ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഐആർജിസി വ്യക്തമാക്കി. അതേസമയം, വ്യോമാതിർത്തിയിലെ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു.
സമാധാനക്കരാർ ധാരണകൾ കാറ്റിൽപറത്തി യുഎസും ഇറാനും തമ്മിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെ പശ്ചിമേഷ്യ വീണ്ടും പുകയുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഇറാനിൽ സൈനികാക്രമണം നടത്തിയതായി യുഎസ് അറിയിച്ചതിന് പിന്നാലെ ഇറാനും വാക്പോരും ഭീഷണിയുമായി രംഗത്തെത്തി. വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ‘നരക’മാക്കി മാറ്റുമെന്ന് ഇറാൻ ആക്രോശിച്ചു. ഹോർമൂസ് കടലിടുക്കിൽ ടാങ്കർ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാന് മേൽ യുഎസിന്റെ പ്രത്യാക്രമണം. സമാധാന കരാർ ലംഘിച്ച് ഇറാൻ ഹോർമൂസിൽ കപ്പലിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാവുകയാണ്.
തങ്ങളുടെ ‘ജോലി തീർക്കാൻ’ യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ഡൊണൾഡ് ട്രംപ് ഭീഷണി മുഴക്കിയതോടെയാണ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ നരകമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ഇടക്കാല സമാധാനക്കരാറുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷത്തിനാണ് പശ്ചിമേഷ്യ സാക്ഷ്യംവഹിക്കുന്നത്. ഇറാനിലെ പത്ത് സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്നാണ് അമേരിക്ക അറിയിച്ചത്. ഹോർമൂസ് കടലിടുക്കിലൂടെ നീങ്ങിയ പനാമ പതാകയേന്തിയ എംടി കികു എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയാണിതെന്നാണ് അമേരിക്കയുടെ പക്ഷം. ഖത്തറിൽനിന്ന് പുറപ്പെട്ട കപ്പൽ യുഎഇ തുറമുഖം ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കുകളോ ഓയിൽ ചോർച്ചയോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഹോർമൂസിലെ ടാങ്കറിന് നേർക്കുള്ള ഇറാന്റെ ആക്രമണമവും യുഎസിന്റെ പ്രത്യാക്രമണവും ഇറാനും യുഎസും വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരാഴ്ച മാത്രം ആയുസുള്ള വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ വീണ്ടും യുദ്ധം തുടങ്ങുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നൽകുന്ന സൂചന. എന്നാൽ ഇതിനു യുഎസ് കോൺഗ്രസിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. അല്ലാതെ ട്രംപ് നടത്തുന്ന ആക്രമണങ്ങൾ നിയമവിരുദ്ധമാണെന്നാണ് പല യുഎസ് സെനറ്റർമാരും ചൂണ്ടിക്കാട്ടുന്നത്.
ഇറാനാകട്ടെ മറുവശത്ത് പോരാട്ടത്തിനും തിരിച്ചടിക്കും കോപ്പുകൂട്ടുകയാണ്. ഇരുകൂട്ടരും പരസ്പരം ആക്രമണം തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ രണ്ടാമത്തെ എണ്ണക്കപ്പലിനു നേരെയും ഡ്രോൺ ആക്രമണം ഉണ്ടായെന്ന് ആരോപിച്ചാണ് ഇറാനിലെ വിവിധ ഇടങ്ങളിൽ ഇന്നലെ യുഎസ് സേനയുടെ ആക്രമണം. ഇതിനു മറുപടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാനും. വെടിനിർത്തൽ ലംഘനം തുടർന്നാൽ ഇറാനെതിരെ കൂടുതൽ ആക്രമണം സംഘടിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും പറഞ്ഞു. അങ്ങനെയുണ്ടായാൽ യുഎസ് കേന്ദ്രങ്ങളിൽ ‘നരകം വിതയ്ക്കും’ എന്നാണ് ഇറാന്റെ മറുപടി. ഹോർമുസിൽ ആക്രമണം തുടരുന്ന ഇറാൻ ഒരിക്കലും പഠിക്കില്ലെന്നും യുക്തിസഹമായി പെരുമാറുന്നതിന് ഒരു പരിധിയുണ്ടെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങാൻ അമേരിക്ക നിർബന്ധിതരായാൽ ഇറാൻ എന്ന രാജ്യംതന്നെ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും ട്രംപ് നൽകിയതോടെ പശ്ചിമേഷ്യ വീണ്ടും പ്രതിസന്ധിയിലായി.