ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിൻ്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ വാദം.
‘ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു ഇന്ത്യൻ കപ്പലുകളെ ആക്രമിക്കുകയും മൂന്നു നിരപരാധികളായ ഇന്ത്യൻ നാവികരെ വധിക്കുകയും ചെയ്ത അമേരിക്കയുടെ ക്രൂരതയിൽനിന്ന് പൊതുജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. ഇത് തികച്ചും പരിതാപകരമാണ്’ എന്ന് ഇന്ത്യയിലെ ഇറാൻ എംബസി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.