വരാൻ പോകുന്ന അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ അത്തരമൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന ട്രംപിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.
ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പും ഇറാന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. എന്നാല്‍ ട്രംപ് അവകാശപ്പെട്ടത് പോലെ ഇരു രാജ്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തെ മുന്‍നിര്‍ത്തി മെഹ്ര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ട്രംപ് ആക്രമണത്തില്‍ നിന്നും പിന്മാറിയതാണെന്നാണ് ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം തെഹ്‌റാനിലേക്കുള്ള അടുത്ത ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.