കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയെന്ന് എംഎ ബേബി പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിലായിരുന്നു എം എ ബേബിയുടെ പരിഹാസം.
കെൽപ്പോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും എം എ ബേബി വിമർശിച്ചു. കേരളം സമാധാനത്തിന്റെ നാടാണ്. ത്രിതല തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം എന്തുകൊണ്ടെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്‌ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റിയെന്നും എം എ ബേബി വിമർശനം ഉന്നയിച്ചു.
അതേസമയം മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിൽ ഇന്നലെ എം എ ബേബി വിമർശനം ഉന്നയിച്ചിരുന്നു. ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് പറഞ്ഞ എം എ ബേബി പാർട്ടി അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ഐഷ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും എം എ ബേബി പറഞ്ഞു.